ലോക്സഭാ മണ്ഡല പുനർനിർണയത്തിൽ എതിർപ്പുമായി കേരളവും, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക തീർക്കണം: മുഖ്യമന്ത്രി

Published : Mar 14, 2025, 07:15 PM ISTUpdated : Mar 14, 2025, 07:18 PM IST
ലോക്സഭാ മണ്ഡല പുനർനിർണയത്തിൽ എതിർപ്പുമായി കേരളവും, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക തീർക്കണം: മുഖ്യമന്ത്രി

Synopsis

ജനസംഖ്യ നിയന്ത്രണം നടപ്പാക്കിയ സംസ്ഥാനങ്ങൾ ശിക്ഷിക്കപെടരുതെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി കേന്ദ്രത്തിന്‍റേത് ധ്രിതിപിടിച്ച നീക്കമെന്നും പറഞ്ഞു

തിരുവനന്തപുരം: ലോക്സഭാ മണ്ഡല പുനർനിർണയ തീരുമാനവുമായി മുന്നോട്ട് പോകുന്ന കേന്ദ്ര സർക്കാരിനെതിരെ കേരളത്തിന്‍റെ എതിർപ്പ് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ജനസംഖ്യ നിയന്ത്രണം നടപ്പാക്കിയ സംസ്ഥാനങ്ങൾ ശിക്ഷിക്കപെടരുതെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി കേന്ദ്രത്തിന്‍റേത് ധ്രിതിപിടിച്ച നീക്കമെന്നും വാർത്താക്കുറിപ്പിലൂടെ പറഞ്ഞു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക തീർക്കണമെന്നും അഭിപ്രായ സമന്വയത്തിലൂടെയാകണം കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ചെന്നൈ സമ്മേളനത്തിലേക്ക് കേരളത്തെയും ക്ഷണിച്ച് തമിഴ്നാട് സർക്കാർ, പിന്തുണ ഉറപ്പെന്ന് പിണറായി

മുഖ്യമന്ത്രിയുടെ വാക്കുകൾ

ഒരു സംസ്ഥാനത്തിന്റെയും സീറ്റുകളുടെ നിലവിലുള്ള ആനുപാതിക വിഹിതത്തിൽ കുറവ് വരാതെ വേണം പുനർ നിർണയം നടത്തേണ്ടത്. ജനസംഖ്യാ നിയന്ത്രണ നടപടികൾ കാര്യക്ഷമമായി നടപ്പിലാക്കിയ  സംസ്ഥാനങ്ങൾ ശിക്ഷിക്കപ്പെടുന്ന നിലയുണ്ടാവരുത്. സ്വാതന്ത്ര്യത്തിനു ശേഷം കേന്ദ്ര സർക്കാരുകൾ കൊണ്ടുവന്ന ജനസംഖ്യാ നിയന്ത്രണ പരിപാടികൾക്കും കുടുംബാസൂത്രണ നയങ്ങൾക്കുമനുസൃതമായി ജനസംഖ്യ കുറച്ചുകൊണ്ടുവന്ന സംസ്‌ഥാനങ്ങൾക്ക് പാർലമെന്റിൽ  ആനുപാതിക പ്രാതിനിധ്യത്തിൽ കുറവു വരുത്തുന്നത്  അനീതിയാണ്.  ഇതിലെല്ലാം വീഴ്ച വരുത്തിയ സംസ്ഥാനങ്ങൾക്ക് പാരിതോഷികം നൽകുന്നതിന് തുല്യമാകും അത്.

1952, 1963, 1973 വർഷങ്ങളിലാണ് രാജ്യത്ത് നേരത്തെ മണ്ഡല പുനർനിർണയ പ്രക്രിയ നടത്തിയത്.   എന്നാൽ, 1976 ൽ 42-ാമത് ഭരണഘടനാ ഭേദഗതിയിലൂടെ ഈ പ്രക്രിയ 2000 നു ശേഷമുള്ള ആദ്യ സെൻസസ് (2001) വരെ താത്കാലികമായി മരവിപ്പിച്ചു. ജനസംഖ്യാ നിയന്ത്രണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായായിരുന്നു ഇത്‌. സംസ്ഥാനങ്ങൾക്കിടയിൽ ജനസംഖ്യയുടെ കാര്യത്തിലുള്ള അസമത്വം തുടർന്നതിനാൽ 84-ാമത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഈ മരവിപ്പിക്കൽ 2026-നു ശേഷമുള്ള ആദ്യ സെൻസസ് ( 2031 )  വരെ ദീർഘിപ്പിച്ചത്. ആ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുകയാണ്. അത് കണക്കിലെടുക്കാതെയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ധൃതിപിടിച്ച പുതിയ നീക്കം. 

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക്  പ്രോ-റേറ്റാ അടിസ്ഥാനത്തിൽ അധിക മണ്ഡലങ്ങൾ ലഭിക്കുമെന്ന കേന്ദ്രസർക്കാർ വാദങ്ങൾ മുഖവിലയ്ക്കെടുക്കാൻ കഴിയില്ല. നിലവിലെ പാർലമെന്റ് സീറ്റുകളുടെ ശതമാനത്തെ അടിസ്ഥാനമാക്കിയാണോ അതല്ല ജനസംഖ്യാ കണക്കുകളെ അടിസ്ഥാനമാക്കിയാണോ ഈ പ്രോ-റേറ്റാ വിതരണം നടത്തുന്നതെന്ന കാര്യത്തിലും വ്യക്തത നൽകാൻ കേന്ദ്രത്തിനു കഴിഞ്ഞിട്ടില്ല. ഈ രണ്ടു രീതിയിൽ ആയാലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പ്രാതിനിധ്യ നഷ്ടമാണ് സംഭവിക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. ഏകപക്ഷീയമായ നടപടികൾ ഒഴിവാക്കി  ജനാധിപത്യത്തിന്റെയും  ഫെഡറലിസത്തിന്റെയും അന്തസത്ത കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രസർക്കാരിൻ്റെതാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുഡിഎഫ് സ്ഥാനാർത്ഥിയെയും ഏജന്റിനെയും ക്രൂരമായി മർദിച്ച് മുഖംമൂടി സംഘം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
തുറന്ന തെരഞ്ഞെടുപ്പ് യുദ്ധത്തിന് വിജയ്, തമിഴക വെട്രി കഴകത്തിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി, സഖ്യത്തിന് കക്ഷികളെ ക്ഷണിച്ച് പ്രമേയം