
കണ്ണൂർ: സി പി എം സംസ്ഥാന സെക്രട്ടറിയായിരിക്കെ അന്തരിച്ച കോടിയേരി ബാലകൃഷ്ണനെ അനുസരിച്ച് രാഷ്ട്രീയ കേരളം. ഒന്നാം ചരമവാർഷിക ദിനത്തിൽ കോടിയേരിയുടെ സ്വന്തം നാടായ തലശ്ശേരിയിൽ സി പി എം സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ അദ്ദേഹവുമായുള്ള ആത്മബന്ധത്തെക്കുറിച്ചും പാർട്ടി ബന്ധത്തെക്കുറിച്ചും വിവരിച്ചു. കോടിയേരിയുടെ അന്ത്യയാത്രയോടനുബന്ധിച്ച് നടത്തിയ വിലാപ യോഗത്തിൽ വിതുമ്പിപ്പോയ പിണറായി, ഇന്നും അദ്ദേഹത്തിന്‍റെ വിയോഗത്തിലെ തീരാത്ത നൊമ്പരത്തെക്കുറിച്ചാണ് വിവരിച്ചത്. ഈ ഒരു വർഷത്തിനിടെ പലപ്പോഴായി കോടിയേരിയെ ഓർത്തുപോയിട്ടുണ്ടെന്ന് പിണറായി പറഞ്ഞു. ഇന്ന് കാണുന്ന കരുത്തോടെ പാർട്ടിക്ക് നിലനിൽക്കാൻ കഴിയുന്നതിൽ കോടിയേരി വ്യക്തിപരമായ പങ്ക് വഹിച്ചെന്നും പാർട്ടിക്ക് മീതെ അല്ല എന്ന കമ്മ്യൂണിസ്റ്റ് ബോധ്യം പുലർത്തിയ നേതാവായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി വിവരിച്ചു.
സി പി എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിടവാങ്ങിയതിന്‍റെ ഒന്നാം വാർഷിക ദിനത്തിൽ അദ്ദേഹം അന്ത്യവിശ്രമം കൊളളുന്ന പയ്യാമ്പലത്ത് കോടിയേരിയുടെ സ്മൃതികുടീരം ഇന്ന് രാവിലെ അനാച്ഛാദനം ചെയ്തു. പാർട്ടിക്കെതിരെയുളള കടന്നാക്രമണങ്ങൾ നേരിടാൻ കോടിയേരി ഇല്ലല്ലോ എന്നത് ദുഃഖമാണെന്നാണ് സ്മൃതികുടീരം അനാച്ഛാദനം ചെയ്ത സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വേദനയോടെ പറഞ്ഞത്. കേരളമാകെ കനത്ത മഴയാണ് പെയ്തതെങ്കിൽ പയ്യാമ്പലത്ത് പെയ്തതത്രയും കോടിയേരിയുടെ മരിക്കാത്ത ഓർമകളായിരുന്നു. പെരുമഴയിലും സ്മൃതി കുടീരത്തിലെത്തി നൂറ് കണക്കിന് സി പി എം പ്രവർത്തകർ ഒഴുകിയെത്തി. നേതാക്കളും കോടിയേരിയുടെ കുടുംബവും മാറാത്ത ഹൃദയവേദനയാണ് പങ്കുവച്ചത്. ഏത് പ്രതിസന്ധിയിലും ഉലയാതിരുന്ന ചിരി കൊത്തിയെടുത്ത സ്തൂപത്തിന് മുന്നിൽ വൈകാരിക നിമിഷങ്ങളായിരുന്നു കണ്ടത്. വെല്ലുവിളികളെ സൗമ്യമായി നേരിട്ട കോടിയേരിക്കാലമാണ് നേതാക്കളും കോടിയേരിയുടെ കുടുംബവും ഓർത്തെടുത്തത്.
പതിനൊന്നടിയിൽ തീർത്ത സ്മാരകം നായനാരുടെയും ചടയൻ ഗോവിന്ദന്‍റെയും കുടീരങ്ങൾക്ക് നടുവിലായാണ് സ്ഥാപിച്ചിരിക്കുന്നത്. മൂന്നാഴ്ച നീളുന്ന കോടിയേരി അനുസ്മരണ പരിപാടികൾക്കാണ് സി പി എം രൂപംനൽകിയിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam