കൊവിഡ് വ്യാപനം പുതിയ തരംഗത്തിലേക്ക്; വൈറസുകള്‍ക്ക് ജനിതക വ്യതിയാനം സംഭവിച്ചു

By Web TeamFirst Published Sep 19, 2020, 7:52 PM IST
Highlights

കേരളത്തില്‍ വ്യാപിക്കുന്ന വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നേരിയ അലംഭാവത്തിന് പോലും വലിയ വില കൊടുക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം:  സംസ്ഥാനത്ത് കൊവിഡ് വ്യാപനം പുതിയ തരംഗത്തിലേക്ക് കടന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ വ്യാപിക്കുന്ന വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നേരിയ അലംഭാവത്തിന് പോലും വലിയ വില കൊടുക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൊവിഡിന്‍റെ കൂടുതൽ വ്യാപനം ഇനി രാജ്യത്തുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ജനിതക വ്യതിയാനം സംഭവിച്ച വൈറസാണ് എന്നാണ് ഗവേഷകര്‍ പറയുന്നത്. കേരളത്തിലെ  179 വൈറസുകളുടെ ജനിതക ശ്രേണികരണം നടത്തുവാനും അവയുടെ വംശാവലി സാര്‍സ് കൊറോണ 2 ന്‍റെ ഇന്ത്യൻ ഉപവിഭാഗമായ 2എ എ2എ ആണെന്നും നിര്‍ണയിക്കാൻ സാധിച്ചു. സാമ്പിളിൽ നിന്ന് കര്‍ണാടക, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള രോഗാണുക്കളെയാണ് കണ്ടെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് 4644 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. 18 കൊവിഡ് മരണം സ്ഥിരീകരിക്കുകയും ചെയ്തു. നിലവില്‍ 37488 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. സമ്പര്‍ക്കത്തിലൂടെ 3781 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 498 പേരുടെ ഉടവിടം വ്യക്തമല്ല. 86 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. 2862 പേര്‍ രോഗവിമുക്തരായി. ഏറ്റവും അധികം രോഗികൾ തിരുവനന്തപുരത്താണ് എന്നും മുഖ്യമന്ത്രി അറിയിച്ചു.

click me!