'അഭിപ്രായ സ്വാതന്ത്ര്യത്തെ കേസ് കൊണ്ട് തടയുന്നു': മുൻകൂർ ജാമ്യാപേക്ഷയുമായി പിസി ജോർജ്

Published : May 10, 2022, 10:34 PM ISTUpdated : May 10, 2022, 10:35 PM IST
'അഭിപ്രായ സ്വാതന്ത്ര്യത്തെ കേസ് കൊണ്ട് തടയുന്നു': മുൻകൂർ ജാമ്യാപേക്ഷയുമായി പിസി ജോർജ്

Synopsis

മതവിദ്വേഷം ഉണ്ടാക്കുന്ന ഭാഗങ്ങൾ ഒന്നും പ്രസംഗത്തിൽ ഇല്ലെന്ന് ഹർജിയിൽ പിസി ജോർജ് പറയുന്നു. തിരുവനന്തപുരത്തെ കേസിൽ ജാമ്യം റദ്ദാക്കാനുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമാണ് പുതിയ കേസ്

കൊച്ചി: മതവിദ്വേഷ പ്രസംഗത്തിൽ അറസ്റ്റിലായി ജാമ്യം ലഭിച്ച ശേഷവും കുറ്റം ആവർത്തിച്ചെന്നതിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ മുൻ എംഎൽഎ പിസി ജോർജ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. അപേക്ഷ നാളെ പരിഗണിക്കും. മതവിദ്വേഷം ഉണ്ടാക്കുന്ന ഭാഗങ്ങൾ ഒന്നും പ്രസംഗത്തിൽ ഇല്ലെന്ന് ഹർജിയിൽ പിസി ജോർജ് പറയുന്നു. തിരുവനന്തപുരത്തെ കേസിൽ ജാമ്യം റദ്ദാക്കാനുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമാണ് പുതിയ കേസ്. അഭിപ്രായ സ്വാതന്ത്ര്യത്തെ കേസ് കൊണ്ട് തടയുകയാണ് സർക്കാർ ചെയ്യുന്നതെന്നും അറസ്റ്റ് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കേസ് രാഷ്ട്രീയ പ്രേരിതമെന്ന് വാദിക്കുന്ന മുൻകൂർ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി നാളെ പരിഗണിക്കും. 

കഴിഞ്ഞ ദിവസം വെണ്ണലയിൽ നടത്തിയ പ്രസംഗത്തിന്‍റെ പേരിൽ കൊച്ചി സിറ്റി പൊലീസിന്‍റേതാണ് നടപടി. തിരുവനന്തപുരം കിഴക്കോക്കട്ടയിലെ വിദ്വേഷ പ്രസംഗത്തിനെതിരായ കേസിൽ പി സി ജോ‍ർജിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് പുതിയ സംഭവം. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ വെണ്ണലയിൽ  ഞായറാഴ്ച്ച വൈകുന്നേരമാണ് പി സി ജോർജ് വിദ്വേഷപ്രസംഗം നടത്തിയത്. വിവാദ ഇടനിലക്കാരൻ നന്ദകുമാർ ഭാരവാഹിയായ ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തിന്‍റെ സമാപനത്തിലാണ് മുസ്ലീം മതവിഭാഗത്തെ അധിക്ഷേപിച്ച് പി സി ജോർജ് വീണ്ടും രംഗത്തെത്തിയത്.

ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ഐപി സി 153 എ, 295 എ വകുപ്പുകൾ പ്രകാരം ജാമ്യമില്ലാക്കുറ്റം ചുമത്തി പാലാരിവട്ടം പൊലീസ് കേസെടുത്തത്. സമുദായ സ്പർഥയുണ്ടാക്കൽ, മനപ്പൂര്‍വമായി മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണിത്. ആരാധനാകേന്ദ്രത്തിൽ വെച്ചാണ് കുറ്റകൃത്യമെങ്കിൽ അഞ്ചുവർഷം വരെ തടവുശിക്ഷ കിട്ടാം. തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ സമാന സ്വഭാവമുളള വിദ്വേഷ പ്രസംഗത്തിന്‍റെ പേരിലാണ് പി സി ജോർജിനെ കഴി‍ഞ്ഞയാഴ്ച്ച അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. സമാനകുറ്റം ആവർത്തിച്ച സാഹചര്യത്തിൽ ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്. പി സി ജോർജിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി നാളെ തിരുവനന്തപുരത്തെ കോടതിയിൽ പരിഗണിക്കുമ്പോള്‍ സർക്കാർ ഇക്കാര്യം കൂടി അറിയിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മത്സ്യബന്ധന ബോട്ട് ഇടിച്ച് തകർത്ത പനാമ കപ്പൽ കോസ്റ്റ് ഗാർഡ് പിടികൂടി വിഴിഞ്ഞത്ത് എത്തിച്ചു, തമിഴ്നാട് തീരത്തേക്ക് മാറ്റും
നടിയെ ആക്രമിച്ച കേസ്: നിർണായക നീക്കവുമായി ഹൈക്കോടതി, ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് ‌