മലയാളികളെ നാട്ടിലെത്തിക്കാൻ സ്പെഷ്യൽ ട്രെയിൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു

Published : May 04, 2020, 03:25 PM IST
മലയാളികളെ നാട്ടിലെത്തിക്കാൻ സ്പെഷ്യൽ ട്രെയിൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു

Synopsis

 തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ മാത്രമായി 60000 മലയാളികളാണ് നാട്ടിലേക്ക് തിരിച്ചു വരാൻ കാത്തിരിക്കുന്നത്.


ദില്ലി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി  നരേന്ദ്രമോദിക്ക് കത്തയച്ചു. കേരളത്തിൽ നിന്നും അന്യസംസ്ഥാനങ്ങളിലെ തൊഴിലാളികളുമായി പോകുന്ന ട്രെയിനുകളിൽ മലയാളികളെ തിരിച്ച് അയക്കാനുള്ള സാധ്യത പരിശോധിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെടുന്നു. 

ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ നാട്ടിൽ തിരിച്ചെത്തിക്കാൻ സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന വിമർശനവുമായി പ്രതിപക്ഷനേതാവും ബിജെപിയും രംഗത്ത് എത്തിയതോടെയാണ് സർക്കാർ വിഷയത്തിൽ കൂടുതൽ നടപടി സ്വീകരിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾക്ക് നാട്ടിലേക്ക് മടങ്ങി വരാൻ കേരളം അനുമതി നൽകിയിട്ടുണ്ട്. നോർക്ക റൂട്ട്സ് വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്തവരോടെ അതിർത്തിയിലെ ചെക്ക് പോസ്റ്റിൽ റിപ്പോർട്ട് ചെയ്യാനാണ് കേരളം ആവശ്യപ്പെടുന്നത്. 

എന്നാൽ പല കാരണങ്ങളാൽ രാജ്യത്തെ പലഭാഗത്തും കുടുങ്ങി കിടക്കുന്നവർക്ക് ഇതു സാധിക്കുന്നില്ല എന്നാണ് പ്രധാന ആക്ഷേപം. കേരളത്തിൻ്റെ അയൽ സംസ്ഥാനങ്ങളായ കർണാടകയും തമിഴ്നാടും അവിടെ കുടുങ്ങിയ മറുനാട്ടുകാർക്ക് സംസ്ഥാനം വിടാനുള്ള അനുമതി ഇതുവരെ നൽകിയിട്ടില്ല. തെലങ്കാന സർക്കാർ മറുനാട്ടുകാർക്ക് അതിർത്തി കടക്കാൻ അനുമതി നൽകിയെങ്കിലും തമിഴ്നാടോ കർണാടകയോ കടന്നു പോകാൻ സാധിക്കാത്തതിനാൽ ഇവർക്കും നാട്ടിലേക്ക് വരാനാവാത്ത അവസ്ഥയാണ്. 

റോഡ് മാർഗ്ഗമുള്ള യാത്ര ഇങ്ങനെയൊരു തടസം നിലനിൽക്കുന്ന സാഹചര്യത്തിൽ സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കുക എന്നതു മാത്രമാണ് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ വിദ്യാർത്ഥികളേയും തൊഴിലാളികളേയും മറ്റു ആവശ്യങ്ങൾക്കായി പോയവരേയും തിരിച്ചെത്തിക്കാനുള്ള ഒരു പോംവഴി. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല എന്നാണ് സൂചന. 

ബീഹാറും ജാർഖണ്ഡും അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് ഇതിനോടകം പലവട്ടം കേരളത്തിൽ നിന്നും കുടിയേറ്റ തൊഴിലാളികളുമായി ട്രെയിനുകൾ പോയി കഴിഞ്ഞു. എന്നാൽ കേരളത്തിലേക്ക് ഇതേ വരെ ഒരു ട്രെയിൻ ഓടിയിട്ടില്ല. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ മാത്രമായി 60000 മലയാളികളാണ് നാട്ടിലേക്ക് തിരിച്ചു വരാൻ കാത്തിരിക്കുന്നത്. ഇതു കൂടാതെ മഹാരാഷ്ട്ര, ഗുജറാത്ത്, ദില്ലി എന്നിവിടങ്ങളിലും ആയിരക്കണക്കിന് മലയാളികൾ തിരികെ വരാൻ വഴിയില്ലാതെ കുടുങ്ങി കിടക്കുകയാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വീട് കയറി പ്രചരണം നടത്തുന്നവർ ശ്രദ്ധിക്കണം! പെരുമാറ്റച്ചട്ടം പുറത്തിറക്കി സിപിഎം;'തർക്കിക്കാൻ നിൽക്കരുത്, ജനങ്ങൾ പറയുമ്പോൾ ഇടക്ക് കയറി സംസാരിക്കരുത്'
കോഴിക്കോട്ടെ സിപിഎമ്മിന്റെ കുത്തക മണ്ഡലം കണ്ണുവച്ച് കേരള കോൺഗ്രസ് എം; പാലായിൽ ജോസ് കെ മാണി തന്നെ സ്ഥാനാർത്ഥിയാകാനും സാധ്യത