
ഹവാന: ക്യൂബൻ പൊതുജനാരോഗ്യ പ്രഥമ ഉപമന്ത്രി ടാനിയ മാർഗരിറ്റ ക്രൂസ് ഹെർണാണ്ടസുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചര്‍ച്ച നടത്തി. ആരോഗ്യ രംഗത്ത് ലോക മാതൃകകളായ കേരളവും ക്യൂബയും ആരോഗ്യ മേഖലയിലെ വൈദഗ്ധ്യവും അനുഭവങ്ങളും പരസ്പരം പങ്കുവയ്ക്കും. പൊതുജനാരോഗ്യ സംവിധാനത്തെപ്പറ്റി കൂടുതലറിയാൻ ആരോഗ്യ വിദഗ്ധരുടെ കൈമാറ്റവും വിനിമയവും നടത്തും. ഉഷ്ണമേഖലാ രോഗങ്ങൾ ഉൾപ്പെടെയുള്ളവയെപ്പറ്റി ഗവേഷണവും അതിവേഗ രോഗനിർണയത്തിനുള്ള ചികിത്സാ സാധ്യതകളും പങ്കുവെക്കും.
ക്യൂബയിൽ ആയുർവേദം വികസിപ്പിക്കാൻ കേരളം സഹായിക്കും. ക്യൂബക്കാർക്ക് അതിന് വേണ്ട പരിശീലനവും വൈദഗ്ദ്ധ്യവും നൽകും. ആരോഗ്യ മേഖലയിൽ ക്യൂബ കൈവരിച്ച നേട്ടങ്ങൾ ലോകം അത്ഭുതാദരവോടെയാണ് കാണുന്നതെന്നും ആരോഗ്യമേഖലയിൽ ക്യൂബയുമായുള്ള സഹകരണം കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് മുതൽക്കൂട്ടായി മാറുമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.
പൊതുജനാരോഗ്യം, മെഡിക്കൽ ഗവേഷണം, ട്രോപ്പിക്കൽ മെഡിസിൻ, കാൻസർ ചികിത്സ, ടെലിമെഡിസിൻ മുതലായ മേഖലയിൽ ക്യൂബയുടെ സഹകരണം കേരളത്തിന് ഗുണകരമാകുമെന്നു അറിയിച്ചു. എല്ലാ വിഭാഗം ജനങ്ങൾക്കും മികച്ച ആരോഗ്യ സംരക്ഷണം ലഭ്യമാക്കാനുള്ള കേരളത്തിന്റെ ശ്രമത്തിനു ക്യൂബൻ മാതൃകയിൽ നിന്ന് പ്രചോദനമുൾക്കൊള്ളാൻ സാധിക്കുമെന്ന പ്രത്യാശയും പങ്കുവച്ചു.
ക്യൂബയിലെ പഞ്ചകർമ്മ സെന്‍ററിന്‍റെ പ്രവർത്തനം കൂടുതൽ മികവുറ്റതാക്കാൻ കേരളത്തിന്റെ സഹായം വാഗ്ദാനം ചെയ്തു. പഞ്ചകർമ്മ ചികിത്സയിൽ പ്രാവീണ്യമുള്ള ട്രെയിനർമാരെ ക്യൂബയിലേയ്ക്ക് അയക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്നും അറിയിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജും സംസാരിച്ചു. ക്യൂബൻ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വിവിധ വകുപ്പ് മേധാവികൾ, ക്യൂബൻ മെഡിക്കൽ സർവീസസ് ട്രേഡിങ്ങ് കമ്പനി പ്രസിഡണ്ട് യമില ഡി അർമാസ് അവില, ഐപികെ (ട്രോപ്പിക്കൽ മെഡിസിൻ) ഡയറക്ടർ യാനിരിസ് ലോപസ് അൽമാഗ്വർ തുടങ്ങിയവർ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam