
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പ്രചാരണത്തിനായി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെത്തും. മണ്ഡലത്തിലെ രണ്ടു പഞ്ചായത്തുകളിലാണ് ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുയോഗങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് നാല് മണിക്ക് പുതുപ്പള്ളിയിലും അഞ്ചര മണിക്ക് അയർക്കുന്നത്തുമായി നടക്കുന്ന പൊതുയോഗങ്ങളിലാണ് അദ്ദേഹം സംസാരിക്കുക. യോഗങ്ങളിൽ മന്ത്രിമാർ അടക്കം പ്രമുഖ എൽഡിഎഫ് നേതാക്കളും പങ്കെടുക്കും. പ്രചാരണം വിലയിരുത്താൻ രാവിലെ കോട്ടയത്ത് ഇടതുമുന്നണി യോഗവും ചേരും. മൂന്നു മുന്നണികളുടെയും സ്ഥാനാർത്ഥികൾ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ വാഹന പര്യടനം തുടരും.
അതിനിടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കേരളം കടത്തിലെന്ന യുഡിഎഫ് പ്രചരണം ജനം വിശ്വസിക്കില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. ജനങ്ങൾ സന്തോഷത്തിലെന്ന് മനസിലാക്കിയതു കൊണ്ടാണ് യുഡിഎഫ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംസ്ഥാനത്തിന് തരാനുള്ളത് തരണമെന്ന് പറയുന്നത് എങ്ങനെ വിഘടന വാദ പ്രവർത്തനമാകുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരനുള്ള മറുപടിയായി ബാലഗോപാൽ ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam