കൊവിഡ് തടയാന്‍ നിങ്ങള്‍ എന്ത് ക്രിയാത്മക നിലപാട് സ്വീകരിച്ചു; പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

By Web TeamFirst Published Jul 21, 2020, 7:09 PM IST
Highlights

സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും പറയുന്നത് പ്രാധാന്യത്തിലെടുക്കേണ്ടെന്ന് ഇത്തരക്കാര്‍ തന്നെ പറഞ്ഞു. ഇത്തരത്തില്‍ സൃഷ്ടിച്ച പൊതുബോധം പ്രതിരോധത്തിന് പ്രതിബന്ധം സൃഷ്ടിച്ചോയെന്ന് അവര്‍ തന്നെ ചിന്തിക്കട്ടെ.
 

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനത്തെ പ്രതിപക്ഷത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വ്യാപനം തടയാന്‍ എന്തെങ്കിലും ക്രിയാത്മക നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.

രോഗവ്യാപനം തടയാന്‍ എന്തെങ്കിലും ക്രിയാത്മക സംഭാവന പ്രതിപക്ഷം നല്‍കിയോ. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചും സമരം നടത്തുമെന്ന് പ്രഖ്യാപിച്ചവര്‍ ഇവിടെയില്ലേ.ആരോടായിരുന്നു വെല്ലുവിളി. ഹൈക്കോടതിയോടോ അതോ സാധാരണ ജനങ്ങളോടോ. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാല്‍ അപകടം നിങ്ങള്‍ക്ക് മാത്രമല്ല. നാടിനാകെ വരും. നിങ്ങളുടെ സന്ദേശം അതല്ലേ.അത് മനസ്സിലാകാത്തത് കൊണ്ടാണ് ഇത്തരം നീചമായ രാഷ്ട്രീയക്കളിക്ക് തയ്യാറാകുന്നത്. കേരളത്തില്‍ ഏറ്റവും മികച്ച നിലയിലാണ് കൊവിഡ് പ്രതിരോധം നടക്കുന്നത്. രോഗബാധ അപകടമാണെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതല്‍ പ്രതിരോധ പ്രവര്‍ത്തനം തുടങ്ങിയ സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആദ്യഘട്ടങ്ങളില്‍ ഇവിടെ വന്നവരില്‍ നിന്ന് രോഗം പടരാതെ നോക്കാനായത് അതുകൊണ്ടാണ്. അതിന് ഇനിയും ശ്രമിക്കും. ഇടങ്കോലിടരുത്. അത്തരക്കാര്‍ പുനര്‍വിചിന്തനം നടത്തണം. സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും പറയുന്നത് പ്രാധാന്യത്തിലെടുക്കേണ്ടെന്ന് ഇത്തരക്കാര്‍ തന്നെ പറഞ്ഞു. ഇത്തരത്തില്‍ സൃഷ്ടിച്ച പൊതുബോധം പ്രതിരോധത്തിന് പ്രതിബന്ധം സൃഷ്ടിച്ചോയെന്ന് അവര്‍ തന്നെ ചിന്തിക്കട്ടെ. സര്‍ക്കാരിന് ഒരു ലക്ഷ്യമേയുള്ളൂ. എല്ലാവരും യോജിച്ച് മഹാമാരിയെ പ്രതിരോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. 

രോഗബാധ പിടിച്ചുനിര്‍ത്താന്‍ വേണ്ട നടപടികള്‍ മാത്രമാണ് കേരളം സ്വീകരിച്ചത്. പുറത്ത് നിന്ന് വരുന്നവര്‍ക്ക് പാസ് നിര്‍ബന്ധമാക്കിയത് ഇക്കാരണത്താലാണ്. പാസില്ലാതെ വരുന്നവരെ കണ്ടെത്താനായില്ലെങ്കില്‍ രോഗവ്യാപനം പിടിച്ചുനിര്‍ത്താനാവില്ല. അത് തകര്‍ക്കാന്‍ സംസ്ഥാന അതിര്‍ത്തിയില്‍ സമരം നടത്തിയത് ഇവരല്ലേ.ഒരു നിയന്ത്രണവുമില്ലാതെ രോഗം വ്യാപിച്ചോട്ടെ എന്നല്ലേ അവര്‍ ലക്ഷ്യമിട്ടത്. അത്തരക്കാര്‍ തന്നെയാണ് മത്സ്യത്തൊഴിലാളികള്‍ക്കെതിരെയാണ്സര്‍ക്കാര്‍ എന്ന് പ്രചരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

click me!