എല്ലാ മഹല്ലുകളും സമസ്തയിൽ നേരിട്ട് രജിസ്റ്റര്‍ ചെയ്യണമെന്ന ജിഫ്രി തങ്ങളുടെ പ്രസ്താവനക്കെതിരെ ഡോ ബഹാഉദ്ദീൻ നദ്‍വി സംസാരിച്ചിരുന്നു.
കോഴിക്കോട്: സമസ്ത മുശാവറ അംഗം ഡോ ബഹാഉദ്ദീൻ നദ്‍വിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സമസ്ത അധ്യക്ഷന് കത്തുമായി പോഷക സംഘടനാ നേതാക്കൾ. പതിനൊന്ന് നേതാക്കൾ ഒപ്പിട്ട കത്ത് ജിഫ്രി തങ്ങൾക്ക് നൽകി. സീനിയര്‍ മുശാവറ അംഗങ്ങൾക്കും കത്തിൻ്റെ പകര്‍പ്പ് കൈമാറി. എസ്‍വൈഎസ് നേതാക്കളായ എഎം പരീദ്, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, ഇബ്രാഹീം ഫൈസി പേരാൽ, എസ്കെഎസ്എശ്എഫ് നേതാക്കളായ ഒപിഎം അഷ്റഫ്, മുബശ്ശിര്‍ തങ്ങൾ ജമലുല്ലൈലി, അയ്യൂബ് മാസ്റ്റര്‍, സമസ്ത എംപ്ലോയീസ് അസോസിയേഷൻ പ്രസിഡൻറ് മുസ്തഫ മുണ്ടുപാറ, എന്നിവർ ഒപ്പുവെച്ച കത്താണ് ജിഫ്രി തങ്ങൾക്ക് നൽകിയത്.
എല്ലാ മഹല്ലുകളും സമസ്തയിൽ നേരിട്ട് രജിസ്റ്റര്‍ ചെയ്യണമെന്ന ജിഫ്രി തങ്ങളുടെ പ്രസ്താവനക്കെതിരെ ഡോ ബഹാഉദ്ദീൻ നദ്‍വി സംസാരിച്ചിരുന്നു. മഹല്ല് ഫെഡറേഷനിൽ രജിസ്റ്റര്‍ ചെയ്താൽ മതി, പ്രത്യേകം സമസ്തയിൽ രജിസ്റ്റര്‍ ചെയ്യണമെന്ന് പറയുന്നത് ദുരദ്ദേശ്യത്തോടെ എന്നായിരുന്നു ഡോ നദ്‍വി പ്രതികരിച്ചത്. ഇത് ജിഫ്രി തങ്ങളെ ആക്ഷേപിക്കുന്നതിന് തുല്യമെന്നാണ് പോഷക സംഘടന നേതാക്കൾ പറയുന്നത്. ജിഫ്രി തങ്ങൾക്കെതിരെ സംസാരിച്ച എസ്‍വൈഎസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെഎ റഹ്മാൻ ഫൈസിക്കെതിരേയും നടപടി വേണമെന്നാവശ്യം. നൂറാം വാര്‍ഷിക സമ്മേളനം ഫെബ്രുവരി 4ന് കാസർഗോഡ് കുണിയയിൽ തുടങ്ങാനിരിക്കെയാണ് നദ്‍വിക്കെതിരെയുള്ള നീക്കം.


