
തിരുവനന്തപുരം : ഗാന്ധിയൻ ഗോപിനാഥൻ നായരുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും. ദേശീയ സ്വാതന്ത്ര്യ സമര കാലഘട്ടത്തെ ഇന്നത്തെ കാലഘട്ടവുമായി ബന്ധിപ്പിച്ചുനിർത്തിയ വിലപ്പെട്ട കണ്ണിയാണ് ഗോപിനാഥൻ നായരെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ കുറിച്ചു. ഗാന്ധിയൻ മൂല്യങ്ങൾ വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും പകർത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. ശുദ്ധവും സുതാര്യവുമായ വ്യക്തിത്വത്തിന്റെ ഉടമ. ഗാന്ധിയൻ പ്രസ്ഥാനങ്ങൾക്ക് എന്നും വറ്റാത്ത പ്രചോദനം നൽകി മുമ്പേ നടന്ന മാതൃകാ വ്യക്തിത്വങ്ങളിൽ ഒന്നാണ് ഗോപിനാഥനായരുടെ നിര്യാണത്തിലൂടെ നഷ്ടമാകുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സ്വാതന്ത്ര്യ സമര സേനാനി ഗാന്ധിയൻ പി ഗോപിനാഥൻ നായർ അന്തരിച്ചു
പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയുമായ പി ഗോപിനാഥൻ നായരുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും അനുശോചിച്ചു. അഖിലേന്ത്യാ ഗാന്ധിസ്മാരക നിധിയുടെ തുടക്കം മുതൽ സേവനം അനുഷ്ഠിച്ചവരിൽ പ്രമുഖനാണ് പി. ഗോപിനാഥൻ നായർ. ഗാന്ധിജിയുടെ സേവാഗ്രാം ആശ്രമത്തിൽ 11 വർഷം പ്രസിഡന്റായിരുന്നു. ആചാര്യ വിനോബാജിയുടെ ഭൂദാന പ്രസ്ഥാനത്തിലും അണിചേർന്നിട്ടുണ്ട്. മാറാട് കലാപ സമയത്ത് മുഖ്യമന്ത്രിയായിരുന്ന ഏ.കെ ആൻ്റണി സർക്കാരിൻ്റെ സമാധാന ദൂതനായി അയച്ചതും ഗോപിനാഥൻ നായരെ ആയിരുന്നു. ദേശീയ തലത്തിൽ നടന്ന സിഖ് ഹിന്ദ് സംഘർഷത്തിൽ ശാന്തിയുടെ സന്ദേശവാഹകനായും അദ്ദേഹം മുൻനിരയിലുണ്ടായിരുന്നു. വിദ്വേഷവും വെറുപ്പും വിഭാഗീയതയും രാഷ്ട്രീയ അജണ്ടയാക്കുകയും ഗാന്ധി നിന്ദ പതിവാകുകയും ചെയ്യുന്ന ഇക്കാലത്ത് പി.ഗോപിനാഥൻ നായരെ പോലൊരു തികഞ്ഞ ഗാന്ധിയൻ്റെ വിയോഗം നമ്മുടെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്ത് ശൂന്യതയുണ്ടാക്കുമെന്നും അദ്ദേഹം അനുശോചിച്ചു.
സ്വാതന്ത്ര്യ സമര സേനാനി ഗാന്ധിയൻ പി ഗോപിനാഥൻ നായർ അന്തരിച്ചു
സ്വാതന്ത്ര്യ സമര സേനാനി ഗാന്ധിയൻ പി ഗോപിനാഥൻ നായർ അന്തരിച്ചു. 100 വയസായിരുന്നു. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. കോളേജ് വിദ്യാഭ്യാസ കാലത്തു സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തു ജയിൽ വാസം അനുഷ്ഠിച്ചു. പത്മശ്രീ അടക്കം നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്.
നൂറ്റാണ്ട് തികഞ്ഞ കർമനിരത ജീവിതത്തിനാണ് അവസാനമായത്. 1922 ജൂലൈ ഏഴിന് നെയ്യാറ്റിൻകരയിലായിരുന്നു ജനനം. വിദ്യാഭ്യാസ കാലത്തു തന്നെ ഗാന്ധിയൻ ആശയങ്ങളിൽ ആകൃഷ്ടനായി. പിന്നീട് കേരളത്തിലെത്തിയ ഗാന്ധിജിയെ നേരിൽ കണ്ടത് ഗോപിനാഥൻ നായരുടെ ജീവിതത്തെ മാറ്റിമറിച്ചു. കോളേജ് കാലം മുതൽക്ക് സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്തു.
ഗാന്ധിയൻ സന്ദേശവുമായി രാജ്യത്തുടനീളം സഞ്ചരിച്ചിട്ടുണ്ട് അദ്ദേഹം. പഞ്ചാബില്‍ സിഖ് – ഹിന്ദു സംഘര്‍ഷ സമയത്ത് ശാന്തി സന്ദേശവുമായി സന്ദർശിച്ചിരുന്നു. 1951ൽ കെ കേളപ്പന്റെ അധ്യക്ഷതയിൽ രൂപം കൊണ്ട ഗാന്ധി സ്മാരക നിധിയിൽ സ്ഥാപക അംഗമായി. പിന്നീട് ഗാന്ധി സ്മാരക നിധിയുടെ അധ്യക്ഷ സ്ഥാനത്തത്തെി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam