
തിരുവനന്തപുരം: കോഴിക്കോട് ട്രെയിന്‍ ആക്രമണക്കേസിലെ പ്രതിയെ മൂന്നു ദിവസത്തിനകം പിടികൂടിയ അന്വേഷണ സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്യന്തം ഞെട്ടിക്കുന്ന സംഭവം നടന്ന ഉടന്‍ തന്നെ കുറ്റക്കാരെ കണ്ടെത്താന്‍ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിക്കുകയും ശാസ്ത്രീയ പരിശോധനയടക്കം നടത്തി തെളിവ് ശേഖരിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി പ്രതിയെ മഹാരാഷ്ട്രയിലെ രത്നഗിരിക്ക് സമീപം പിടികൂടാന്‍ കഴിഞ്ഞു. കേസുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്വേഷണം തുടരുന്നതിനിടയിലാണ് പ്രതി പൊലീസ് കസ്റ്റഡിയിലായത്. സംഭവ സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞ അക്രമിയെ മൂന്നു ദിവസത്തിനുള്ളില്‍ തന്നെ പിടികൂടാന്‍ കഴിഞ്ഞത് കേരള പൊലീസിന്റെ അന്വേഷണ മികവിന്റെയും മറ്റു സംസ്ഥാനങ്ങളിലെയും രാജ്യത്തെയും വിവിധ ഏജന്‍സികളുടെ സഹകരണത്തിന്റെയും ഫലമായിട്ടാണ്. അന്വേഷണത്തില്‍ പങ്കാളികളായ എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും മഹാരാഷ്ട്ര എ.ടി.എസ്, കേന്ദ്ര ഇന്റലിജന്‍സ്, റെയില്‍വെ അടക്കം സഹകരിച്ച മറ്റ് ഏജന്‍സികളെയും അഭിനന്ദിക്കുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളാ പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസിലെ പ്രതിയായ ഷഹറൂഖ് സെയ്ഫിയെ പിടികൂടിയത്. അക്രമം നടന്ന് നാലാം ദിവസമാണ് ഷഹറൂഖിനെ പ്രത്യേക അന്വേഷണസംഘം മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്ന് പിടികൂടിയത്. തലയ്ക്കും മുഖത്തും കാലിലും കൈയിലും പരുക്കേറ്റ ഷഹറൂഖ്, ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പിടിയിലായത്. കേന്ദ്ര ഏജന്‍സികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുംബൈ എടിഎസാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. എലത്തൂരിലെ ആക്രമണത്തിന് ശേഷം ട്രെയിനും മറ്റ് വാഹനങ്ങളും കയറിയാണ് ഇയാള്‍ മഹാരാഷ്ട്രയില്‍ എത്തിയതെന്നാണ് നിഗമനം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇയാളെ ഉടന്‍ തന്നെ കേരളത്തിലെത്തിക്കും.
ഞായറാഴ്ച രാത്രിയായിരുന്നു രാജ്യത്തെ ഞെട്ടിച്ച ട്രെയിന്‍ ആക്രമണം. സംഭവത്തില്‍ മൂന്ന് പേര്‍ മരിക്കുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മട്ടന്നൂര്‍ സ്വദേശി റഹ്മത്ത്, സഹോദരിയുടെ മകള്‍ സഹ്‌റ, കോടോളിപ്രം സ്വദേശി നൗഫീഖ് എന്നിവരാണ് മരിച്ചത്. റാസിഖ് എന്ന സാക്ഷിയുടെ മൊഴിയനുസരിച്ചാണ് പ്രതിയുടെ രേഖാ ചിത്രം തയ്യാറാക്കിയത്. സംഭവശേഷം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്ന് കിട്ടിയ കുറിപ്പ്, മൊബൈല്‍ ഫോണുകള്‍, വസ്ത്രങ്ങള്‍ എന്നിവയില്‍ നിന്നും ഇയാളെ കുറിച്ച് കൂടുതല്‍ സൂചനകള്‍ ലഭിച്ചു. ഞായര്‍ രാത്രി 9.30ന് ഏലത്തൂര്‍ സ്റ്റേഷന്‍ വിട്ട് മുന്നോട്ട് നീങ്ങിയതോടെയാണ് ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടിവില്‍ നടുക്കുന്ന സംഭവങ്ങളുണ്ടായത്. പതുക്കെ മുന്നോട്ട് നീങ്ങിയ ട്രെയിലെ ഡി 2 കോച്ചില്‍ നിന്ന് ഡിവണ്‍ കോച്ചിലേക്ക് രണ്ട് കുപ്പി പെട്രോളുമായി അക്രമിയെത്തി. തിരക്ക് കുറവായിരുന്ന കോച്ചില്‍ പല സീറ്റുകളിലായി യാത്രക്കാരുണ്ടായിരുന്നു. എല്ലാവരുടേയും ദേഹത്തേക്ക് അക്രമി പെട്രോള്‍ ചീറ്റിച്ച ശേഷം പൊടുന്നനെ തീയിടുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam