
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിളിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ് വിളിപ്പിച്ചത്. ഡിജിപി അനിൽ കാന്ത്, പൊലീസ് ആസ്ഥാനത്തെ എഡിജിപി, ക്രമസമാധാന ചുമതലയുള്ള എഡിജിപി, ഇന്റലിജൻസ് എഡിജിപി എന്നിവരെയാണ് വിളിച്ചുവരുത്തിയത്. പിസി ജോർജ്ജിന്റെ കേസ് കൈകാര്യം ചെയ്തതിൽ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിലയിരുത്തലുണ്ടായി. പിസി ജോർജ്ജിന്റെ കേസ് കൈകാര്യം ചെയ്തതിൽ പൊലീസിന് വീഴ്ച സംഭവിച്ചെന്നതും ആർഎസ്എസ് - എസ് ഡി പി ഐ സംഘർഷങ്ങൾ ഉണ്ടാകാതെ നോക്കുന്നതും യോഗത്തിൽ ചർച്ചയായി. പിന്നാലെ ഈ മാസം 13 ന് ഡിജിപി അനിൽ കാന്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.
മുൻകൂർ ജാമ്യാപേക്ഷയുമായി പിസി ജോർജ്
കൊച്ചി: മതവിദ്വേഷ പ്രസംഗത്തിൽ അറസ്റ്റിലായി ജാമ്യം ലഭിച്ച ശേഷവും കുറ്റം ആവർത്തിച്ചെന്നതിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ മുൻ എംഎൽഎ പിസി ജോർജ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. അപേക്ഷ നാളെ പരിഗണിക്കും. മതവിദ്വേഷം ഉണ്ടാക്കുന്ന ഭാഗങ്ങൾ ഒന്നും പ്രസംഗത്തിൽ ഇല്ലെന്ന് ഹർജിയിൽ പിസി ജോർജ് പറയുന്നു. തിരുവനന്തപുരത്തെ കേസിൽ ജാമ്യം റദ്ദാക്കാനുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമാണ് പുതിയ കേസ്. അഭിപ്രായ സ്വാതന്ത്ര്യത്തെ കേസ് കൊണ്ട് തടയുകയാണ് സർക്കാർ ചെയ്യുന്നതെന്നും അറസ്റ്റ് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കേസ് രാഷ്ട്രീയ പ്രേരിതമെന്ന് വാദിക്കുന്ന മുൻകൂർ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി നാളെ പരിഗണിക്കും.