മലയോരത്ത് മഴ കനക്കുന്നു; കോഴിക്കോട് മുത്തപ്പൻപുഴ  വനത്തിൽ ഉരുള്‍പൊട്ടൽ,  ഇടമലയാര്‍ ഡാം തുറക്കും

By Web TeamFirst Published Sep 6, 2022, 9:38 PM IST
Highlights

കനത്ത മഴയിൽ മൂന്നാർ വട്ടവട കോവില്ലൂരിൽ സംരക്ഷണഭിത്തി ഇടിഞ്ഞ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഏക്കറുക്കണക്കിന് കൃഷി നാശവും ഉണ്ടായി.

കോഴിക്കോട്: സംസ്ഥാനത്ത് മലയോര മേഖലയില്‍ മഴ തുടരുന്നു. കോഴിക്കോട് തിരുവമ്പാടിയിലെ മുത്തപ്പൻപുഴ  വനത്തിനുള്ളിൽ ഉരുള്‍പൊട്ടി. തുടര്‍ന്ന് ഇരുവഞ്ഞിപ്പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം നല്‍കി. ഇടമലയാർ ഡാം തുറക്കാൻ അനുമതി നൽകി. എറണാകുളം ജില്ലയിൽ ശക്തമായ മഴ തുടരുകയും റെഡ് അലേർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇടമലയാർ ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ  ജില്ലാ കളക്ടർ ഡോ. രേണു രാജ് അനുമതി നൽകി. ഡാമിന്റെ രണ്ട് ഷട്ടറുകൾ 50 മുതൽ 125 സെന്റിമീറ്റർ വരെ തുറക്കാൻ ആണ് അനുമതി നൽകിയിരിക്കുന്നത്.

75 മുതൽ 175 ക്യൂമെക്സ് വരെ ജലമാണ് ഇതു വഴി പുറത്തേക്കൊഴുക്കുന്നത്. ഡാം തുറക്കുന്ന സാഹചര്യത്തിൽ നദിയുടെ ഇരികരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു. ഈ സാഹചര്യത്തിൽ പുഴയിലിറങ്ങുന്നതിനും മീൻ പിടിക്കുന്നതിനും വിനോദ സഞ്ചാരം നടത്തുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.  കനത്ത മഴയിൽ മൂന്നാർ വട്ടവട കോവില്ലൂരിൽ സംരക്ഷണഭിത്തി ഇടിഞ്ഞ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഏക്കറുക്കണക്കിന് കൃഷി നാശവും ഉണ്ടായി. പഴത്തോട്ടം–കോവിലൂർ, വട്ടവട–കോവിലൂർ, ചിലന്തിയാർ റോഡുകളിൽ ഗതാഗതം തടസപ്പെട്ടു.പലയിടത്തും വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഇടുക്കി ജില്ലയുടെ മലയോര മേഖലയിലേക്ക് രാത്രി യാത്ര നിരോധിച്ചു. 

സംസ്ഥാനത്ത് അതി തീവ്രമഴ മുന്നറിയിപ്പായ റെഡ് അലർട്ട് 4 ജില്ലകളിൽ തുടരുകയാണ്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ‍് അലർട്ടുള്ളത്. ഒപ്പം എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടുമുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറ‍ഞ്ച് അലർട്ടുള്ളത്. 

ഇന്ന് റെഡ് അലർട്ട് തുടരുന്നു; ഉത്രാടപാച്ചിൽ മുങ്ങുമോ, നാളെ 12 ജില്ലയിൽ തീവ്രമഴ ജാഗ്രത, 2 ജില്ലയ്ക്ക് ആശ്വാസം

click me!