ശിവശങ്കറിനെ ചോദ്യം ചെയ്തത് സാധാരണ നടപടിക്രമം മാത്രം,കൂടുതൽ ആശങ്കപ്പെടേണ്ടതില്ല; നിലപാടിലുറച്ച് മുഖ്യമന്ത്രി

By Web TeamFirst Published Jul 15, 2020, 7:55 PM IST
Highlights

കേസിൽ കാര്യമായി അന്വേഷണം നടക്കുന്നുണ്ട്. നമ്മളതിൽ കൂടുതൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചത്.

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറെ ഒമ്പത് മണിക്കൂറോളം കസ്റ്റംസ് ചോദ്യം ചെയ്തത് സാധാരണ നടപടിക്രമം മാത്രമെന്ന് നിലപാടെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ കാര്യമായി അന്വേഷണം നടക്കുന്നുണ്ട്. നമ്മളതിൽ കൂടുതൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചത്. തെറ്റ് ചെയ്തവരെല്ലാം അതിന്റേതായ ഫലം അനുഭവിക്കേണ്ടതായി വരുമെന്നും അദ്ദേഹം ആവർത്തിച്ചു. 

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ശിവശങ്കറിൻെ ചോദ്യം ചെയ്തത് സംബന്ധിച്ച് യാതൊന്നും ഇന്നത്തെ മന്ത്രിസഭാ യോ​ഗത്തിൽ ചർച്ചയായിരുന്നില്ല. വിഷയം അജണ്ടയിൽ ഉണ്ടായിരുന്നില്ല. അത് മന്ത്രിസഭ ചർച്ച ചെയ്യേണ്ട വിഷയമല്ലെന്നാണ് സർക്കാരിന്റെ നിലപാട്. എൻഐഎയും കസ്റ്റംസും കേസ് വിശദമായി അന്വേഷിച്ചോളും എന്നായിരുന്നു വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം. 

മുഖ്യമന്ത്രിയുടെ വാക്കുകൾ...

ഏത് കാര്യമായാലും അന്വേഷിക്കുന്നതിന്റെ ഭാ​ഗമായുള്ള ടീം, അത് എൻഐഎയും കസ്റ്റംസും ആണല്ലോ. രണ്ടു കൂട്ടരും കാര്യങ്ങൾ വിശദമായി അന്വേഷിച്ചോളും. ആരായാലും അവര് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവരുടെ പട്ടികയിൽ പെട്ടോളും. നമ്മളതിൽ കൂടുതൽ ആശങ്കപ്പെടേണ്ടതായിട്ടില്ല. ആരും രക്ഷപ്പെടാൻ പോകുന്നില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ. ഫലപ്രദമായ അന്വേഷണമാണ് നടക്കുന്നത്. തെറ്റ് ചെയ്തവരെല്ലാം അതിന്റേതായ ഫലം അനുഭവിക്കേണ്ടതായി വരും. കൃത്യമായി അന്വേഷണം നടക്കും. അത് സർക്കാർ സ്വാ​ഗതം ചെയ്യുകയാണ്. ആര് എന്നത് ഇവിടെ പ്രശ്നമേയല്ല. ആരുടെ നേരെയും അന്വേഷണം നടക്കട്ടെ. 

ഒരു സംഭവത്തിൽ അന്വേഷണമെന്നത് സാധാരണ​ഗതിയിൽ നിയമനടപടി വച്ചുകൊണ്ടാണല്ലോ. ഇവിടെ കേന്ദ്രമാണ് ഈ കാര്യത്തിൽ കാര്യങ്ങളെല്ലാം നടത്തേണ്ടത്. അത് രണ്ടുതരത്തിലാണ് നീങ്ങുന്നത്. ഒന്ന്, തീവ്രവാദബന്ധമുണ്ടോ എന്നത് എൻഐഎ അന്വേഷിക്കുന്നു. കള്ളക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ കസ്റ്റംസ് അന്വേഷിക്കും. ഈ രണ്ടുകാര്യവും സംസ്ഥാന പൊലീസല്ല അന്വേഷിക്കേണ്ടത്. അത് നമുക്ക് അറിയാവുന്ന കാര്യമല്ലേ. ഇതിൽ റോള് സംസ്ഥാന പൊലീസിനില്ല. അന്വേഷിക്കേണ്ട കാര്യങ്ങൾ സംസ്ഥാന പൊലീസ് അന്വേഷിക്കുകയും ചെയ്യും. 

click me!