കെ സുരേന്ദ്രനും അനിൽ ആൻ്റണിക്കും അഭിനന്ദനങ്ങൾ നേർന്ന് രാജീവ് ചന്ദ്രശേഖർ. നിസ്തുലമായ സംഭാവനകൾക്കും കഠിനാധ്വാനത്തിനും ലഭിച്ച അർഹമായ അംഗീകാരമാണ് പദവിയെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

തിരുവനന്തപുരം: ബിജെപി ദേശീയ സെക്രട്ടറിമാരായി നിയമിതരായ കെ സുരേന്ദ്രനും അനിൽ ആൻ്റണിക്കും അഭിനന്ദനങ്ങൾ നേർന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപി കേരള ഘടകത്തിൻ്റെ വളർച്ചയ്ക്കായി ഇരുവരും നൽകിയ നിസ്തുലമായ സംഭാവനകൾക്കും കഠിനാധ്വാനത്തിനും ലഭിച്ച അർഹമായ അംഗീകാരമാണിതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പുതിയ ഉത്തരവാദിത്തങ്ങൾ ഇതേ ഊർജത്തോടും അർപ്പണബോധത്തോടും കൂടി ഭംഗിയായി നിറവേറ്റുമെന്ന് പൂർണ വിശ്വാസമുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

നിതിൻ നബീൻ ബിജെപി ദേശീയ അധ്യക്ഷനായ ശേഷമുള്ള പാർട്ടിയിലെ ആദ്യ അഴിച്ചുപണിയിലാണ് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ദേശീയ സെക്രട്ടറിയാക്കിയത്. 16 ദേശീയ സെക്രട്ടറിമാരിൽ ഒരാളായിട്ടാണ് സുരേന്ദ്രൻ്റെ നിയമനം. സുരേന്ദ്രന് ഇത് ദേശീയ രംഗത്തേക്കുള്ള എൻട്രിയാണെന്നാണ് വിലയിരുത്തൽ. ദേശീയ ഉപാധ്യക്ഷ പദവിയിൽനിന്ന് എ പി അബ്ദുള്ളക്കുട്ടിയെ നീക്കിയപ്പോൾ, അനിൽ ആൻ്റണി ദേശീയ സെക്രട്ടറി സ്ഥാനത്ത് തുടരും. ബി എൽ സന്തോഷിന് തന്നെ സംഘടനാ ജനറൽ സെക്രട്ടറി ചുമതലയിൽ തുടരും.

ആകെ 13 ഉപാധ്യക്ഷന്മാരാണ് നിയമിതരായത്. ഇതിൽ വസുന്ദര രാജെയും ഡി പുരന്ദേശ്വരിയും അടക്കം ആറുപേർ വനിതകളാണ്. രാം മാധവും ഉപാധ്യക്ഷ പദവിയിലേക്ക് എത്തി. കൂടാതെ, ബൈജയന്ത് ജയ് പാണ്ഡയും ഉപാധ്യക്ഷനാകും. അമേഠിയിലെ തോൽവിക്ക് ശേഷം പാർട്ടിയിൽ സജീവമല്ലാതിരുന്ന സ്മൃതി ഇറാനിയെ ജനറൽ സെക്രട്ടറിയാക്കി. ദേശീയ ട്രഷററായി പിയുഷ് ഗോയലിനെ നിയമിച്ചു. സാമൂഹ്യ മാധ്യമ വിഭാഗത്തിലും അഴിച്ചുപണിയുണ്ട്. 11 വർഷക്കാലം പാർട്ടിയുടെ ഐടി ഇൻചാർജ് സ്ഥാനം വഹിച്ച അമിത് മാളവ്യയെ നീക്കി ദീപക് മസ്കെയെ സോഷ്യൽ മീഡിയ കൺവീനറായി നിയമിച്ചു. ഹേമംഗ് ജോഷിയെ യുവമോർച്ച അധ്യക്ഷനായും നിയമിച്ചു.