'എന്നെ സുധാകരൻ തല്ലിയതും ചവിട്ടിയതും സ്വപ്നത്തിലാവും': കടുത്ത ഭാഷയിൽ മറുപടിയുമായി മുഖ്യമന്ത്രി

By Web TeamFirst Published Jun 18, 2021, 7:37 PM IST
Highlights

കളരി പഠിച്ചിട്ടല്ല ഞാൻ എൻ്റെ പ്രസ്ഥാനത്തിൻ്റെ ഭാ​ഗമായിട്ടാണ് എല്ലാക്കാലത്തും നിന്നത്. ബ്രണ്ണൻ കോളേജിൽ കെഎസ്,യുവിന് മൃ​ഗീയ ആധിപത്യമുള്ള കാലത്താണ് ഞാൻ അവിടെ ചെന്നത്. എന്തിനും പോന്ന ഒരു വലിയ നിര അന്നവിടെ ഉണ്ടായിരുന്നു. സുധാകരനേക്കാൾ തടിമിടുക്കുള്ളവ‍ർ അവിടെയുണ്ടായിരുന്നു. അവരുടെയൊക്കെ മുന്നിൽ കൂടിയാണ് ഞാൻ പ്രവർത്തിച്ചു വന്നത്.

തിരുവനന്തപുരം: ബ്രണ്ണൻ കോളേജിലെ സംഘർഷത്തിനിടെ തന്നെ കൈകാര്യം ചെയ്തുവെന്ന കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ്റെ പ്രസ്താവനയ്ക്ക് എതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തന്നെ തല്ലിയെന്നും ചവിട്ടിയെന്നും സുധാകരൻ പറയുന്നത് സ്വപ്നത്തിലാവും. ബ്രണ്ണൻ കോളേജിൽ എന്താണ് നടന്നത് എന്നറിയാവുന്ന നിരവധി പേർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. എല്ലാർക്കും അറിയാവുന്നതല്ലേ ഇതൊക്കെ. എങ്ങനെയാണ് ഇത്രയും പൊങ്ങച്ചം പറയാൻ പറ്റുന്നത്. എന്ത് ആവശ്യത്തിനാണ് ഇതെല്ലാം പറയുന്നത് - മുഖ്യമന്ത്രി ചോദിച്ചു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ - 

അദ്ദേഹത്തിന് ഏതെങ്കിലും തരത്തിലുള്ള സ്വപ്നം കാണേണ്ടത് തടയേണ്ട ആൾ ഞാനലാല്ലോ. അതൊരു സ്വപ്നാടനത്തിൻ്റെ ഭാ​ഗം മാത്രമാണ് ആ പറയുന്ന കാര്യങ്ങൾ. അന്നത്തെ ഞാനും ആ കാലത്തെ കെ.സുധാകരനും... അദ്ദേഹത്തിനൊരു സ്വപ്നമോ മോഹമോ ഉണ്ടായിക്കാണും. ഈ പിണറായി വിജയനെ ചവിട്ടി വീഴ്ത്തണമെന്ന്. പക്ഷേ അതു യഥാ‍ർത്ഥ്യമായാൽ അല്ലേ അങ്ങനെ പറയാനാവൂ. എതി‍ർപക്ഷത്തുള്ള ആളെന്ന നിലയിൽ എന്നോട് അദ്ദേഹത്തിന് വിരോധമുണ്ടായി കാണും. അന്ന് അദ്ദേഹം ഈ സുധാകരനല്ല വിദ്യാർത്ഥിയായ സുധാകരനല്ലേ. എന്നെ കിട്ടിയാലൊന്ന് തല്ലാമെന്നും വേണമെങ്കിൽ ചവിട്ടിവീഴ്ത്താമെന്നും അദ്ദേഹം മനസ്സിൽ കണ്ടിട്ടുണ്ടാവും. 

പക്ഷേ യഥാ‍ർത്ഥ്യത്തിൽ സംഭവിച്ചതെന്താണ്...? ഞാനതിൻ്റെ കാര്യങ്ങളിലേക്കൊന്നും പോകാനാ​ഗ്രഹിക്കുന്നൊരു ആളല്ല. പക്ഷേ തീർത്തും വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പറയുമ്പോൾ എങ്ങനെയാണ് പറയാതിരിക്കാ എന്നതാണ്. അതിനാൽ മാത്രം പറയാണ്. നേരത്തെ നിങ്ങൾ എന്നോട് ചോദിച്ചിരുന്നു. സുധാകരനെ നന്നായി അറിയാമല്ലോ, എന്താണ് അദ്ദേഹം കെപിസിസി അധ്യക്ഷനായതിനെപ്പറ്റി പറയാനുള്ളതെന്ന്. ഞാൻ അന്ന് പറഞ്ഞ മറുപടി നിങ്ങൾ ഓർക്കുന്നുണ്ടാവും... ആ പാർട്ടിയണത് തീരുമാനിക്കേണ്ടത്. ആ പാർട്ടിക്ക് അദ്ദേഹമാണ് കെപിസിസി അധ്യക്ഷനാവേണ്ടത് എന്ന് തോന്നിയാൽ ഞാനെന്ത് പറയാനാണ്. അതെനിക്ക് സുധാകരനെ അറിയാഞ്ഞിട്ടല്ല. ഞാൻ എന്തിനാണ് വേണ്ടാത്ത കാര്യം വിളിച്ചു പറയേണ്ടത് എന്നതിനാൽ മാത്രമാണ് വേറൊന്നും പറയാഞ്ഞത്. 

ഈ പറയുന്ന സംഭവം നടക്കുന്ന കാലത്ത് കെ.എസ്.എഫിൻ്റെ ഒരു സംസ്ഥാന ഭാരവാഹിയാണ് ഞാൻ. അന്നൊരു ദിവസം സംഘടന ക്ലാസ് ബഹിഷ്കരണം ആഹ്വാനം ചെയ്തിരുന്നു. അന്നൊരു പരീക്ഷയുണ്ട്. ആ പരീക്ഷ എഴുതേണ്ടയാളാണ് ഞാൻ. നേരത്തെ ഇങ്ങനെയൊരു പരീക്ഷ ബഹിഷ്കരണം ആഹ്വാനം ചെയ്ത കെ.എസ്.യു നേതാവ്. അദ്ദേഹവും ഇന്ന് കേരളത്തിലെ പ്രമുഖനായ നേതാവാണ്. പോയി പരീക്ഷ എഴുതിയ സംഭവം അന്നുണ്ടായിരുന്നു. ആ നടപടിയെ വിമർശിച്ചയാളാണ് ഞാൻ. അതിനാൽ എൻ്റെ പരീക്ഷ എഴുതേണ്ട എന്ന് ഞാൻ തീരുമാനിച്ചു. 

പക്ഷേ പരീക്ഷ ദിവസം കോളേജിൽ വരാതിരുന്നതിനാൽ അസുഖമായിട്ട് എഴുതിയില്ല എന്നും വരാം. അതിനാൽ ഞാൻ അന്നേ ദിവസം കോളേജിൽ പോയിട്ടും പരീക്ഷയിൽ നിന്നും വിട്ടു നിന്നും. പരീക്ഷയ്ക്ക് എതിരായ സമരം നടക്കുന്നുണ്ട്. അന്ന് സമരത്തിന് ആഹ്വാനം ചെയ്ത കെഎസ്എഫും അതിനെ തടഞ്ഞ കെ.എസ്.യുവും തമ്മിൽ സംഘ‍ർഷമാണ്. അപ്പോഴാണ് വല്ലാത്ത സംഘർഷാവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നത്. അന്ന് സുധാകരൻ ആ കൂട്ടത്തിലുണ്ട്.അയാളെ എനിക്ക് അതിനു മുൻപ് അറിയില്ല. ഞാൻ കോളേജ് വിട്ട സമയമാണത്. പരീക്ഷ എഴുതാനായാണ് വന്നതാണ്. കോളേജ് വിട്ട ആളെന്ന നിലയ്ക്ക് തിരിച്ചു ചെല്ലുമ്പോൾ എനിക്ക് ആ പരിമിതിയുണ്ട്. 

