
തൃശ്ശൂർ: ഇന്ത്യയിലെ ആർ എസ് എസും, ഇസ്രയേലിലെ സയണിസ്റ്റുകളും ഇരട്ട സന്തതികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശ്ശൂരിലെ നാട്ടികയിൽ സിപിഎം ഏരിയാ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം. ലോക മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഭീകരമായ ആക്രമണമാണ് ഇസ്രയേൽ ഇറാനുമേൽ നടത്തിയത്. ഇസ്രയേലിനെതിരെ ലോകത്താകെ വിമർശനം ഉയർന്നു വരുന്ന ഘട്ടത്തിലാണ് ഈ ആക്രമണം. ഇതിന് അവർക്ക് പിൻബലമാകുന്നത് അമേരിക്കയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇറാനെ ആക്രമിച്ചതിൽ ലോക രാജ്യങ്ങളും സംഘടനകളും അപലപിച്ചപ്പോൾ അവിടെ ഇന്ത്യയെ കണ്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ മുഖം മുഷിയാൻ പാടില്ലെന്ന നിലപാടാണ് ബി ജെ പി സർക്കാരിനും ആർ എസ് എസിനുമുള്ളത്. ബി ജെ പിയും ആർ എസ് എസും വർഗീയതയുടെ വക്താക്കളാണ്. വർഗീയതയുമായി സമരസപ്പെടുന്ന നിലപാടാണ് കോൺഗ്രസിന്റേതും. നിലമ്പൂരിൽ ജമാ അത്തെ ഇസ്‌ലാമിയുമായി പരസ്യമായി കൂട്ടുചേർന്നാണ് കോൺഗ്രസ് മത്സരിക്കുന്നത്. വർഗീയതക്കെതിരെ ജനങ്ങൾ മതനിരപേക്ഷത ഉയർത്തിപ്പിടിക്കണമെന്നും പ്രസംഗത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.