വെന്‍റിലേറ്ററിൽ 43 ദിവസം, 20 ദിവസം കോമയിൽ, കേരളത്തിൽ നിന്ന് അപൂർവമായൊരു കൊവിഡ് അതിജീവന കഥ

Published : Sep 19, 2020, 07:26 PM IST
വെന്‍റിലേറ്ററിൽ 43 ദിവസം, 20 ദിവസം കോമയിൽ, കേരളത്തിൽ നിന്ന് അപൂർവമായൊരു കൊവിഡ്  അതിജീവന കഥ

Synopsis

ടൈറ്റസിനെ ചികിത്സിച്ച എല്ലാ ജീവനക്കാരെയും അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി. അതിനിടയിൽ രോഗ വ്യാപനത്തിന് കാരണമാകുന്നതിന് ശ്രമിക്കുന്നവരുടെ കണ്ണു തുറപ്പിനാണ് ഇത്  പറയുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.   

കൊല്ലം: കൊവിഡിന്റെ വലയിൽ 72 ദിവസം. അതിൽ തന്നെ 43 ദിവസം വെന്റിലേറ്ററിൽ. 20 ദിവസം കോമ അവസ്ഥയിൽ. എന്നിട്ടും കൊവിഡിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചു വന്ന ഒരാൾ ഉണ്ട്, കൊല്ലം ശാസ്താംകോട്ടയിൽ. മൽസ്യ വിൽപന തൊഴിലാളി ആയ ടൈറ്റ‌സ്. കോവിഡ് ചികിത്സ രംഗത്ത് പ്രതീക്ഷ പകരുന്നതാണ് ഈ അതിജീവനം.
 
ജൂലൈ ആറാം തിയതി ആണ് ടൈറ്റസിന് കൊവിഡ് സ്ഥിരീകരിച്ചത് .പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദേഹത്തിനു രോഗം മൂർച്ഛിച്ചു. തുടർന്ന് ഐ സി യുവിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്റർ സഹായത്തോടെ ജീവൻ നിലനിർത്തി. വെന്റിലേറ്ററിൽ തുടരവേ അദ്ദേഹം പൂർണമായും അബോധാവസ്ഥയിൽ ആയി. പക്ഷെ പ്രതീക്ഷ കൈവിടാതെ ആശുപത്രി അധികൃതർ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചു ചികിത്സ തുടർന്നു. ഇതിനിടയിൽ അദ്ദേഹം കൊവിഡ് നെഗറ്റിവ് ആയി.

എന്നാൽ കോവിഡ് അദ്ദേഹത്തിന്റെ ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നു. ഈ ദിവസങ്ങളിൽ ജീവൻ രക്ഷാ മരുന്ന് ഉൾപ്പെടെ ഉയർന്ന അളവിൽ നൽകി 30ലേറെ തവണ ഡയാലിസിസ് ചെയ്തു . 67 ദിവസം ദ്രവരൂപത്തിൽ ഉള്ള ഭക്ഷണം മാത്രം നൽകി. ഒടുവിൽ പ്രതീക്ഷയുടെ ദിനങ്ങൾ പുലര്‍ന്നു. ആഗസ്റ്റ് 17നു ഇദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. 21നു മുറിയിലേക്കും. തുടർന്ന് ഫിസിയോ തെറാപ്പി ചികിത്സ. ചലന ശേഷിയും സംസാര ശേഷിയും വീണ്ടെടുത്തു. നീണ്ട 72 ദിവസങ്ങൾക്ക് ശേഷം ടൈറ്റസ് ആരോഗ്യവാനായി ആശുപത്രി വിട്ടു. ലക്ഷങ്ങൾ ചെലവ് വരുന്ന ചികിത്സ പൂർണമായും സൗജന്യമായിരുന്നു.

ടൈറ്റസ് ടൈറ്റ‌സ് കൊവിഡിനെ അതിജീവിച്ചത് വലിയ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശാസ്താംകോട്ട സ്വദേശി ടൈറ്റസ് ആണ് ജീവിതത്തിലേക്ക് വെന്‍റിലേറ്ററിൽ നിന്ന് തിരിച്ചെത്തിയത്.  ആരോഗ്യ പ്രവര്‍ത്തകരുടെ 70 ദിവസത്തിലധികം നീണ്ട പ്രയത്നത്തിന്‍റെ ഫലമായാണ് അദ്ദേഹത്തിന് നീണ്ട കാലത്തിന് ശേഷം ആശുപത്രി വിടാനായത്. അതിജീവനത്തിന്‍റെ മാതൃകയായതിനാലാണ് ഇക്കാര്യം എടുത്തുപറയുന്നത്. അദ്ദേഹത്തെ ചികിത്സിച്ച എല്ലാ ജീവനക്കാരെയും അഭിനന്ദിക്കുന്നു. അതിനിടയിൽ രോഗ വ്യാപനത്തിന് കാരണമാകുന്നതിന് ശ്രമിക്കുന്നവരുടെ കണ്ണു തുറപ്പിനാണ് ഇത് ഇവിടെ പറയുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും
അമിതവില, അളവ് കുറവ്, എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ നൂഡിൽസ്; 98000 രൂപ പിഴ ഈടാക്കി, ശബരിമല സന്നിധാനത്താകെ പരിശോധന