സിൽവർ ലൈനിൽ നി‍ർണായകം? കളത്തിലിറങ്ങുമോ കർണാടക? മുഖ്യമന്ത്രി ബസവരാജമായി മുഖ്യമന്ത്രി പിണറായിയുടെ കൂടിക്കാഴ്ച

By Web TeamFirst Published Sep 18, 2022, 1:27 AM IST
Highlights

സിൽവർലൈൻ ഉൾപ്പടെ റെയിൽവേയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖ്യമന്ത്രി തലത്തിൽ ചർച്ച ചെയ്യാൻ ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിൽ കേരളവും കർണാടകയും തമ്മില്‍ ധാരണയായിരുന്നു

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയലടക്കം നിർണായക ഇടപെടൽ തേടി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യയുമായി പിണറായി വിജയന്‍ ഇന്ന് രാവിലെ കൂടിക്കാഴ്ച നടത്തും. രാവിലെ 9.30ന് ബെംഗളുരുവിൽ കര്‍ണാടക മുഖ്യമന്ത്രി യുടെ ഔദ്യോഗിക വസതിയിലാണ് കൂടികാഴ്ച. സിൽവർലൈൻ പാത മംഗളൂരു വരെ നീട്ടുന്നതടക്കമുള്ള കാര്യങ്ങളാകും ഇരു മുഖ്യമന്ത്രിമാരും ചർച്ചചെയ്യുക. സിൽവർലൈൻ ഉൾപ്പടെ റെയിൽവേയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖ്യമന്ത്രി തലത്തിൽ ചർച്ച ചെയ്യാൻ ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിൽ കേരളവും കർണാടകയും തമ്മില്‍ ധാരണയായിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടകത്തിലെത്തുന്നത്.

നിലമ്പൂർ - നഞ്ചൻകോട് ,തലശ്ശേരി - മൈസൂർ റയിൽ ലൈൻ എന്നിവയടക്കമുള്ള വിഷയങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്യും. ഈ പദ്ധതികൾക്കെല്ലാം കർണാടകത്തിന്‍റെ പിന്തുണ ഉറപ്പാക്കുകയാണ് മുഖ്യമന്ത്രി പിണറായിയുടെ സന്ദർശനത്തിന്‍റെ ലക്ഷ്യം. കൂടിക്കാഴ്ചയിൽ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിക്കൊപ്പം പങ്കെടുക്കും. ശേഷം കർണാടക ബാഗെപ്പള്ളിയില്‍ സിപിഎം സംഘടിപ്പിക്കുന്ന പൊതുയോഗത്തിലും ബഹുജന റാലിയിലും പങ്കെടുത്ത ശേഷമാകും പിണറായി വിജയൻ മടങ്ങുക.

ഗവര്‍ണര്‍ - സിപിഎം പോര് മുറുകുന്നു: ബില്ലുകളിൽ ഒപ്പിടുന്നതിൽ ആശങ്ക, പോര് നാടകമെന്ന് പ്രതിപക്ഷ നേതാവ്

നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുത്ത ദക്ഷിണേന്ത്യൻ കൗൺസിൽ യോഗത്തിനിടയിലാണ് കേരളം സിൽവ‌ലൈൻ പദ്ധതിയിൽ കർണാടകയുടെ പിന്തുണ തേടിയത്. സിൽവർലൈൻ മംഗലാപുരത്തേക്ക് കൂടി നീട്ടാമെന്നതാണ് കേരളം മുന്നോട്ട് വച്ച നീക്കം. ഇത് സംബന്ധിച്ച് ദക്ഷിണേന്ത്യൻ കൗൺസിൽ യോഗത്തിൽ കർണാടക മുഖ്യമന്ത്രിയും കേരള മുഖ്യമന്ത്രിയുമായുള്ള ചർച്ചക്കാണ് അന്ന് ധാരണയായത്. ഇതിന്‍റെ തുടർച്ചയായാണ് ഞായറാഴ്ചത്തെ ചര്‍ച്ചക്ക് ഇരു മുഖ്യമന്ത്രിമാരും സന്നദ്ധരായത്. നാല് പ്രധാന നഗരങ്ങളെയും അയൽ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചുള്ള അതിവേഗ റെയിൽ ഇടനാഴിക്കായി തമിഴ്നാടും അന്നത്തെ കൗൺസിലിൽ ആവശ്യമുയർത്തിയിരുന്നു.

കേന്ദ്രം അനുമതി നല്‍കിയാല്‍ പദ്ധതിയുമായി മുന്നോട്ടുപോകാനാകും. ഇത് തന്നെയാകും കർണാടക മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ കേരള സര്‍ക്കാർ മുന്നോട്ട് വയ്ക്കുക. മംഗലാപുരം കണക്ടിവിറ്റിയെന്ന പുതിയ ആശയം മുന്നോട്ടുവെച്ചതോടെ കര്‍ണാടകയെ കൂടി രംഗത്തിറക്കാനാകുമെന്നും പ്രതീക്ഷയുണ്ട്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനത്തിന്‍റെ പിന്തുണ കിട്ടിയാൽ സിൽവർ ലൈനിന് പച്ചക്കൊടി വൈകില്ലെന്നും പ്രതീക്ഷയുണ്ട്.

ദക്ഷിണേന്ത്യൻ കൗൺസിലിൽ അമിത്ഷാ നേതൃത്വം നൽകിയ യോഗത്തിൽ അജണ്ടയായി ഇക്കാര്യം മുന്നോട്ട് വച്ചിരുന്നെങ്കിലും, കർണാടക - കേരള മുഖ്യമന്ത്രിമാർ തമ്മിൽ ചർച്ച നടത്തിയ ശേഷം ബാക്കി കാര്യം നോക്കാമെന്ന ധാരണയിലെത്തി അജണ്ടയിൽ നിന്ന് മാറ്റുകയായിരുന്നു. ഡി പി ആർ ഉൾപ്പടെ സാങ്കേതിക വിവരങ്ങൾ കേരളം കർണാടകക്ക് കൈമാറും. കർണാടകയുടെ നിലപാടാകും ശേഷം നിർണായകമാകുക. അനുകൂലമായാൽ കേന്ദ്ര താൽപര്യം കൂടി പദ്ധതിക്ക് വരുമെന്നാണ് കേരള സർക്കാർ കണക്കുകൂട്ടൽ.  തലശേരി-മൈസുരു, നിലമ്പൂർ - നഞ്ചൻഗോഡ് റെയിൽപാതകളുടെ കാര്യത്തിലും അവസ്ഥ സമാനമാണ്.

അപമാനം, മുഖ്യമന്ത്രി-ഗവർണർ പോര് അവസാനിപ്പിക്കണം; രാഷ്ട്രപതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കെ സുധാകരൻ

tags
click me!