കരിപ്പൂർ അപകടം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം സഹായം

By Web TeamFirst Published Aug 8, 2020, 1:42 PM IST
Highlights

രക്ഷാ പ്രവര്‍ത്തനത്തിൽ അതിശയകരമായ മികവുകാണിക്കാനായി. നാട്ടുകാരും സർക്കാർ ഏജൻസികളും ഒരുമിച്ച് നിന്നു എന്ന് മുഖ്യമന്ത്രി

കരിപ്പൂര്‍: ഏറെ നിര്‍ഭാഗ്യകരമായ അപകടമാണ് കരിപ്പൂര്‍ വിമാനത്താവളത്തിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം സംസ്ഥാനം നൽകും. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവ് പൂര്‍ണ്ണമായും സർക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

രക്ഷാ പ്രവര്‍ത്തനത്തിൽ അതിശയകരമായ മികവുകാണിക്കാനായി. നാട്ടുകാരും സർക്കാർ ഏജൻസികളും ഒരുമിച്ച് നിന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. ഞെട്ടിക്കുന്ന അപകടം ആണ് നടന്നത്. വേദനയിൽ പ്രധാനമന്ത്രിയും രാഷ്ട്രപതിയും പങ്കാളികളികളായി. അപകടവിവരം അറിഞ്ഞ് പ്രധാനമന്ത്രി ഫോണിൽ വിളിച്ചിരുന്നെന്നും മുഖ്യമന്ത്രി അറിയിച്ചു. 

പതിനൊന്ന് മണിയോടെ കരിപ്പൂരിലെത്തിയ മുഖ്യമന്ത്രിയും സംഘവും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി ഡോക്ടര്‍മാര്‍ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പൈലറ്റിന്റേയും കോ പൈലറ്റിന്റെയും മൃതദേഹം എയര്‍ ഇന്ത്യ കൊണ്ടു പോകും. പോസ്റ്റ്മോര്‍ട്ടം നടപടികൾ നാല് മണിയോടെ പൂര്‍ത്തിയാക്കും. വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവര്‍ക്ക് അവിടെ തന്നെ തുടരാനോ  താൽപര്യമുള്ള മറ്റ് ആശുപത്രികളിലേക്ക് മാറാനോ സൗകര്യം ഒരുക്കും.  04952376901 എന്ന നമ്പറിൽ പാസഞ്ചർ വെൽഫയർ കൺട്രോൾ റൂം പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഇ പി ജയരാജൻ, കെ കെ ശൈലജ , രാമചന്ദ്രൻ കടന്നപ്പള്ളി, എകെ ശശീന്ദ്രൻ, ടി പി രാമകൃഷ്ണൻ, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത,  സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ തുടങ്ങിയവരാണ് മുഖ്യമന്ത്രിക്ക് ഒപ്പം കരിപ്പൂരിൽ എത്തിയത്. 

click me!