ഇക്കാര്യത്തിൽ സിപിഎമ്മിനുള്ളിൽ തന്നെ കടുത്ത അമർഷമുണ്ട്. ഇത് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഗുണം ചെയ്യുമെന്നും കെ സുധാകരൻ പറഞ്ഞു

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥി നിർണയത്തെ വിമർശിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. തൃക്കാക്കരയിൽ സിപിഎം ഒരു സജീവ പ്രവർത്തകനെയല്ലേ നിർത്തേണ്ടിയിരുന്നതെന്ന് അദ്ദേഹം ചോദിച്ചു. എന്തുകൊണ്ടാണ് വീണ്ടും ഒരു ഡോക്ടറെ നിർത്തിയത്? ഇക്കാര്യത്തിൽ സിപിഎമ്മിനുള്ളിൽ തന്നെ കടുത്ത അമർഷമുണ്ട്. ഇത് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഗുണം ചെയ്യുമെന്നും കെ സുധാകരൻ പറഞ്ഞു. 

ജോ ജോസഫിന്റെ മികവിൽ ജയപ്രതീക്ഷയോടെ ഇടതുമുന്നണി

തൃക്കാക്കര: യുഡിഎഫിനും കോൺഗ്രസിനും ശക്തമായ സ്വാധീനമുള്ള തൃക്കാക്കര മണ്ഡലത്തിൽ ഡോ ജോ ജോസഫിനെ സ്ഥാനാർത്ഥിയാക്കി ശക്തമായ മത്സരം കാഴ്ചവെക്കാനാണ് സിപിഎം ശ്രമം. 43 കാരനായ ഡോക്ടറെ സ്ഥാനാർത്ഥിയാക്കുമ്പോൾ യുവത്വമെന്ന പരിഗണനയും വോട്ടർമാർക്കിടയിൽ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. 

ഹൃദ്രോഗ വിദഗ്ദ്ധൻ, സാമൂഹ്യ പ്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് ഡോ ജോ ജോസഫ്. തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാലയിലാണ് ഇദ്ദേഹത്തിന്റെ സ്ഥിരതാമസം. എറണാകുളം ലിസി ആശുപത്രിയിൽ ഡോ ജോസ് ചാക്കോ പെരിയപ്പുറത്തിനൊപ്പം നിരവധി ഹൃദയം മാറ്റിവെക്കല്‍ ശസ്‌ത്രക്രിയകള്‍ക്ക് ജോ ജോസഫ് നേതൃത്വം നല്‍കിയിട്ടുണ്ട്.

കോട്ടയം മെഡിക്കൽ കോളേജിൽ നിന്നാണ് ജോ ജോസഫ് എംബിബിഎസ് ബിരുദം നേടിയത്. കട്ടക്ക് എസ്‌‌സി‌ബി മെഡിക്കൽ കോളേജിൽ നിന്ന് ജനറൽ മെഡിസിനിൽ ബിരുദാനന്തര ബിരുദം നേടി. പിന്നീട് ദില്ലി എയിംസിൽ നിന്ന് ഹൃദ്രോഗ ചികിത്സയിൽ ഡിഎം നേടിയ ശേഷം കേരളത്തിലായിരുന്നു ഡോ ജോ ജോസഫിന്റെ ഔദ്യോഗിക ജീവിതം.

പ്രോഗ്രസീവ് ഡോക്ടേർസ് ഫോറത്തിന്റെ എറണാകുളം ജില്ലയിലെ പ്രവർത്തനത്തിന് ഡോ ജോ ജോസഫ് നേതൃത്വം നൽകുന്നുണ്ട്. ഹാർട്ട് ഫൗണ്ടേഷന്റെ ട്രെസ്റ്റിയാണ്. ആരോഗ്യ പ്രശ്നങ്ങളിൽ ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്. ഹൃദയപൂർവം ഡോക്ടർ എന്ന പുസ്തകത്തിന്റെ രചയിതാവാണ്. പ്രളയ കാലത്തെ സന്നദ്ധ പ്രവർത്തനത്തിന് പുരസ്കാരം ലഭിച്ചതും ജോ ജോസഫിന്റെ പൊതുജീവിതത്തിന്റെ മേന്മയായി ഇടതുപക്ഷം ഉയർത്തിക്കാട്ടുന്നു.

കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ കളപ്പുര‌യ്‌‌ക്ക‌ന്‍ കുടുംബാംഗമാണ് ഡോ ജോ ജോസഫ്. കെഎസ്ഇബി ജീവനക്കാരായിരുന്ന പരേതരായ കെ വി ജോസഫിന്റേയും ഏലിക്കുട്ടിയുടേയും മകനാണ്. 1978 ഒക്ടോബര്‍ 30ന് ചങ്ങനാശ്ശേരിയിലാണ് ജനനം. തൃശൂര്‍ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ സൈക്യാട്രിസ്റ്റായ ഡോക്‌ടര്‍ ദയാ പാസ്‌കലാണ് ഭാര്യ. കളമശേരി രാജഗിരി പബ്ലിക് സ്‌‌കൂളിലെ പത്താം ക്ലാസ്സുകാരി കുമാരി ജവാന്‍ ലിസ് ജോ, ആറാം ക്ലാസ്സുകാരി കുമാരി ജിയന്ന എന്നിവരാണ് മക്കള്‍.