എൻ്റെ മനസിൽ ഈ സംഘ‍ർഷത്തിൽ കോളേജ് വിട്ടയാളായ ഞാൻ ഇടപെടാൻ പാടില്ല എന്നാണ്. പക്ഷേ സം​ഗതി കൈവിട്ടു പോയി. സംഘർഷം മൂർച്ചിച്ഛപ്പോൾ ഈ ചെറുപ്പക്കാരന് നേരെ പ്രത്യേക രീതിയിലൊരു ആക്ഷൻ ഞാനെടുത്തു. അയാളെ തല്ലിയില്ല, തൊട്ടില്ല പകരം ശക്തമായി കൈ രണ്ടും കൂട്ടിയിടച്ചു. ഒരു സംഘ‍ർഷ സ്ഥലത്ത് വച്ചുണ്ടാവുന്ന ശബ്ദമാണ് എന്നോർക്കണം. അന്നേരം ഈ വിദ്യാ‍ർത്ഥി നേതാവിൻ്റെ ​ഗുരുവും എൻ്റെ സുഹൃത്തുമായ ബാലൻ ഓടിയെത്തി. അയ്യോ വിജയാ ഒന്നും ചെയ്യല്ലേ എന്നു പറഞ്ഞാണ് ബാലൻ വന്നത്. അയാളെന്നെ പിടിച്ചു. പിടിച്ചു കൊണ്ടു  പോടാ, ആരാ ഇവൻ? എന്നു ഞാൻ ബാലനോട് ചോദിച്ചു. അന്നേരം അവിടെ ഉണ്ടായിരുന്നവർ ഈ ചെറുപ്പക്കാരനെ പിടിച്ചു കൊണ്ടു പോയി.

ഇതാണ് സംഭവിച്ചത്. സുധാകരൻ ഇപ്പോൾ മനസിലാക്കിക്കോ, അന്ന് അവിടെ അതു നിന്നത് ബ്രണ്ണൻ കോളേജ് വിട്ട ശേഷം അവിടെ പരീക്ഷ എഴുതാൻ വന്നയാളായിരുന്നു ഞാൻ എന്നത് കൊണ്ട് മാത്രമാണ്. ബാക്കിയെല്ലാം അദ്ദേഹത്തിൻ്റെ മനസിൻ്റെ കണക്കുകൂട്ടലാണ്. പിന്നെ മറ്റൊരു കാര്യം. ഏതോ ഒരു ഫ്രാൻസിസിൻ്റെ കാര്യം അദ്ദേഹം പറയുന്നുണ്ട്. ഫ്രാൻസിസ് കത്തിയും കൊണ്ടാണ് എപ്പോഴും നടക്കുക എന്നാണ് പറയുന്നത്. 

ഞാൻ ആൽത്തറയിൽ വച്ച് പ്രസംഗിക്കുമ്പോൾ ഫ്രാൻസിസിനെക്കുറിച്ചു. പറഞ്ഞു അപ്പോൾ ഫ്രാൻസിസ് വേദിയിലേക്ക് കേറി മൈക്ക് എടുത്ത് എൻ്റെ തലയ്ക്ക് അടിച്ചു. ഞാൻ മാറിയത് കൊണ്ട് രക്ഷപ്പെട്ടു. അപ്പോൾ ഇവരെല്ലാം കൂടി വന്ന് എന്നെ അടിച്ചു വീഴ്ത്തി എന്നാണ് കഥ. ഇതും അദ്ദേഹത്തിൻ്റെ മോ​ഹമാവും. ഞാൻ കോളേജ് വിടും വരെ ഫ്രാൻസിസ് എന്നൊരാൾ അവിടെയില്ല. എൻ്റെ ശരീരത്തിൽ തൊടണമെന്ന് ആഗ്രഹിക്കുന്ന പല ആൾക്കാരും അവിടെയുണ്ടായിട്ടുണ്ടാവും. പക്ഷേ ആരും എൻ്റെ അടുത്തേക്ക് വന്നിട്ടില്ല. നേരത്തെ പൊലീസ് ചെയ്തത് മാത്രമേയുള്ളൂ. 

കളരി പഠിച്ചിട്ടല്ല, ഞാൻ എൻ്റെ പ്രസ്ഥാനത്തിൻ്റെ ഭാ​ഗമായിട്ടാണ് എല്ലാക്കാലത്തും ഞാൻ നിന്നത്. ബ്രണ്ണൻ കോളേജിൽ കെഎസ്,യുവിന് മൃ​ഗീയ ആധിപത്യമുള്ള കാലത്താണ് ഞാൻ അവിടെ ചെന്നത്. എന്തിനും പോന്ന ഒരു വലിയ നിര അന്നവിടെ ഉണ്ടായിരുന്നു. സുധാകരനേക്കാൾ തടിമിടുക്കുള്ളവ‍ർ അവിടെയുണ്ടായിരുന്നു. അവരുടെയൊക്കെ മുന്നിൽ കൂടിയാണ് ഞാൻ പ്രവർത്തിച്ചു വന്നത്. അതിൻ്റെയൊക്കെ ഒരുപാട് കഥയുണ്ട്. അതൊക്കെ അറിയുന്ന ഒരുപാട് പേർ ഇന്നും ജീവിച്ചിരിപ്പില്ലേ. എല്ലാർക്കും അറിയാവുന്നതല്ലേ ഇതൊക്കെ. എങ്ങനെയാണ് ഇത്രയും പൊങ്ങച്ചം പറയാൻ പറ്റുന്നത്. എന്ത് ആവശ്യത്തിനാണ് ഇതെല്ലാം പറയുന്നത്. 

ഞാൻ ഒന്നും പറയുന്നില്ല. എന്നാൽ സുധാകരനെപ്പറ്റി അയാളുടെ സുഹൃത്തുകളും സഹപ്രവർത്തകരും പറഞ്ഞത് എന്താ? അതിലാണ് പി.രാമകൃഷ്ണനെ ഓർക്കേണ്ടത്. അദ്ദേഹം കണ്ണൂർ ഡിസിസി അധ്യക്ഷനായിരുന്നു. കണ്ണൂരിലെ പ്രമുഖ നേതാവായിരുന്നു. അദ്ദേഹം സുധാകരനെക്കുറിച്ച് പറഞ്ഞ വാക്കുകൾ ഇതാണ്...

പണമുണ്ടാക്കാൻ വേണ്ടിയാണ് സുധാകരൻ രാഷ്ട്രീയം പ്രവർത്തനം നടത്തുന്നത്. പലരേയും കൊന്ന് പണമുണ്ടാക്കി. ക്വാറിയും മണൽ മാഫിയയും നടത്തി. വിദേശകറൻസി ഇടപാടും, ബ്ലേഡ് കമ്പനികളുണ്ട് മണൽ മാഫിയയുമായും സുധാകരന് ബന്ധമുണ്ട് . രാഷ്ട്രീയത്തിന് പറ്റിയ ആളല്ല സുധാകരൻ. എല്ലാവർക്കും അയാളെ പേടിയാണ്. കൊല്ലപ്പെട്ടവർക്ക് വേണ്ടി പിരിച്ച പണം അയാൾ കൈക്കലാക്കുന്നു.  അലഞ്ഞു നടന്നു വന്ന റാസ്കല്ലാണ് സുധാകരൻ, ഭീരുവുമാണ്. ജയിച്ചതിന് ശേഷം എംപി തിരിഞ്ഞു നോക്കാത്ത പ്രദേശങ്ങൾ കണ്ണൂരിലുണ്ട്. സുധാകരൻ വന്ന ശേഷമാണ് കാസർകോട്, കണ്ണൂർ, വടകര മേഖലകളിൽ വലിയ തോൽവിയുണ്ടായത് - ഇതൊന്നും ഞാനോ സിപിഎമ്മുകാരോ പറഞ്ഞതല്ല സുധാകരനെ അറിയുന്ന നേതാക്കൾ പറയുന്നതാണ്. 

പുഷ്പരാജിനെ ആക്രമിച്ച് കാൽ തകർത്തതിനെപ്പറ്റി രാമകൃഷ്ണൻ പറയുന്നു. ഡിസിസി അധ്യക്ഷനായ കാലത്ത് തൻ്റെ ശവഘോഷയാത്രയും ഡിസിസിഓഫീസ് ഉപരോധിച്ച് തന്നെ പുറത്താക്കുകയും ചെയ്ത് യൂത്ത് കോൺ​ഗ്രസുകാർ സുധാകരൻ്റെ ​ഗുണ്ടായിസത്തിന് കൂട്ടുനിന്നു. സുധാകരൻ്റെ ചെയ്തികൾ തുറന്നു പറഞ്ഞതിന് തന്നെ ഡിസിസി ഓഫീസിൽ കേറാൻ പോലും സമ്മതിച്ചില്ല.

രാമകൃഷ്ണൻ ഇന്ന് ജീവിച്ചിരിപ്പില്ലെങ്കിലും അദ്ദേഹത്തിൻ്റെ ഈ വാക്കുകൾ ഇപ്പോഴും രേഖയായിട്ടുണ്ട്. സുധാകരനൊപ്പം അതേ കളരിയിൽ പയറ്റിയ ഇപ്പോഴും ജീവിച്ചിരിക്കുന്ന മമ്പുറം ദിവാകരൻ. ദിവാകരൻ ആരാണെന്ന് എല്ലാവ‍ർക്കും അറിയാം. അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു  - ‍ഡിസിസി അം​ഗംപുഷ്പരാജിൻ്റെ കാൽ ​ഗുണ്ടകളെ വച്ചു തല്ലിയൊടിച്ചതടക്കം ഒരുപാട് സംഭവങ്ങളുണ്ട്. എൻ്റെ പക്കലുള്ള ഫോട്ടോയും തെളിവും പുറത്തു വിട്ടാൽ കേരളത്തിലെ ഒരു കോൺ​ഗ്രസ് പ്രവർത്തകനും സുധാകരനെ കെപിസിസി അധ്യക്ഷനാക്കണമെന്ന് അറിയില്ല. തലശ്ശേരി ഇന്ദിരാ​ഗാന്ധി ആശുപത്രിയിൽ വച്ച് എന്നെ കൊല്ലാനും ശ്രമം നടന്നു.

ഡിസിസി ഓഫീസിനായി പിരിച്ച കോടികൾ എവിടെ. കെ.കരുണാകരൻ സ്മാരക ട്രസ്റ്റിൻ്റെ പേരിൽ ചിറയ്ക്കൽ രാജാസ് സ്കൂൾ വാങ്ങാനും പിരിച്ചെടുത്ത കോടികളെവിടെ. കണ്ണൂരിൽ ഡിസിസി ആസ്ഥാനം പുതുക്കി പണിയാൻ പൊളിച്ചിട്ട് ഒൻപത് വ‍ർഷമായി.. എത്ര പിരിച്ചിട്ടും പണി തുടങ്ങുന്നില്ല. ഇനിയും 30 ലക്ഷം വേണമെന്നാണ് പറയുന്നത്. അപ്പോൾ ഇത്രകാലം പിരിച്ച തുകയെവിടെ?  ചിറയ്ക്കൽ സ്കൂൾ വാങ്ങാൻ സുധാകരൻ്റെ നേതൃത്വത്തിൽ ​ഗൾഫിൽ നിന്നടക്കം പിരിച്ചത് മുപ്പത് കോടിയാണ് എന്നാൽ സ്കൂൾ വാങ്ങിയതുമില്ല. 

 ഈ അടുത്ത് ബ്രണ്ണൻ കോളേജിൽ കമ്മ്യൂണിറ്റി ഹാൾ പുതുക്കിയ പരിപാടിക്ക് ഞാനും നിയമമന്ത്രി എ.കെ.ബാലനും പോയി. അന്ന് ബാലൻ എന്നോടൊരു കഥ പറഞ്ഞു. സുധാകരൻ്റെ സമപ്രായക്കാരനും കോളേജിലെ സഹപാഠിയുമായിരുന്നു എ.കെ.ബാലൻ. 1967-69 കാലത്ത് സപ്തകക്ഷി മുന്നണി സർക്കാരിൽ മന്ത്രിയായിരുന്നു സി.എച്ച്.മുഹമ്മദ് കോയ. അദ്ദേഹം ബ്രണ്ണൻ കോളേജിലെ കമ്മ്യൂണിറ്റി ഹാൾ ഉദ്ഘാടനത്തിന് വന്നു. സുധാകരൻ്റെ നേതൃത്വത്തിൽ സി.എച്ചിനെതിരെ കരിങ്കൊടിയും ചെരിപ്പേറുമുണ്ടായി. അന്ന് ബാലൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ചേർന്ന് ആ പരിപാടിക്ക് പിന്തുണ കൊടുക്കുകയും പരിപാടി നടത്തുകയുംചെയ്തു. പരിപാടി അലങ്കോലമാക്കാൻ ശ്രമിച്ച ഇന്ന് ഈ വീരവാദം മുഴക്കിയ സുധാകരനെ അർധനഗ്നനായി കോളേജിന് ചുറ്റും വിദ്യാർത്ഥികൾ നടത്തിച്ചു. 

സുധാകരന് പല മോഹങ്ങളും ഉണ്ടായിരുന്നു. ഒരു ദിവസം കാലത്ത് എൻ്റെ വീട്ടിൽ സുധാകരൻ്റെ ഒരു അടുത്തൊരു സുഹൃത്ത് എത്തി. അയാളെ അതിരാവിലെ വീട്ടിൽ കണ്ടപ്പോൾ എനിക്ക് ആശ്ചര്യമായി. അയാളുടെ വലിയൊരു രാഷ്ട്രീയശത്രുവാണ് ഞാൻ. കണ്ണൂരിലെ രാഷ്ട്രീയ സാഹചര്യത്തിൽ തീർത്തും അപ്രതീക്ഷിതമായ സംഭവമാണത്. അയാൾ സുധാകരൻ്റെ അടുത്ത സുഹത്തും ഫൈനാൻസിയറുമായിരുന്നു. ആൾ ഇപ്പോൾ ജീവിച്ചിരിക്കുന്നില്ല. ഈ സംഭവം നടക്കുമ്പോൾ വീട്ടിൽ  ഞാനും ഭാര്യയും രണ്ട് മക്കളുമുണ്ട്. 

നിങ്ങൾ വളരെ ശ്രദ്ധിക്കണ്ടതുണ്ട്. സുധാകരനും ഞാനും സുഹൃത്തുകളൊക്കെ തന്നെ പക്ഷേ വലിയ പ്ലാനുമായാണ് സുധാകരൻ നടക്കുന്നത്. നിങ്ങളെ കുട്ടിക്കളെ തട്ടിക്കൊണ്ടു പോകാൻ പദ്ധതിയുണ്ട്. ഞാൻ സുധാകരനോട് പറഞ്ഞിട്ടുണ്ട്. ഇതു പഞ്ചാബൊന്നുമല്ല വേണ്ടാത്ത കാര്യത്തിന് മെനക്കെടരുത്. അങ്ങനെ വല്ലതും സംഭവിച്ചാൽ ഇവിടെ കത്തും എന്നൊക്കെ ഞാൻ സുധാകരനെ വിലക്കിയിട്ടുണ്ട്. പക്ഷേ അവൻ്റെ ഒരു രീതി വച്ച് എനിക്കൊരു വിശ്വാസമില്ല. അതിനാലാണ് നിങ്ങളോട് പറഞ്ഞത് - എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. 

പക്ഷേ എനിക്ക് ഇതിൽ എന്തു ചെയ്യാനാവും, വരുന്നിടത്ത് വച്ച് കാണാം എന്നാണ് ഞാൻ അയാളോട് പറഞ്ഞത്. നിങ്ങൾ ആലോചിച്ചു നോക്ക് എനിക്കെൻ്റെ ഭാര്യയോട് ഇതെല്ലാം പറയാൻ പറ്റുമോ? ഭാര്യയോട് പറഞ്ഞാൽ അവൾക്ക് മനസമാധാനം കിട്ടുമോ. രണ്ട് മക്കളേയും അവൾ കൈപിടിച്ച് സ്കൂളിൽ കൊണ്ടു പോകുന്ന കാലമാണത്. ഞാൻ ഇതൊന്നും ഒരാളോടും പറഞ്ഞില്ല. മോഹങ്ങൾ പലതുണ്ടാവും. എന്നാൽ ആ മോഹം വച്ചൊന്നും എന്നെ വീഴ്ത്താൻ പറ്റില്ല എന്നതാണ് സുധാകരൻ്റെ രാഷ്ട്രീയ അനുഭവം. 

click me!