'പൊലീസ് ഉദ്യോഗസ്ഥർ അനാവശ്യ പരിപാടികളിൽ പങ്കെടുക്കരുത്'; കൂടുതൽ സൂക്ഷ്മത പുലർത്തണമെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Oct 3, 2021, 4:36 PM IST
Highlights

അനാവശ്യ പരിപാടികളിൽ പങ്കെടുക്കരുത്. പ്രത്യേകിച്ചും യൂണിഫോമിൽ പോകുമ്പോള്‍ ജാ​ഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം കൂടുതൽ സൂക്ഷ്മത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (pinarayi vijayan). പൊലീസ് ഉദ്യോഗസ്ഥർ അനാവശ്യ പരിപാടികളിൽ പങ്കെടുക്കരുത്. പ്രത്യേകിച്ചും യൂണിഫോമിൽ പോകുമ്പോള്‍ ജാ​ഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ലോക്ഡൗൺ പരിശോധനകളിലെ ആക്ഷേപങ്ങളും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്ത്രീധന പീഡന പരാതികളിൽ കർശന നടപടി വേണമെന്നും കേസുകൾ ഡിഐജിമാർ നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ (police meeting) മുഖ്യമന്ത്രി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊലീസ് ഉദ്യോഗസ്ഥർ മോശപ്പെട്ട പ്രവർത്തനത്തിൽ ചെന്ന് വീഴരുതെന്ന് യോഗത്തിൽ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. മുകളിൽ എല്ലാം അറിയുന്നുണ്ടെന്ന ധാരണ വേണം. പൊലീസുകാർക്ക് മാനസിക സമ്മർദ്ദം ഉണ്ടാകാതിരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പരാതികൾക്ക് രസീത് നൽകണം. പൊതുജനങ്ങളോടുള്ള പൊലീസിന്‍ഫെ പെരുമാറ്റം മെച്ചപ്പെടുത്തണം. അഴിമതിക്കാർക്കെതിരെ ശക്തമായ നടപടി വെണമെന്നും പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി.

മോൺസൺ മാവുങ്കൽ കേസിലടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ആരോപണം നേരിടുന്നതിനിടെയാണ് മുഖ്യമന്ത്രി പൊലീസ് യോഗം വിളിച്ചത്. ഓൺലൈന്‍ യോഗത്തിൽ എസ്എച്ച്ഒ മുതൽ ഡിജിപിമാർ വരെ ഉള്ളവര്‍ പങ്കെടുത്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള മോൺസണറെ ബന്ധമാണ് പുരാവസ്തുക്കേസിലെ സജീവ ചർച്ചാ വിഷയം. ലോക്നാഥ് ബെഹ്റയും മനോജ് എബ്രഹാമും മോൺസന്‍റെ വീട് സന്ദർശിച്ചതും വന്‍ വിവാദമായിരുന്നു. ഇന്‍റലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും മോൺസണിന്‍റെ വീടിന് സംരക്ഷണം നൽകാൻ ബെഹ്റ നിർദ്ദേശിച്ചതും മുൻ ഡിഐജി സുരേന്ദ്രനും മോൺസണുമായുള്ള ബന്ധങ്ങളുമെല്ലാം പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ്.

പൊലീസ് ഉൾപ്പെട്ട ഹണിട്രാപ്പ് കേസും, പെൺകുട്ടിയെയും അച്ഛനെയും മോഷ്ടാവാക്കി ചിത്രീകരിച്ചുള്ള പിങ്ക് പൊലീസിൻ്റെ ക്രൂരത അടക്കം അടുത്തിടെ പൊലീസ് ചെന്നുപെട്ട വിവാദ പരമ്പരകൾ കൂടി പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ യോഗം. എസ് എച്ച് ഒ മുതൽ ഡിജിപിമാർ വരെ യോ​ഗത്തില്‍ പങ്കെടുത്തു. എസ്പിമാർ മുതലുള്ള ഉദ്യോഗസ്ഥർ മതിയെന്ന് രാവിലെ അറിയിപ്പ് വന്നത് ആശയക്കുഴപ്പമുണ്ടാക്കി. മേലുദ്യോഗസ്ഥർക്കെതിരെ താഴത്തട്ടിലെ പൊലീസുകാർ പരാതി ഉന്നയിക്കുമെന്ന് കണ്ടാണ് മാറ്റമെന്ന നിലയിൽ ചർച്ച ഉയർന്നു. പക്ഷെ, പിന്നീട് അറിയിപ്പ് നൽകിയതിലെ ആശയക്കുഴപ്പമെന്ന് പറഞ്ഞ് എല്ലാവരോടും പങ്കെടുക്കാൻ നിർദ്ദേശം വന്നു.

 

click me!