സിദ്ദിഖ് കാപ്പന് വിദഗ്ദ ചികിത്സ നൽകാൻ പിണറായി വിജയൻ ഇടപെടണം; ഐക്യദാർഢ്യ സമിതി

By Web TeamFirst Published Apr 23, 2021, 12:56 PM IST
Highlights

ഒരാഴ്ചയായി സിദ്ദീഖ് കാപ്പന് കടുത്ത പനിയുണ്ടെന്ന്  ഭാര്യ റെയ്ഹാനത്ത് പറഞ്ഞു. പ്രമേഹ രോഗിയായ കാപ്പന് ആവശ്യമായ ഭക്ഷണം കിട്ടുന്നില്ല. ദില്ലിയിലെ മെച്ചപ്പെട്ട ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റണം

കോഴിക്കോട്: യുഎപിഎ ചുമത്തപ്പെട്ട് ഉത്തർപ്രദേശിൽ തടവിൽ കഴിയുന്ന മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ കൊവിഡ് മൂലം ദുരിതത്തിലാണെന്ന് സിദ്ദീഖ് കാപ്പൻ ഐക്യദാർഡ്യ സമിതി. സിദ്ദീഖ് കാപ്പന് വിദഗ്ദ ചികിത്സ നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ യുപി സർക്കാറിനോട് ആവശ്യപ്പെടണമെന്ന് സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യ സമിതി ആവശ്യപ്പെട്ടു.

സിദ്ദിഖ് കാപ്പന്റെ ആരോഗ്യ നിലയിൽ  ആശങ്കയുണ്ട്. കൊവിഡിന് പുറമെ മറ്റ് ആരോഗ്യ പ്രശ്നങ്ങളും കാപ്പന് ഉണ്ട് എന്നും ഐക്യദാർഢ്യ സമിതി ഭാരവാഹികൾ പറഞ്ഞു. ഒരാഴ്ചയായി സിദ്ദീഖ് കാപ്പന് കടുത്ത പനിയുണ്ടെന്ന്  ഭാര്യ റെയ്ഹാനത്ത് പറഞ്ഞു. പ്രമേഹ രോഗിയായ കാപ്പന് ആവശ്യമായ ഭക്ഷണം കിട്ടുന്നില്ല. ദില്ലിയിലെ മെച്ചപ്പെട്ട ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റണം. ജാമ്യം അനുവദിക്കണം. ഇതിനായി സംസ്ഥാന സർക്കാർ ഉടൻ ഇടപെടണം.

കഴിഞ്ഞ ദിവസം സിദ്ദിഖിന് കൊവിഡ് സ്ഥിരീകരിച്ച വിവരം അഭിഭാഷകനാണ് കുടുംബത്തെ വിവരമറിയിച്ചത്. ജയിലില്‍ കഴിയുന്ന അന്‍പതോളം പേര്‍ക്ക് കൊവിഡ് ബാധിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് കാപ്പനും രോഗം സ്ഥിരീകരിച്ചത്. മഥുര ജയിലാശുപത്രിയില്‍ കഴിയുന്ന കാപ്പന്‍റെ ആരോഗ്യനിലയില്‍ ആശങ്കയറിയിച്ച് കെയുഡബ്ല്യൂജെ ദില്ലി ഘടകം ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കത്ത് നല്‍കി. കടുത്ത പ്രമേഹമടക്കം ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്ന കാപ്പനെ വിദഗ്ധ ചികിത്സക്കായി ദില്ലിയിലേക്ക് മാറ്റണമെന്നും കത്തിലാവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ കാപ്പനെ മഥുര ജയിലില്‍ നിന്ന് യുപിയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 
 

click me!