
നിലമ്പൂര്‍: രാജ്യത്തെ നിയമ സംഹിതകൾ അട്ടിമറിക്കപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ സ്ഥാപനങ്ങൾ നോക്കുത്തിയാക്കാനുള്ള ശ്രമം നടക്കുന്നുവെന്നും ജുഡീഷ്യറിയെ പോലും സ്വതന്ത്രമായി ഇടപെടാൻ അനുവദിക്കാത്ത തരത്തിൽ ഇടപെടൽ നടത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി ഇപ്പോഴത്തെ രീതിയിൽ വളർന്നു വരാൻ കാരണം കോൺഗ്രസ് നിലപാടിൽ അയവു വരുത്തിയതാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ആർ എസ് എസ് നിലപാടുകൾ ആവർത്തിക്കാൻ കോൺഗ്രസ് ശ്രമിച്ചതാണ് ബിജെപിക്ക് ഗുണമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ ഘട്ടത്തിലും സ്വന്തം നിലപാട് ഉയർത്തിപ്പിടിക്കുന്നതിനു പകരം ആർ എസ് എസ് നിലപാട് ഉയർത്തിപ്പിടിക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. നെഹ്‌റുവിന്റെ നിലപാടല്ല നെഹ്‌റു കുടുംബം എന്ന് പറയുന്നവരിൽ നിന്നും പിന്നീട് ഉണ്ടായത്. കോൺഗ്രസാണ് ബി ജെ പിക്കു ഭരിക്കാൻ അവസരമൊരുക്കി കൊടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധിക്കെതിരെ വിവിധ സ്ഥലങ്ങളിൽ കേസ് ഉണ്ടെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. അതിൽ രാമക്ഷേത്രത്തിൽ കയറാൻ ശ്രമിച്ചതിലുള്ള കേസ് ഉണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. മണിപ്പൂർ വിഷയത്തിൽ ആനി രാജ പ്രതികരിക്കാൻ മുന്നിൽ ഉണ്ടായിരുന്നു. രാഹുൽ ഗാന്ധിയോ മറ്റേതെങ്കിലും കോൺഗ്രസ് നേതാക്കളോ അവിടെ ഉണ്ടായിരുന്നോ? സിഎഎ വിഷയത്തിൽ സിപിഎമ്മിന്റെയും സിപിഐയുടെയും നേതാക്കൾ അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാൽ ഏതെങ്കിലും ഒരു കോൺഗ്രസുകാരന്റെ പേര് അതിൽ പറയാൻ പറ്റുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
ജയിലിൽ പോകാൻ ഭയന്നിട്ടാണ് നേതാക്കൾ ബിജെപിയിൽ പോകുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇത്തരം പ്രസ്താവനയിലൂടെ എന്ത് സന്ദേശമാണ് രാഹുൽ ഗാന്ധി നൽകുന്നത്? കോൺഗ്രസ് ഭരിക്കുമ്പോൾ അന്യായമായി എത്ര പേരെ ജയിലിൽ ഇട്ടിട്ടുണ്ട്? എന്നിട്ട് അവർ ആരെങ്കിലും പാർട്ടി മാറിയിട്ടുണ്ടോ. വിശ്വസിക്കാൻ പറ്റാത്ത വിഭാഗമാണ് കോൺഗ്രസ്. കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ അനുഭവം ഇതിന് തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam