
12ന്‍റെ സസ്പെന്‍സ് പൊളിച്ച് മുഖ്യമന്ത്രി.മുഖ്യമന്ത്രി പിണറായി വിജയന്‍ 12 ആകണ്ടേ 12 ആയാല്‍ നല്ലത്, 12 ആകണം എന്ന ഫേസ്ബുക്ക് കുറിപ്പിട്ടതോടെ തുടങ്ങിയ കൌതുകത്തിന് ഒടുവില്‍ വിരാമം. എന്താണ് 12 ന് എന്ന് കാത്തിരുന്നവര്‍ക്കുള്ള മറുപടിയാണ് അടുത്ത ഫേസ്ബുക്ക് കുറിപ്പിലൂടെ മുഖ്യമന്ത്രി നല്‍കിയത്. മുഖ്യമന്ത്രിയുടെ പത്തിന പദ്ധതികളിലൊന്നായ വിളര്‍ച്ചാ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി ആയിരുന്നു മുഖ്യമന്ത്രിയുടെ സസ്പെന്‍സ്. വലിയ രാഷ്ട്രീയ പ്രഖ്യാപനമെന്ന് കരുതി നിരവധിപ്പേരാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്കായി ശ്രദ്ധിച്ചത്.
വിളര്‍ച്ച തടയാനുള്ള മാര്‍ഗങ്ങളും ആരോഗ്യമുള്ള ശരീരത്തിന് രക്തത്തില്‍ 12ഗ്രാം ഹീമോഗ്ലോബിന്‍ ആവശ്യമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഈ അളവിൽ ഹീമോഗ്ലോബിൻ നിലനിർത്താൻ ആയില്ലെങ്കിൽ അനീമിയ ഉണ്ടാവുകയും അതിന്റെ ഭാഗമായി തളർച്ച, ശ്വാസതടസ്സം, ബോധക്ഷയം, ക്രമരഹിതമായ ആർത്തവം, പഠനത്തിൽ അശ്രദ്ധ, പ്രസവ സമയത്ത് അമിത രക്തസ്രാവം തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരികയും ചെയ്യുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കുന്നു. വനിത ശിശുവികസന വകുപ്പിനോട് കൈകോര്‍ത്താണ് വിളര്‍ച്ചാ നിര്‍മ്മാജ്ജന പദ്ധതി നടപ്പിലാക്കുന്നത്. എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റ് ആളുകളില്‍ കൌതുകം ഉണ്ടാക്കിയെന്നത് പോസ്റ്റിന് ലഭിക്കുന്ന പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാണ്.
പ്രതിപക്ഷത്തെ ട്രോളിയതാണോയെന്നും പേടിപ്പിച്ച് കളഞ്ഞുവെന്നും കുറിപ്പിനോട് നിരവധിപ്പേരാണ് പ്രതികരിക്കുന്നത്. വിഷയം വളരെ പ്രാധാന്യമുള്ളതാണെന്നും ചിലര്‍ പ്രതികരിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam