
പാലക്കാട് : കോട്ടായിൽ കോൺഗ്രസ് ഓഫീസിൽ പൂട്ട് തകർത്ത് കയറി സിപിഎം പ്രവ൪ത്തക൪ സിപിഎം പതാക സ്ഥാപിച്ചു. കോൺഗ്രസ് വിട്ട മോഹൻകുമാറും സിപിഎം പ്രാദേശിക നേതാക്കളും ചേർന്നാണ് പൊലീസ് പൂട്ടിയ വാതിൽ പൊളിച്ച് കോൺഗ്രസ് ഓഫീസിനുള്ളിൽ കയറിയത്. കോൺഗ്രസ് കൊടിമരം കട്ട൪ ഉപയോഗിച്ച് മുറിച്ചു മാറ്റിയ ശേഷം സിപിഎം പതാകയും ഫ്ളക്സും വെച്ചു. പാർട്ടി ഓഫീസിനെ ചൊല്ലിയുള്ള തർക്കത്തിനെ തുടർന്ന് നേരത്തെ പൊലീസ് ഓഫീസ് പൂട്ടിയിരുന്നു.
കോൺഗ്രസ് കോട്ടായി മണ്ഡലം പ്രസിഡന്റ് കെ മോഹൻകുമാർ ഉൾപ്പെടെ മുപ്പതോളം നേതാക്കളും പ്രവർത്തകരുമാണ് ഇന്ന് രാജിവച്ച് സിപിഐ എമ്മിൽ ചേർന്നത്. പിന്നാലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ചുവപ്പ് പെയിന്റ് അടിക്കാനുള്ള നീക്കമുണ്ടായതോടെ പൊലീസെത്തി തടഞ്ഞു. രാവിലെ പൊലീസ് താഴിട്ടുപൂട്ടിയ ഓഫീസിന്‍റെ പൂട്ടുപൊളിക്കാൻ സിപിഎം പ്രവർത്തകർ ശ്രമിച്ചതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തേക്കെത്തി. ഇതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. പൊലീസ് ലാത്തിവീശിയതോടെയാണ് പ്രവർത്തകർ രാവിലെ പിരിഞ്ഞ് പോകാൻ തയ്യാറായത്. വൈകിട്ട് വീണ്ടും സംഘടിച്ചെത്തിയ പ്രവർത്തകർ പൂട്ട് തകർത്ത് ഓഫീസിൽ കയറുകയായിരുന്നു