Pinarayi Vijayan|നാല് ജില്ലകൾക്ക് നൂറ് കോടി വരെ നൽകും; വികസന പാക്കേജ് ശക്തമാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

By Web TeamFirst Published Nov 22, 2021, 8:34 PM IST
Highlights

ഇടുക്കി, വയനാട് ജില്ലകൾക്ക് സമാനമായ ഭൂമിശാസ്ത്ര, സാംസ്കാരിക സവിശേഷതകളുണ്ട്. എന്നാൽ ഇവരുടെ പ്രാദേശിക ആവശ്യങ്ങൾ വ്യത്യസ്തമാണ്. അത് മനസ്സിലാക്കി ഓരോ പ്രദേശത്തെയും ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് വികസനപ്രവർത്തനങ്ങൾ നടത്തണം. വിശദമായ നിർദേശങ്ങൾ അടങ്ങിയ പാക്കേജ് തയ്യാറാക്കാൻ സംസ്ഥാന പ്ലാനിങ് ബോർഡിനെ യോഗം ചുമതലപ്പെടുത്തി

കാസർകോട്, കുട്ടനാട്, ഇടുക്കി, വയനാട് വികസന പാക്കേജുകളുടെ (Development Package) പ്രവർത്തനം ശക്തിപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ (CM Pinarayi Vijayan) അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗം തീരുമാനിച്ചു. ഇടുക്കി, വയനാട് ജില്ലകൾക്ക് സമാനമായ ഭൂമിശാസ്ത്ര, സാംസ്കാരിക സവിശേഷതകളുണ്ട്. എന്നാൽ ഇവരുടെ പ്രാദേശിക ആവശ്യങ്ങൾ വ്യത്യസ്തമാണ്. അത് മനസ്സിലാക്കി ഓരോ പ്രദേശത്തെയും ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് വികസനപ്രവർത്തനങ്ങൾ നടത്തണം. വിശദമായ നിർദേശങ്ങൾ അടങ്ങിയ പാക്കേജ് തയ്യാറാക്കാൻ സംസ്ഥാന പ്ലാനിങ് ബോർഡിനെ യോഗം ചുമതലപ്പെടുത്തി.

നൂറുകോടി രൂപ വരെ ഈ ജില്ലകൾക്ക് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാസർഗോഡ് പാക്കേജിൽ നല്ല പുരോഗതിയുണ്ട്.  എന്നാൽ 2014 - 15, 2015 - 2016, 2016 - 17 വർഷം പ്ലാൻ ചെയ്ത ഏതാനും ചില  പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടില്ല. അവ പ്രത്യേകം അവലോകനം ചെയ്ത് പൂർത്തിയാക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.

കുട്ടനാട് പാക്കേജിൽ മന്ദഗതിയിൽ പോകുന്ന പ്രവർത്തനങ്ങൾ പ്രത്യേകം റിവ്യൂ ചെയ്യും. ഇതിന് മേൽനോട്ടം വഹിക്കാൻ ജില്ലാ വികസന കമ്മീഷണർക്ക് ആവശ്യമായ ഓഫീസ് പിന്തുണ നൽകാനും യോഗം തീരുമാനിച്ചു. യോഗത്തിൽ  സംസ്ഥാന പ്ലാനിങ് ബോർഡ്‌ വൈസ് ചെയർമാൻ ഡോ. വി കെ രാമചന്ദ്രൻ , ചീഫ് സെക്രട്ടറി ഡോ. വി. പി ജോയ്, വിവിധ വകുപ്പ് സെക്രട്ടറിമാർ ബന്ധപ്പെട്ട ജില്ലാ കളക്ടർമാർ, വികസന കമ്മീഷണർമാർ തുടങ്ങിയവർ പങ്കെടുത്തു.

അതേസമയം, രണ്ടാം പിണറായി സർക്കാർ അധികാരമേറ്റെടുത്ത് ആറുമാസം പൂർത്തിയാകുന്ന ഘട്ടത്തിലാണ്  വികസന പാക്കേജുകളുടെ പ്രവർത്തനം ശക്തിപ്പെടുത്താനുള്ള തീരുമാനം വരുന്നത്. കെ റെയിൽ അടക്കമുള്ള വികസന പദ്ധതികളുമായി മുന്നോട്ട് പോകാനാണ് പിണറായി സർക്കാരിന്റെ തീരുമാനം. ഇതിനൊപ്പം വികസന പാക്കേജുകൾക്കും പ്രാധാന്യം കൊടുക്കുന്നത് മലയോര ജില്ലകൾക്ക് ആശ്വാസമാണ്. 

click me!