ജയിക്കും മുന്നേ എംഎൽഎ ഓഫീസ് തുറന്ന ആളല്ലേ, മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞും നടന്നില്ലേ; 'അതിവേഗ പാത' ഓഫീസ് തുറന്നതിൽ ശ്രീധരന് മുഖ്യമന്ത്രിയുടെ പരിഹാസം

Published : Feb 03, 2026, 07:46 PM IST
pinarayi  e sreedharan

Synopsis

അതിവേഗ റെയിൽ പാതക്കായി സ്വന്തം നിലയിൽ ഓഫീസ് തുറന്ന ഇ ശ്രീധരനെ മുഖ്യമന്ത്രി പരിഹസിച്ചു. മുൻപ് ജയിക്കും മുന്നേ എംഎൽഎ ഓഫീസ് തുറന്നയാളാണ് ശ്രീധരനെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിണറായിയുടെ പരിഹാസം

തൃശൂർ: അതിവേഗ റെയിൽ പാത വിഷയത്തിൽ മെട്രോ മാൻ ഇ ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അതിവേഗ റെയിൽ പദ്ധതികൾക്കായി ശ്രീധരൻ ഇപ്പോൾ ഓഫീസ് തുറന്നതിനെയടക്കം മുഖ്യമന്ത്രി പരിഹസിച്ചു. മുൻപ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ വിജയിക്കുന്നതിന് മുൻപേ എം എൽ എ ഓഫീസ് തുറന്ന ആളാണ് ശ്രീധരനെന്നും, താൻ മുഖ്യമന്ത്രിയാകുമെന്ന് വരെ അദ്ദേഹം അന്ന് സ്വയം പ്രഖ്യാപിച്ചിരുന്നുവെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. കെ റെയിൽ പദ്ധതിയുടെ അംഗീകാരത്തിനായി സംസ്ഥാനം ഒരുപാട് പരിശ്രമിച്ചിരുന്നു. കെ റെയിൽ അല്ലെങ്കിലും കുഴപ്പമില്ല, ഏതു രീതിയിലായാലും ജനങ്ങൾക്ക് വേഗത്തിൽ യാത്ര ചെയ്യാൻ കഴിയുന്ന ഒരു സംവിധാനം അല്ലെങ്കിൽ അതിവേഗ ട്രെയിൻ വേണമെന്നതാണ് സർക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിനോട് എന്തിന് ശത്രുത

റെയിൽവേ വികസനത്തിൽ കേരളത്തോടുള്ള കേന്ദ്രത്തിന്റെ നിലപാട് ശത്രുതാപരമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളത്തിലെ ജനങ്ങൾ പഴയ വേഗതയിൽ തന്നെ യാത്ര ചെയ്താൽ മതി എന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. രാജ്യത്ത് അഞ്ച് അതിവേഗ റെയിലുകൾ പ്രഖ്യാപിച്ചപ്പോഴും കേരളത്തെ പൂർണ്ണമായും ഒഴിവാക്കി. കെ വി തോമസ് ഉൾപ്പെടെയുള്ളവർ റെയിൽവേ മന്ത്രിയെ കണ്ട് ചർച്ച നടത്തിയിട്ടും മറുപടി ലഭിച്ചില്ലെന്നും, കേരളം എന്ത് തെറ്റാണ് ചെയ്തതെന്നും മുഖ്യമന്ത്രി ചോദിച്ചു. അതിവേഗ പാതക്കായി ഇ ശ്രീധരൻ സമർപ്പിച്ച രൂപരേഖ താൻ നേരിട്ട് റെയിൽവേ മന്ത്രിക്ക് നൽകിയിട്ടും അനുകൂല നടപടിയുണ്ടായില്ല. ബി ജെ പിയെ പിന്തുണയ്ക്കാത്തതിന്റെ പക കേരളത്തിലെ ജനങ്ങളോട് തീർക്കുകയാണ് കേന്ദ്രമെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേരളത്തിന് അർഹമായത് നൽകാതെ ശ്വാസം മുട്ടിക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എയിംസ് കിട്ടാത്തതിലും വിമർശനം

കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണ്ണമായും അവഗണിച്ച കേന്ദ്ര സർക്കാർ നിലപാടിനെതിരെ ഇന്നും മുഖ്യമന്ത്രി രൂക്ഷ വിമർശനം നടത്തി. കേന്ദ്രത്തിന്‍റെ ആ അവഗണന അങ്ങേയറ്റം നിർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദീർഘകാലമായി സംസ്ഥാനം ഉന്നയിക്കുന്ന എയിംസ് (AIIMS) ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഇത്തവണയും പരിഗണിച്ചില്ല. ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സർവേയിൽ കേരളത്തിന്റെ നേട്ടങ്ങളെ പ്രശംസിച്ച കേന്ദ്രം, ബജറ്റ് വന്നപ്പോൾ കേരളം എന്ന പേര് പോലും പരാമർശിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പല സംസ്ഥാനങ്ങൾക്കും ഒന്നിലധികം എയിംസ് അനുവദിക്കുമ്പോഴും കേരളത്തോടുള്ള ഈ വിവേചനം തുടരുകയാണെന്നും, അഞ്ച് പുതിയ മെഡിക്കൽ കേന്ദ്രങ്ങളുടെ പട്ടികയിലും കേരളമില്ലെന്നത് പ്രതിഷേധാർഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എയിംസ് എന്നത് കേരളത്തിന്‍റെ കാലങ്ങളായുള്ള ആവശ്യമാണ്. നാല് സ്ഥലങ്ങൾ എയിംസിനായി നിർദേശിച്ചു. പലവട്ടം പ്രധാനമന്ത്രിയെയും ആരോഗ്യമന്ത്രിയെയും അടക്കം കണ്ടു. ഇപ്പോ കിട്ടി പോയി എന്ന മട്ടിൽ ഞങ്ങൾ തിരിച്ചു വരും. എല്ലാ പ്രാവശ്യവും നിരാശയാണ് ഫലമെന്നും മുഖ്യമന്ത്രി വിമർശിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളത്തിൽ കുട്ടികൾക്ക് മൊബൈൽ നിയന്ത്രണം വേണോ? സോഷ്യൽ മീഡിയ അഡിക്ഷൻ കുറക്കാൻ പൊതുജനാഭിപ്രായം തേടി വിദ്യാഭ്യാസ വകുപ്പ്
'പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണ, അഭിനന്ദനം'; രാജീവ് ചന്ദ്രശേഖറിനെ സന്ദർശിച്ച്സാ വിയത്തുൽ സൂഫിയ പ്രതിനിധികൾ