യാത്രക്കിടെ ലോക്ക് ഡൗണ്‍; അര്‍ധരാത്രിയില്‍ മുഖ്യമന്ത്രിയെ വിളിച്ചുണര്‍ത്തി, അവര്‍ 14 പേരും വീടുകളിലേക്ക്

Published : Mar 26, 2020, 09:13 AM ISTUpdated : Mar 26, 2020, 09:34 AM IST
യാത്രക്കിടെ ലോക്ക് ഡൗണ്‍; അര്‍ധരാത്രിയില്‍ മുഖ്യമന്ത്രിയെ വിളിച്ചുണര്‍ത്തി, അവര്‍ 14 പേരും വീടുകളിലേക്ക്

Synopsis

രാത്രി ഏറെ വൈകിയതിനാല്‍ മുഖ്യമന്ത്രി ഫോണ്‍ എടുക്കുമോ ശകാരിക്കുമോ എന്നെല്ലാമുള്ള പേടിയിലാണ് അവര്‍ ഫോണ്‍ വിളിച്ചത്. എന്നാല്‍ രണ്ടാമത്തെ റിങില്‍ തന്നെ മുഖ്യമന്ത്രി ഫോണ്‍ എടുത്തു, കാര്യം ചോദിച്ചറിഞ്ഞു. പരിഹാരവും കണ്ടു.

കോഴിക്കോട്: യാത്രക്കിടെ പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ വഴിയില്‍ കുടുങ്ങുമെന്ന ആശങ്കയില്‍ മലയാളികളായ 14 പേരുടെ സംഘം, ഇതില്‍ ഒരു ആണ്‍കുട്ടിയും 13 പെണ്‍കുട്ടികളും. എന്തുചെയ്യണമെന്നറിയാതെ ഒടുവില്‍ അര്‍ധരാത്രിയില്‍ അവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനെ സഹായം ആവശ്യപ്പെട്ട് ഫോണ്‍ വിളിക്കേണ്ടി വന്നു. രാത്രി ഏറെ വൈകിയതിനാല്‍ മുഖ്യമന്ത്രി ഫോണ്‍ എടുക്കുമോ? ശകാരിക്കുമോ? എന്നെല്ലാമുള്ള പേടിയിലാണ് അവര്‍ ഫോണ്‍ വിളിച്ചത്. എന്നാല്‍ രണ്ടാമത്തെ റിങില്‍ തന്നെ മുഖ്യമന്ത്രി ഫോണ്‍ എടുത്തു, കാര്യം ചോദിച്ചറിഞ്ഞു. പരിഹാരവും കണ്ടു.

ഹൈദരാബാദിലെ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസിലെ ജീവനക്കാരായ 14 പേരടങ്ങുന്ന സംഘം ചൊവ്വാഴ്ച രാവിലെ ഏഴുമണിക്കാണ് ടെമ്പോ ട്രാവലറില്‍ നാട്ടിലേക്ക് യാത്ര തിരിച്ചത്. കോഴിക്കോട് എത്തുമെന്ന ഉറപ്പിലാണ് യാത്ര തുടങ്ങിയതെങ്കിലും രാത്രിയോടെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇതോടെ അതിര്‍ത്തിയില്‍ ഇറക്കാം അവിടെ നിന്ന് നാട്ടിലേക്കുള്ള വണ്ടി പിടിക്കാന്‍ ഡ്രൈവര്‍ ഇവരോട് പറഞ്ഞു. അര്‍ധരാത്രിയില്‍ മുത്തങ്ങ വനമേഖലയില്‍ ഇറങ്ങുന്നത് സുരക്ഷിതമല്ലാത്തതിനാല്‍ തോല്‍പ്പെട്ടി ഭാഗത്ത് ഇവരെ ഇറക്കി വിടാനായി വാഹനം അങ്ങോട്ട് നീങ്ങി. 

ഇതേസമയം എന്തുചെയ്യണമെന്നും ആരോട് സഹായം അഭ്യര്‍ത്ഥിക്കണമെന്നും അറിയാതെ വാഹനത്തിലുള്ള മലയാളി സംഘം ആശങ്കയിലായി. പരിചയമുള്ള പലരെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടെ വിളിച്ചെങ്കിലും പ്രശ്‌നപരിഹാരമുണ്ടായില്ല. ഒടുവില്‍ മറ്റൊരു മാര്‍ഗവുമില്ലാതെ അര്‍ധരാത്രി ഒന്നര മണിക്ക് ഇവര്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചു. കാര്യമറിഞ്ഞപ്പോള്‍ വയനാട് കളക്ടറെയും എസ്പിയെയും വിളിക്കാനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി. കളക്ടറുടെയും എസ്പിയുടെയും നമ്പരും നല്‍കി.

എസ്പിയുടെ നമ്പരില്‍ വിളിച്ചപ്പോള്‍ തോല്‍പ്പെട്ടിയില്‍ വാഹനം എത്തുമ്പോഴേക്കും തുടര്‍ന്നുള്ള യാത്രയ്ക്ക് സൗകര്യമൊരുക്കാമെന്ന് അദ്ദേഹം അറിയിച്ചു. തോല്‍പ്പെട്ടിയില്‍ ഇറങ്ങി 20 മിനിറ്റ് കഴിഞ്ഞപ്പോള്‍ കോഴിക്കോടേക്ക് പോകാനുള്ള വാഹനവുമായി തിരുനെല്ലി എസ്‌ഐ എ യു ജയപ്രകാശ് എത്തി. ഒടുവില്‍ ബുധനാഴ്ച രാവിലെയോടെ 14 പേരും സുരക്ഷിതരായി വീടുകളിലെത്തി. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
click me!

Recommended Stories

അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണം: ലക്ഷങ്ങൾ വിലമതിക്കുന്ന പെയിൻ്റിങ് മെഷീൻ മോഷ്ടിച്ച കേസിൽ നാല് പേർ പിടിയിൽ
'കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു...' ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്