
തിരുവനന്തപുരം: സർക്കാർ സർവ്വീസിൽ താത്കാലികക്കാരെ സ്ഥിരപ്പെടുത്തിയ നടപടിയെ വീണ്ടും ശരിവെച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. കൃത്യമായ മാനദണ്ഡം അടിസ്ഥാനമാക്കി മാത്രം ആണ് സ്ഥിരപ്പെടുത്തിയത്. എന്തോ ചെയ്യാൻ പാടില്ലാത്തതു ചെയ്യുന്നു എന്ന പ്രതീതി ഉണ്ടാക്കാൻ ശ്രമം ഉണ്ടായി. ഇത് ബോധപൂർവ്വം ഉള്ള നടപടിയാണ്. സർക്കാരിനെ കരി വാരിതേക്കാൻ അവസരം ഉണ്ടാകേണ്ട എന്ന് കരുതി ആണ് സ്ഥിരപ്പെടുത്താൽ നിർത്തിയത്. ഒരുകൂട്ടം ചെറുപ്പക്കാർ തെറ്റിദ്ധരിച്ചു നിൽക്കുന്നു. അതിൽ പിടിച്ചു നിൽക്കേണ്ട എന്നാണ് സർക്കാർ നിലപാട് എന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകൾ...
സർക്കാരെടുത്ത നടപടികളിൽ യാതൊരു അനവധാനതയും ഉണ്ടായിട്ടില്ല. ഞാൻ പലവട്ടം ആവർത്തിച്ചതാണ്, ഇന്നലെയും പറഞ്ഞു. താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് പി എസ് സി ലിസ്റ്റ് ഇല്ലാത്തിടത്താണ്. പി എസ് സി ലിസ്റ്റിലുള്ള ആരെയും അവിടെ സ്ഥിരപ്പെടുത്താനും കഴിയില്ല. ലിസ്റ്റിലുള്ളവർ അതാഗ്രഹിച്ചിട്ടും കാര്യമില്ല. എല്ലാ സ്ഥാപനത്തിലും പി എസ് സി ലിസ്റ്റ് ഇല്ലല്ലോ. ഓരോ സ്ഥാപനത്തിന്റെയും നടത്തിപ്പിന് അവർ ഓരോ ഘട്ടത്തിലും ആളുകളെ എടുക്കുന്നുണ്ട്.
അത് ചിലർ നല്ല കൃത്യതയോടെ പരീക്ഷയും മറ്റും നടത്തിത്തന്നെ എടുക്കുന്നവരാണ്. എന്നാൽ, അംഗീകൃത ജോലിയായി വന്നിട്ടില്ല. ഇത്തരം ആളുകൾ വർഷങ്ങൾ കുറച്ചായി. ചിലർ 20 വർഷം ആയവരാണ്. ഇവരെ ഏതെങ്കിലും തരത്തിലുള്ള പ്രത്യേക പരിഗണന ഇല്ലാതെ തന്നെ കൃത്യമായ മാനദണ്ഡം ഇല്ലാതെ തന്നെ, ഇത്രയും കാലം അവരവിടെ ജോലി ചെയ്തു എന്നത് തന്നെ വലിയ കാര്യമാണ്.
അവരെ നിങ്ങള് പിരിഞ്ഞുപൊക്കോ എന്ന് പറഞ്ഞുകഴിഞ്ഞാലുണ്ടാകുന്ന മാനുഷികപ്രശ്നം ഇല്ലേ. അതാണ് പത്തുവർഷമുള്ളവരെ നിയമിക്കുന്നതിന് സർക്കാർ തീരുമാനിക്കുന്നതിന് ഇടയാക്കിയത്. നേരത്തെ യുഡിഎഫ് സർക്കാർ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ നിയമനം നടത്തിയ ഒരുപാട് പ്രശ്നങ്ങളുണ്ട്. അവര് നിയമിച്ചവരെ അവര് തന്നെ സ്ഥിരപ്പെടുത്തിയ കാര്യങ്ങളുണ്ട്.
ഇത് അങ്ങനെയൊന്നുമല്ലല്ലോ. നമ്മുടെ നാട്ടിൽ നടക്കാൻ പാടില്ലാതത് എന്തോ ഒരു കാര്യം സർക്കാർ ചെയ്യുന്നു എന്നൊരു പ്രതീതി ഉണ്ടാക്കാൻ നോക്കുകയാണ്. ഇത് ബോധപൂർവ്വമായ ഒരു നടപടിയാണ്. ബോധപൂർവ്വം സർക്കാരിന്റെ നടപടികളെ കരിവാരിത്തേക്കാൻ ശ്രമിക്കുന്ന ഒരു വിഭാഗം പ്രവർത്തിക്കുന്നു. അവർക്ക് അതിനുള്ള അവസരം കൊടുക്കേണ്ടതില്ല. ജനങ്ങൾ എൽഡിഎഫ് സർക്കാരിനൊപ്പം തന്നെയാണുള്ളത്.
ഇതിനെയൊക്കെ തെറ്റായി ഉപയോഗിക്കുന്നവർക്ക് ഇതൊരു ആയുധമാക്കാൻ അവസരം കൊടുക്കേണ്ട എന്നതുകൊണ്ടാണ് ഇപ്പോ ആർക്കും നിയമനം നൽകേണ്ട എന്ന് തീരുമാനിച്ചത്. ഹൈക്കോടതി ചോദിച്ചിട്ടുണ്ട്. അതിനു കൃത്യമായ മറഉപടി ബഹമാനപ്പെട്ട ഹൈക്കോടതി മുന്നിൽ സർക്കാർ നൽകുകയും ചെയ്യും. അതിൽ പ്രത്യേക ആശങ്കയുടെ പ്രശ്നമൊന്നുമില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam