ജമാഅത്തെ ഇസ്ലാമി - ആ‌ർഎസ്എസ് ചർച്ച ആ‍ർക്ക് വേണ്ടി? എല്ലാ വ‍ർ​ഗീയതയും ഒന്നെന്ന് മുഖ്യമന്ത്രി

Published : Feb 20, 2023, 04:56 PM ISTUpdated : Feb 20, 2023, 05:20 PM IST
ജമാഅത്തെ ഇസ്ലാമി - ആ‌ർഎസ്എസ് ചർച്ച ആ‍ർക്ക് വേണ്ടി? എല്ലാ വ‍ർ​ഗീയതയും ഒന്നെന്ന് മുഖ്യമന്ത്രി

Synopsis

കോൺഗ്രസ് - ലീഗ് - വെൽഫെയ‍ര്‍ പാര്‍ട്ടി ത്രയത്തിന് ആ‍ര്‍എസ്എസ് - ജമാഅത്തെ ഇസ്ലാമി കൂടിക്കാഴ്ചയിൽ ബന്ധമുണ്ടോെയെന്ന് മുഖ്യമന്ത്രിയുടെ ചോദ്യം

കാസർകോട്: ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും പരസ്പര പൂരകങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർ​ഗീയത ഏതായാലും എതി‍ർക്കുന്ന സമീപനമാണ് തങ്ങൾ സ്വീകരിച്ചിട്ടുള്ളത്. ജമാഅത്തെ ഇസ്ലാമിയും ആർ എസ് എസും തമ്മിൽ എന്ത് കാര്യമാണ് അവർക്ക് തമ്മിൽ സംസാരിക്കാനുള്ളത്? ഭൂരിപക്ഷ -ന്യൂനപക്ഷ വ്യത്യാസമില്ലാതെ ഈ ചോദ്യം ഉയരുന്നു. 

എന്ത് കാര്യങ്ങളാണ് അവർക്ക് സംസാരിക്കാനുള്ളത് എന്ന് ജനം ചോദിക്കുന്നു. തങ്ങൾക്ക് ഇഷ്ടമല്ല എന്ന് കണ്ടാൽ കൊന്നു തള്ളുന്നതിന് മടിയില്ലെന്ന് എത്രയോ സംഭവങ്ങളിലൂടെ സംഘപരിവാ‍ർ തെളിയിച്ചിരിക്കുന്നു. രണ്ട് പേരെ ചുട്ടുകൊന്നത് ഈയടുത്താണ്. അവ‌‍ർ മുസ്ലിങ്ങളായത് കൊണ്ട് മാത്രമാണ് ചുട്ടുകൊലപ്പെടുത്തിയത്. ജമാഅത്തെ ഇസ്ലാമി - ആ‌ർ എസ് എസ് ചർച്ച ആ‍ർക്ക് വേണ്ടിയാണെന്നും അദ്ദേഹം ചോദിച്ചു.

ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയല്ല ജമാഅത്ത് ചർച്ച. ന്യൂനപക്ഷം ഈ ചർച്ചയെ അംഗീകരിക്കില്ല. അത് അവരുടെ പ്രതികരണങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ്. കോൺഗ്രസ്, വെൽഫയർ പാർട്ടി , മുസ്ലിം ലീ​ഗ് ത്രയമാണ് ഈ നീക്കത്തിന് പിന്നിലെന്ന് സംശയമുണ്ട്. ലീഗ് ഈ ചർച്ചയിൽ വല്ല പങ്ക് വഹിച്ചിട്ടുണ്ടോ? ദുരൂഹമാണ് കാര്യങ്ങൾ. സർക്കാരും പാർട്ടിയും വർഗ്ഗീയതയ്ക്കെതിരെ ശക്തമായ നിലപാടെടുക്കും. 

ജനകീയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ കേന്ദ്രം വർഗ്ഗീയത ആളിക്കത്തിക്കുന്നു. കേരളത്തെ സഹായിക്കുന്ന നിലപാടല്ല കേന്ദ്രത്തിനുള്ളത്. കേന്ദ്രം കാണിക്കുന്ന അവഗണനയ്ക്കെതിരെ അര അക്ഷരം പ്രതിപക്ഷം സംസാരിക്കുന്നില്ല. കേരളത്തിലെ പ്രതിപക്ഷം അവകാശപ്പെടുന്നത് മതനിരപേക്ഷമെന്നാണ്. എന്തുകൊണ്ട് കേന്ദ സർക്കാർ നിലപാടുകളെക്കുറിച്ച് ഇവർ പ്രതികരിക്കുന്നില്ല?

സംസ്ഥാന ബജറ്റ് അവതരിപ്പിച്ചപ്പോൾ പിന്നാക്ക വിഭാഗത്തിന് 16 കോടി അനുവദിച്ചു. മുന്നാക്ക വിഭാഗത്തിന് 40 കോടി എന്ന തരത്തിൽ പ്രചാരണമുണ്ടായി. എന്നാൽ പട്ടികജാതി, പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 2800 കോടിയിലേറെ വകയിരുത്തി. ഇത് കാണാതെയാണ് പ്രചാരണം. ആകെ പിന്നാക്ക ക്ഷേമത്തിന് 3920 കോടി ചെലവഴിച്ചു. ഇത് മറച്ചുവയ്ക്കുന്നു. കേന്ദ്രം ഭരിക്കുന്ന ബി ജെ പി യുടെ വാദം കോൺഗ്രസ് ഏറ്റെടുക്കുന്നത് എന്തിനെന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്രം പൂട്ടിയ പൊതുമേഖല സ്ഥാപനങ്ങൾ കേരളം ഏറ്റെടുത്ത് തുറന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മികവാർന്ന നിലയിൽ പ്രവർത്തിക്കുന്ന പി എസ് സി ക്ക് എതിരെ ഹീനമായ പ്രചാരണം നടക്കുന്നു. കേരളത്തിന് പ്രതിപക്ഷം സർവ്വത്ര ദൂഷ്യം ചാർത്തുന്നു. കേരളം രാജ്യത്തേക്കാൾ സാമ്പത്തിക വള‍ർച്ച നേടി. പക്ഷെ കേരളം കടക്കെണിയിൽ എന്ന് പറയുന്നു. കേരളം വ്യവസായ സൗഹൃദം അല്ല എന്ന കൊണ്ടു പിടിച്ച പ്രചാരണം നടക്കുന്നു. എന്നാൽ സംസ്ഥാനത്തെ വലിയ വ്യവസായികൾക്ക് ഈ അഭിപ്രായമില്ല. 

സംരഭക വർഷത്തിൽ ഒരു ലക്ഷം സംരഭം വരണം എന്ന പദ്ധതി നടപ്പാക്കി. 1.30 ലക്ഷം സംരംഭങ്ങളിൽ ഈ പദ്ധതി എത്തി എന്നതാണ് വസ്തുത. പക്ഷെ ഇത് കള്ളക്കണക്കാണെന്ന പ്രചാരണം നടത്തുന്നു. വലതു പക്ഷ മാധ്യമങ്ങൾ തെറ്റായ പ്രചാരണം നടത്തുകയാണ്. കേരളത്തിലെ വ്യവസായ വളര്‍ച്ച 17.3 ശതമാനമാണ്. ഇത് വലിയ വളർച്ചയാണ്. പക്ഷേ തെറ്റായ പ്രചാരണം ഇതിനെതിരെ നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയത് തെറ്റെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവാഹ മോചനം മുസ്ളിം നടത്തിയാൽ ജയിലിൽ അടക്കണം എന്ന കേന്ദ്രനയം തെറ്റാണ്. മതം അടിസ്ഥാനമാക്കി പൗരത്വം നൽകുകയാണ് സർക്കാർ. ഈ പൗരത്വ നിയമം നടപ്പാക്കില്ല എന്നതാണ് കേരളത്തിന്റെ നയം. ഇനി ഭാവിയിലും ഈ തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകില്ല.

ഇന്നത്തെ കാലത്ത് ഏറ്റവും പ്രാധാന്യമർഹിക്കുന്നതാണ് വർ​ഗീയത. വർ​ഗീയതയുടെ ആപത്ത് വളർന്നുവരുന്നുണ്ട്. അതിനെ സമൂഹമാകെ കാണേണ്ടതുണ്ട്. വർ​ഗീയതയ്ക്കെതിരെ ഉറച്ച നിലപാടെടുത്ത് സിപിഎമ്മും ഇടതുപക്ഷവും പോരാടുന്നു. സമൂഹമാകെ ഈ പോരാട്ടത്തിലേക്ക് ഉയരേണ്ടതായിട്ടുണ്ട്. ആ സന്ദേശം ജനങ്ങളിലെത്തിക്കാനാണ് ഈ ജാഥയുടെ ഉദ്ദേശം. കേന്ദ്രസ‍ർക്കാർ തുടരുന്ന നയങ്ങൾ വിവിധ തലങ്ങളിൽ രാജ്യത്തിനും ജനത്തിനും സംസ്ഥാനത്തിനും ഫെഡറൽ തത്വങ്ങൾക്കും മതനിരപേക്ഷതയ്ക്കും ഭരണഘടനയ്ക്കും പാർലമെന്ററി ജനാധിപത്യത്തിനും എതിരാണ്. ഇന്ത്യയെ മതരാഷ്ട്രമാക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

PREV
click me!

Recommended Stories

വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കടുവ സെൻസസിനിടെ കാട്ടാന ആക്രമണം: വനം ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു, ദാരുണ സംഭവം പാലക്കാട് അട്ടപ്പാടിയിൽ