മൂന്ന് ദിവസമെടുത്ത് 15 അടി താഴ്ചയുള്ള വെള്ളമാണ് 30 എച്ച് പി കൂറ്റൻ പമ്പ് ഉപയോ​ഗിച്ച് ഇയാൾ വറ്റിച്ചത്. ഏകദേശം 1500 ഏക്കർ ജലസേചനത്തിനുപയോ​ഗിക്കാവുന്ന 21 ലക്ഷം ലിറ്റർ വെള്ളം ഇയാൾ പാഴാക്കി

റായ്പുർ: സെൽഫിയെടുക്കുന്നതിനിടെ 96000 രൂപ വിലയുള്ള മൊബൈൽ ഫോൺ വെള്ളത്തിൽ പോയത് തിരിച്ചെടുക്കാനായി റിസർവോയർ വറ്റിച്ച സർ‍ക്കാർ ഉദ്യോ​ഗസ്ഥനെതിരെ കൂടുതല്‍ നടപടികളുമായി ഛത്തീസ്ഗഡ് സ‍ർക്കാര്‍. മൊബൈൽ ഫോൺ വീണ്ടെടുക്കാൻ റിസർവോയറിൽ നിന്ന് 41 ലക്ഷം ലിറ്റർ വെള്ളം വറ്റിച്ച ഉദ്യോഗസ്ഥനെതിരെ ഛത്തീസ്ഗഡ് സർക്കാർ 53,092 രൂപ പിഴ ചുമത്തി. കാങ്കർ ജില്ലയിലെ പഖൻജോർ മേഖലയിൽ ഫുഡ് ഇൻസ്‌പെക്ടർ രാജേഷ് ബിശ്വാസിനാണ് ജലവിഭവ വകുപ്പ് പിഴ ചുമത്തിയത്.

മൂന്ന് ദിവസമെടുത്ത് 15 അടി താഴ്ചയുള്ള വെള്ളമാണ് 30 എച്ച് പി കൂറ്റൻ പമ്പ് ഉപയോ​ഗിച്ച് ഇയാൾ വറ്റിച്ചത്. ഏകദേശം 1500 ഏക്കർ ജലസേചനത്തിനുപയോ​ഗിക്കാവുന്ന 21 ലക്ഷം ലിറ്റർ വെള്ളം ഇയാൾ പാഴാക്കി. സംഭവം പുറത്തറിഞ്ഞതോ‌ടെ ഇയാളെ സസ്പെൻഡ് ചെയ്യുകയും കൂട്ടുനിന്ന മറ്റൊരു ഉദ്യോഗസ്ഥന്‍റെ ശമ്പളം പിടിച്ചുവെക്കുക‌യും ചെയ്തിരുന്നു. വെള്ളം ഉപയോ​ഗയോ​ഗ്യമല്ലെന്ന് മേലുദ്യോ​ഗസ്ഥർ അറിയിച്ചതിനെ തുടർന്നാണ് വറ്റിച്ചതെന്നാണ് ഇ‌യാളുടെ വിശദീകരണം.

സെൽഫിയെടുക്കുന്നതിനിടെയാണ് ഫോൺ വെള്ളത്തിൽ പോയത്. മൂന്ന് ദിവസത്തെ പരിശ്രമത്തിന് ശേഷം ഫോൺ കിട്ടിയെങ്കിലും ഉപയോ​ഗിക്കാനാകാത്ത തരത്തിൽ കേടുപാടുകൾ സംഭവിച്ചിരുന്നു. കുടുംബത്തോടൊപ്പം ഖേർക്കട്ട പറൽകോട്ട് റിസർവോയർ കാണാനെത്തിയതായിരുന്നു രാജേഷ് ബിശ്വാസ്. സെൽഫിയെടുക്കുന്നതിനിടെ വിലപിടിപ്പുള്ള സാംസങ് എസ് 23 ഫോൺ വെള്ളത്തിൽ വീണു. 15 അടി താഴ്ചയുള്ള റിസർവോയറിൽ നാലടിയായിരുന്നു വെള്ളമുണ്ടായിരുന്നത്.

ഇറി​ഗേഷൻ വകുപ്പിനെ സമീപിച്ച് ഇയാൾ വെള്ളം വറ്റിക്കുന്നതിന് അനുമതി വാങ്ങി. തുടർന്ന് കൂറ്റൻ പമ്പ് എത്തിച്ച് മൂന്ന് ദിവസമെടുത്ത് വെള്ളം വറ്റിച്ച ശേഷം തെരഞ്ഞു. സംഭവം വൻ വിവാദമാ‌യതോ‌ടെയാണ് ആദ്യം സസ്പെഷൻ നടപടി സ്വീകരിച്ചത്. കാങ്കർ കളക്ടർ പ്രിയങ്ക ശുക്ല റിപ്പോർട്ട് തേടുകയും തുടർന്ന് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയുമായിരുന്നു. വെള്ളം വറ്റിക്കാൻ വാക്കാൽ അനുമതി നൽകിയ ജലവിഭവ വകുപ്പ് സബ് ഡിവിഷണൽ ഓഫീസർ ആർ സി ധീവറിന് കളക്ടർ കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.

ഏഴാം ക്ലാസിൽ പഠിക്കുന്ന 3 വിദ്യാർഥിനികൾക്ക് സ്ഥിരം ശല്യം, ലൈംഗിക ചുവയുള്ള സംസാരം; 20കാരനെ ശിക്ഷിച്ച് കോടതി

YouTube video player