'കേരളത്തെ കുറ്റം പറയലാണ് ഈ മന്ത്രി പുങ്കവന്‍റെ പണി'; കണക്ക് എവിടെ നിന്ന്, മുരളീധരനോട് ചോദ്യവുമായി മുഖ്യമന്ത്രി

By Web TeamFirst Published May 30, 2023, 8:55 PM IST
Highlights

കേന്ദ്ര സർക്കാർ കേരളത്തിന്റെ വായ്പാ പരിധി ‌വെട്ടിക്കുറച്ചത് സംബന്ധിച്ചുള്ള വി മുരളീധരന്‍റെ വിശദീകരണത്തിനെതിരെ കടുത്ത പ്രതിഷേധമാണ് സിപിഎം ഉയര്‍ത്തിയിട്ടുള്ളത്.

തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനെതിരെ കുറ്റം പറയലാണ് ഈ മന്ത്രി പുങ്കവന്‍റെ പണിയെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. കേരളത്തിന്‍റെ കടമെടുപ്പ് സംബന്ധിച്ച് കള്ളക്കണക്കാണ് പറയുന്നത്. വാർത്താ സമ്മേളനം വിളിച്ചാണോ ഇക്കാര്യം പറയേണ്ടത്. കേന്ദ്ര മന്ത്രിക്ക് എവിടെ നിന്നാണ് ഈ കണക്ക് ലഭിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

കേന്ദ്ര സർക്കാർ കേരളത്തിന്റെ വായ്പാ പരിധി ‌വെട്ടിക്കുറച്ചത് സംബന്ധിച്ചുള്ള വി മുരളീധരന്‍റെ വിശദീകരണത്തിനെതിരെ കടുത്ത പ്രതിഷേധമാണ് സിപിഎം ഉയര്‍ത്തിയിട്ടുള്ളത്. കേന്ദ്ര സർക്കാർ തീരുമാനം വിശദമായ പഠനങ്ങൾക്ക് ശേഷമാണെന്നും സംസ്ഥാന സർക്കാരിന്റെ ധൂർത്ത് കേന്ദ്ര സർക്കാരിന് അനുവദിക്കാനാകില്ലെന്നുമാണ് വി മുരളീധരൻ പറഞ്ഞത്. ന്ദ്രമന്ത്രി വി മുരളീധരൻ കേരളത്തിന്റെ ആരാച്ചാറെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചത്.  

കേന്ദ്ര സർക്കാർ കേരളത്തിന്റെ വായ്പാ പരിധി ‌വെട്ടിക്കുറച്ചപ്പോൾ എല്ലാവരും പ്രതിഷേധിക്കുകയാണ്‌. അത്‌ സംസ്ഥാനത്തെ ബാധിക്കുമെന്ന് എല്ലാവർക്കുമറിയാം. എല്ലാവരും ദുഖിക്കുമ്പോൾ മലയാളിയായ കേന്ദ്രമന്ത്രി സന്തോഷിക്കുന്നത് ദൗർഭാഗ്യകരമാണ്‌. കേരളത്തിന്‌ വേണ്ടി പ്രശ്നത്തിൽ ഇടപെടേണ്ടയാളായിരുന്നു വി മുരളീധരനെന്നും പി എ മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. സംസ്ഥാനങ്ങൾക്കെടുക്കാവുന്ന വായ്പ പരിധി ഓരോ സാമ്പത്തിക വര്‍ഷത്തിന്റേയും തുടക്കത്തിൽ കേന്ദ്ര സര്‍ക്കാരാണ് നിശ്ചയിച്ച് നൽകുന്നത്.

ഇതിന്റെ അടിസ്ഥാനത്തിൽ 32440 കോടി രൂപ പരിധി കേന്ദ്രസർക്കാർ കേരളത്തിന് നേരത്തേ നിശ്ചയിച്ച് നൽകിയിരുന്നു. എന്നാൽ വായ്പ എടുക്കാൻ അനുമതി നൽകിയത് 15390 കോടി രൂപയ്ക്ക് മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇത് 23000 കോടി രൂപയായിരുന്നു. അതായത് കഴിഞ്ഞ വര്‍ഷത്തെ കണക്ക് വച്ച് നോക്കിയാൽ വീണ്ടും 8000 കോടിയുടെ കുറവാണ് വായ്പാ പരിധിയിൽ ഉണ്ടായിരിക്കുന്നത്. കിഫ്ബി പദ്ധതി നടത്തിപ്പിന് വേണ്ടിയെടുത്ത വായ്പകളും വിവിധ  പൊതുമേഖലാ സ്ഥാപനങ്ങളെടുത്ത വായ്പയുമെല്ലാം സംസ്ഥാനത്തിന്റെ മൊത്തം ബാധ്യതയായി കണക്കാക്കിയാണ് വായ്പാ പരിധിയിൽ കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം. 

96000 രൂപ വിലയുള്ള ഫോണിനായി റിസർവോയർ വറ്റിച്ചു; സസ്പെൻഷനിൽ തീര്‍ന്നില്ല, ഉദ്യോഗസ്ഥന് അടുത്ത 'പണി', 53,000 പിഴ!

click me!