'വിമാനത്തിനുള്ളിലെ ആക്രമണം ആസൂത്രിതം'; പ്രതിപക്ഷത്തിന്‍റെ കെണിയിൽ വീഴരുതെന്ന് മുഖ്യമന്ത്രി

Published : Jun 13, 2022, 08:43 PM ISTUpdated : Jun 13, 2022, 09:15 PM IST
'വിമാനത്തിനുള്ളിലെ ആക്രമണം ആസൂത്രിതം'; പ്രതിപക്ഷത്തിന്‍റെ കെണിയിൽ വീഴരുതെന്ന് മുഖ്യമന്ത്രി

Synopsis

സംഭവത്തെ കോൺഗ്രസ് നേതൃത്വം പിന്തുണച്ചത് ആസൂത്രണത്തിന്‍റെ ഭാഗമാണെന്ന് മുഖ്യമന്ത്രി. കലാപം ലക്ഷ്യമിടുന്ന സമരത്തിന്‍റെ ഭാഗമാണിത്. അതിന് ബിജെപിയുടെ പിന്തുണയും ലഭിക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. 

തിരുവനന്തപുരം: കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന വിമാനത്തിൽ ഇന്നുണ്ടായത് തികച്ചും അപലപനീയമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനത്തിനുള്ളിലെ ആക്രമണം ആസൂത്രിതമാണ്. സംഭവത്തെ കോൺഗ്രസ് നേതൃത്വം പിന്തുണച്ചത് ആസൂത്രണത്തിന്‍റെ ഭാഗമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. കലാപം ലക്ഷ്യമിടുന്ന സമരത്തിന്‍റെ ഭാഗമാണിത്. നാട്ടിലാകെ കുഴപ്പമുണ്ടാക്കാനും സർക്കാരിനെ സ്നേഹിക്കുന്നവരെ പ്രകോപിപ്പിക്കാനുമാണ് ശ്രമം. അതിന് ബിജെപിയുടെ പിന്തുണയും ലഭിക്കുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. പ്രതിപക്ഷത്തിന്‍റെ കെണിയിൽ വീഴരുതെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനകത്ത് അക്രമാസക്തമായി പെരുമാറിയതിനെ ന്യായീകരിച്ചുകൊണ്ട് കോൺഗ്രസിന്‍റെ ഉന്നത നേതൃത്വം തന്നെ രംഗത്തുവന്നത് കണ്ടു. സംഭവത്തിന് പിന്നിലെ ആസൂത്രണം തെളിയിക്കുന്ന പ്രതികരണമാണതെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. കുറച്ച് നാളായി യുഡിഎഫ് നേതൃത്വം നടത്തുന്ന അനാവശ്യവും കലാപം ലക്ഷ്യമിട്ടുള്ളതുമായ  സമരങ്ങളുടെ തുടർച്ചയാണ് ഇന്നത്തെ സംഭവം.  ജനാധിപത്യത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയായേ ഇതിനെ കാണാനാകൂ. നാട്ടിലാകെ കുഴപ്പം ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. അതിന് ബിജെപിയുടെ സഹായവും കിട്ടുന്നു. സർക്കാരിനെ സ്നേഹിക്കുന്നവരെയും ജനങ്ങളെയാകെയും പ്രകോപിപ്പിക്കാനുള്ള നിരന്തര നീക്കമാണുണ്ടാകുന്നത്. ഇത്തരം അക്രമ-അരാജക നീക്കങ്ങളോട് ജനാധിപത്യപരമായി പ്രതിഷേധിക്കുന്നതിനോടൊപ്പം പ്രതിപക്ഷത്തിന്റെ കെണിയിൽ വീഴാതിരിക്കാനുള്ള ജാഗ്രത കാണിക്കണമെന്നും എല്ലാവരോടും അഭ്യർത്ഥിക്കുന്നുവെന്ന്  മുഖ്യമന്ത്രി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. 

Also Read: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലും പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകരെത്തിയത് കറുത്ത കുപ്പായമണിഞ്ഞ്

വിമാനത്തിനുള്ളിലെ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധിച്ചതിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷമുണ്ടായി. കോണ്‍ഗ്രസ്-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പലയിടത്തും ഏറ്റുമുട്ടി. കൊല്ലം ചവറ പന്മനയില്‍ കോണ്‍ഗ്രസ് - ഡിവൈഎഫ്ഐ സംഘര്‍ഷമുണ്ടായി. പത്തനംതിട്ട മുല്ലപ്പള്ളിയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ കല്ലേറുണ്ടായി. നീലേശ്വരത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്തു. കണ്ണൂർ ഇരിട്ടിയിൽ യൂത്ത് കോൺഗ്രസ് - ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരിക്കേറ്റു. കെപിസിസി ആസ്ഥാനത്തിന് നേരെയും കല്ലേറുണ്ടായി. ഇന്ദിരാ ഭവന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്‍റെ ചില്ല് ആക്രമണത്തിൽ തകർന്നു. സിപിഎം - ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് ആക്രമണം ഉണ്ടായത്. 

Also Read: 'പ്രതിഷേധക്കാരെത്തിയത് മദ്യപിച്ച്,മുദ്രാവാക്യം വിളിക്കുമ്പോള്‍ നാക്ക് കുഴയുന്നുണ്ടായിരുന്നു': ഇ പി ജയരാജന്‍

 

PREV
Read more Articles on
click me!

Recommended Stories

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
Malayalam News Live: വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു