Latest Videos

പ്രധാനമന്ത്രിക്കെതിരെ കേസെടുക്കണം, പ്രസംഗം രാജ്യവിരുദ്ധം, ജനങ്ങളിൽ മുസ്ലിം വിരോധം വളർത്താൻ ശ്രമം: മുഖ്യമന്ത്രി

By Web TeamFirst Published Apr 22, 2024, 5:02 PM IST
Highlights

പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നടപടി എടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. നടപടിയെടുക്കില്ലെന്ന ആത്മവിശ്വാസം പ്രധാനമന്തിക്കുണ്ടായി. നിയമവിരുദ്ധമായ കാര്യമാണ് നടന്നത്

കണ്ണൂർ: പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ പ്രസംഗം തീർത്തും രാജ്യവിരുദ്ധമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ മുസ്ലീങ്ങളെ പേരെടുത്ത് പറഞ്ഞ് ആക്ഷേപിക്കുകയാണ്. സങ്കൽപ്പ കഥകൾ കെട്ടിച്ചമച്ച് മുസ്ലീം വിരോധം ജനങ്ങളിൽ വളർത്തുന്ന പ്രചാരണമാണ് നടക്കുന്നത്. മുസ്ലീം വിഭാഗത്തെ നുഴഞ്ഞു കയറ്റക്കാരായി വിശേഷിപ്പിച്ചു കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. എന്നാൽ രാജ്യത്തെ സ്വാതന്ത്ര്യ സമര സേനാനികളുടെ കൂട്ടത്തിൽ ഒരു പാട് മുസ്ലീങ്ങളുടെ പേര് കാണാൻ സാധിക്കും. പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നടപടി എടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. നടപടിയെടുക്കില്ലെന്ന ആത്മവിശ്വാസം പ്രധാനമന്തിക്കുണ്ടായി. നിയമവിരുദ്ധമായ കാര്യമാണ് നടന്നത്. പ്രധാനമന്ത്രിക്കെതിരെ കേസ് എടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യയുടെ ജനാധിപത്യത്തിൻ്റെ ശക്തി ശരിയായ രീതിയിൽ ജനങ്ങൾ പ്രകടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം പ്രധാനമന്ത്രിക്കെതിരെ നടപടി എടുക്കാൻ തെരഞെടുപ്പ് കമ്മീഷൻ തയ്യാറാവണമെന്നും പറഞ്ഞു.

നുഴഞ്ഞുകയറ്റക്കാരെന്നും "പെറ്റുകൂട്ടുന്നവരെ"ന്നുമുള്ള അധിക്ഷേപകരമായ പരാമർശം വസ്തുതാവിരുദ്ധവും സംഘപരിവാറിന്റെ പ്രത്യയശാസ്ത്ര സംഹിതയുടെ ഭാഗവുമാണ്. തെരഞ്ഞെടുപ്പ് കാലത്ത് വർഗീയത പറഞ്ഞു രാഷ്ട്രീയ മുതലെടുപ്പിനായി പ്രധാനമന്ത്രി തന്നെ നേരിട്ടിറങ്ങിയിരിക്കുന്നുവെന്നത് രാജ്യത്ത് ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങൾ നേരിടുന്ന വെല്ലുവിളികളുടെ ദൃഷ്ടാന്തമാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

മുസ്ലിം സമുദായത്തെ രാജ്യത്തിന്റെ സമ്പത്ത് കവർന്നെടുക്കുന്നവരായും ആക്ഷേപിക്കുകയുണ്ടായി. അപകീർത്തികരവും വർഗീയ ചുവയുമുള്ള ഈ പരാമർശങ്ങൾക്കെതിരെ ശക്തമായ നടപടികളെടുക്കാൻ ഇലക്ഷൻ കമ്മീഷൻ മുന്നോട്ടുവരണം. സുതാര്യവും ജനാധിപത്യ മൂല്യങ്ങൾക്കനുസൃതവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താൻ രാജ്യത്തെ എല്ലാ പുരോഗമന, മതേതര ശക്തികളും ഒന്നിച്ചണിനിരക്കേണ്ടതുണ്ട്. ഈ രാജ്യത്തിന്റെ അന്തഃസത്ത മതനിരപേക്ഷതയിലും മൈത്രിയിലും ഊന്നിയതാണ്. അതിന് കോട്ടം തട്ടുന്ന ഏത് നിലപാടും പരാമർശവും ചോദ്യം ചെയ്യേണ്ടതുണ്ട്, എതിർക്കേണ്ടതുമുണ്ട് - മുഖ്യമന്ത്രി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

click me!