'മാറ്റിവയ്ക്കാനുള്ള ഹൃദയവുമായി എയർ ആംബുലൻസിൽ കുതിച്ച ജോ'; ഇടത് സ്ഥാനാർത്ഥിക്ക് ആശംസയുമായി മുഖ്യമന്ത്രി

Published : May 05, 2022, 07:45 PM IST
'മാറ്റിവയ്ക്കാനുള്ള ഹൃദയവുമായി എയർ ആംബുലൻസിൽ കുതിച്ച ജോ'; ഇടത് സ്ഥാനാർത്ഥിക്ക് ആശംസയുമായി മുഖ്യമന്ത്രി

Synopsis

കേരളത്തിലെ അറിയപ്പെടുന്ന ഹൃദ്രോഗ വിദഗ്ധരിൽ ഒരാളായ ജോ ജോസഫ് സാമൂഹ്യപ്രവർത്തകൻ, എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിലും തന്‍റേതായ മുദ്ര പതിപ്പിച്ച വ്യക്തിയാണെന്നും പിണറായി കുറിച്ചു

കൊച്ചി: തൃക്കാക്കരയിലെ ഇടത് സ്ഥാനാ‍ർത്ഥി ഡോ. ജോ ജോസഫിന് വോട്ട് അഭ്യർത്ഥിച്ചും വിജയാശംസകൾ നേർന്നും മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രി ഫേസ്ബുക്ക് പേജിലൂടെയാണ് ജോ ജോസഫിന് വേണ്ടി രംഗത്തെത്തിയത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉയർത്തിപ്പിടിക്കുന്ന ജനകീയ വികസനവും ജനക്ഷേമവും നടപ്പാക്കാൻ മനുഷ്യ സ്നേഹത്തിന്‍റെയും സാമൂഹ്യപ്രതിബദ്ധതയുടേയും പ്രതീകമായ ജോ ജോസഫിനു കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.  കേരളത്തിലെ അറിയപ്പെടുന്ന ഹൃദ്രോഗ വിദഗ്ധരിൽ ഒരാളായ ജോ ജോസഫ് സാമൂഹ്യപ്രവർത്തകൻ, എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിലും തന്‍റേതായ മുദ്ര പതിപ്പിച്ച വ്യക്തിയാണെന്നും പിണറായി കുറിച്ചു. അറിവും പാടവവും സമൂഹ നന്മയ്ക്കായി ഉപയോഗിക്കാനുള്ള ജോയുടെ സന്നദ്ധതയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതെന്നും തൃക്കാക്കരയെ പ്രതിനിധാനം ചെയ്യാൻ സർവഥാ യോഗ്യനാണെന്നും പറഞ്ഞ മുഖ്യമന്ത്രി ജോ ജോസഫിനെ വിജയിപ്പിക്കണമെന്ന് മണ്ഡലത്തിലെ വോട്ടർമാരോട് അഭ്യർത്ഥിച്ചു.

മുഖ്യമന്ത്രിയുടെ കുറിപ്പ് പൂർണരൂപത്തിൽ

നാടിന്‍റെ ഹൃദയത്തുടിപ്പ് തൊട്ടറിഞ്ഞ ഡോ. ജോ ജോസഫ് തൃക്കാക്കര മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയാകുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉയർത്തിപ്പിടിക്കുന്ന ജനകീയ വികസനവും ജനക്ഷേമവും നടപ്പാക്കാൻ മനുഷ്യ സ്നേഹത്തിന്‍റെയും സാമൂഹ്യപ്രതിബദ്ധതയുടേയും പ്രതീകമായ ജോ ജോസഫിനു കഴിയും. മാറ്റിവയ്ക്കാനുള്ള ഹൃദയവുമായി എയർ ആംബുലൻസിൽ കുതിച്ച ജോയുടെ ദൃശ്യം മലയാളികൾ ആവേശപൂർവം ഏറ്റെടുത്ത ഒന്നായിരുന്നു. കേരളത്തിലെ അറിയപ്പെടുന്ന ഹൃദ്രോഗ വിദഗ്ധരിൽ ഒരാളായ ജോ ജോസഫ് സാമൂഹ്യപ്രവർത്തകൻ, എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിലും തന്‍റേതായ മുദ്ര പതിപ്പിച്ച വ്യക്തിയാണ്.

ഹൃദ്രോഗ, ഹൃദയാരോഗ്യ പരിപാലന രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഹാർട്ട് കെയർ ഫൗണ്ടേഷന്‍റെ എക്സിക്യുട്ടീവ് ട്രസ്റ്റിയായ ജോ പ്രളയകാലത്തും കൊവിഡ് മഹാമാരിയുടെ ഘട്ടത്തിലും ശ്രദ്ധേയമായ സേവനപ്രവർത്തനങ്ങൾ കാഴ്ചവച്ചു. മറ്റു നിരവധി സംഘടനകളിലും അദ്ദേഹം  ഭാരവാഹിത്വം വഹിക്കുന്നുണ്ട്. ഹൃദ്രോഗ ശാസ്ത്രത്തിൽ അനവധി ഗവേഷണ പ്രബന്ധങ്ങളും ലേഖനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. തന്‍റെ അറിവും പാടവവും സമൂഹ നന്മയ്ക്കായി ഉപയോഗിക്കാനുള്ള ജോയുടെ സന്നദ്ധതയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതും തൃക്കാക്കരയെ പ്രതിനിധാനം ചെയ്യാൻ സർവഥാ യോഗ്യനാക്കുന്നതും. 
ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉയർത്തിപ്പിടിക്കുന്ന ജനകീയവും സമഗ്രവുമായ വികസന നയങ്ങൾക്ക് തൃക്കാക്കരയിൽ നേതൃത്വം നൽകാൻ ഡോ. ജോ ജോസഫിനെ വിജയിപ്പിക്കണമെന്ന് മണ്ഡലത്തിലെ വോട്ടർമാരോട് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. അദ്ദേഹത്തിനു ഹൃദയപൂർവ്വം വിജയാശംസകൾ നേരുന്നു.


തൃക്കാക്കരയിൽ സജീവ സിപിഎം പ്രവർത്തകനെയല്ലേ നിർത്തേണ്ടത്, ഡോക്ടറെ നിർത്തിയതെന്തിന്? കെ സുധാകരൻ

അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സി പി എം സ്ഥാനാർത്ഥി നിർണയത്തെ വിമർശിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ രംഗത്തെത്തി. തൃക്കാക്കരയിൽ ഒരു സജീവ  സി പി എം പ്രവർത്തകനെയല്ലേ നിർത്തേണ്ടിയിരുന്നതെന്ന് അദ്ദേഹം ചോദിച്ചു. എന്തുകൊണ്ടാണ് വീണ്ടും ഒരു ഡോക്ടറെ നിർത്തിയത്? ഇക്കാര്യത്തിൽ സി പി എമ്മിനുള്ളിൽ തന്നെ കടുത്ത അമർഷമുണ്ട്. ഇത് തെരഞ്ഞെടുപ്പിൽ യു ഡി എഫിന് ഗുണം ചെയ്യുമെന്നും കെ സുധാകരൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉമ്മൻ ചാണ്ടി കുടുംബം തകർത്തെന്ന ആരോപണത്തിന് ചാണ്ടി ഉമ്മന്‍റെ തിരിച്ചടി; 'മനസാക്ഷിയുണ്ടെങ്കിൽ ഗണേഷ് സ്വയം ചോദിക്കട്ടെ, തിരുത്തട്ടെ'
കിളിമാനൂര്‍ വാഹനാപകടം; മുഖ്യപ്രതിയുടെ സുഹൃത്ത് അറസ്റ്റിൽ, ഒളിവിലുള്ള വിഷ്ണുവിനായി തമിഴ്നാട്ടിലേക്കും അന്വേഷണം