'സംഘ് ഹർജിക്ക് വാദിക്കുന്നത് കെപിസിസി ഭാരവാഹി, നല്ല ഐക്യം', രൂക്ഷ പരിഹാസവുമായി മുഖ്യമന്ത്രി

Published : Nov 16, 2020, 07:23 PM ISTUpdated : Nov 16, 2020, 07:38 PM IST
'സംഘ് ഹർജിക്ക് വാദിക്കുന്നത് കെപിസിസി ഭാരവാഹി, നല്ല ഐക്യം', രൂക്ഷ പരിഹാസവുമായി മുഖ്യമന്ത്രി

Synopsis

'ഒരു സംഘപരിവാർ സംഘടനയുടെ പ്രതിനിധി കിഫ്ബിക്കെതിരെ ഹൈക്കോടതിയിൽ എത്തുന്നു. അതിന് വക്കാലത്തുമായി ഒരു കെപിസിസി പ്രതിനിധി എത്തുന്നു. നല്ല ഐക്യം', പ്രതിപക്ഷത്തെ പരിഹസിച്ചും, അന്വേഷണ ഏജൻസികൾക്കെതിരെ ‌ആഞ്ഞടിച്ചും മുഖ്യമന്ത്രി.

തിരുവനന്തപുരം: സംസ്ഥാനത്തെ വികസനപദ്ധതികളെയപ്പാടെ തുരങ്കം വയ്ക്കാനും നശിപ്പിക്കാനുമാണ് പ്രതിപക്ഷവും കേന്ദ്ര അന്വേഷണ ഏജൻസികളും ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണ ഏജൻസികൾ കേരളത്തെ വട്ടമിട്ട് പറക്കുകയാണ്. കേരളത്തിലെ ഉദ്യോഗസ്ഥരുടെയാകെ മെക്കിട്ട് കയറി, അവരെ നിശ്ശബ്ദരാക്കി പദ്ധതികളുടെ നടത്തിപ്പ് പ്രതിസന്ധിയിലാക്കാനാണ് അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നതെന്ന് രൂക്ഷമായ ഭാഷയിൽ മുഖ്യമന്ത്രി വിമർശിച്ചു. കെ ഫോൺ പോലുള്ള പദ്ധതികൾ അട്ടിമറിക്കാനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നത്. എന്തിനാണിത്? സ്വകാര്യ കുത്തകകളുടെ വക്കാലത്തെടുക്കുകയാണ് ഏജൻസികൾ. അത് മനസ്സിൽ വച്ചാൽ മതി. ഒരു കുത്തകയുടെയും വക്കാലത്ത് എടുത്ത് ഇങ്ങോട്ട് വരണ്ട. അതിവിടെ നടപ്പില്ല- എന്ന് മുഖ്യമന്ത്രി. ഇതുവരെ അന്വേഷണ ഏജൻസികളെ വിശ്വസിക്കുന്നുവെന്ന നിലപാടെടുത്തിരുന്ന, വളരെ കരുതലോടെ മാത്രം പ്രതികരിച്ചിരുന്ന മുഖ്യമന്ത്രി നിലപാട് അപ്പാടെ മാറ്റുന്നു. അന്വേഷണ ഏജൻസികൾക്കെതിരെ അതിരൂക്ഷവിമർശനമുന്നയിക്കുന്നു. 

ലൈഫ് മിഷനെക്കുറിച്ചും, കെ ഫോണിനെക്കുറിച്ചുമുള്ള അന്വേഷണങ്ങളും കിഫ്ബിയെക്കുറിച്ചുള്ള സിഎജി റിപ്പോർട്ടും കോൺഗ്രസ് - ആർഎസ്എസ് ഗൂഢാലോചനയുടെ സംയുക്തഫലമാണെന്ന ആരോപണം മുഖ്യമന്ത്രി വളരെ ശക്തമായി ഉന്നയിക്കുകയാണ്. ''കേരളത്തിൽ മികച്ച ഗവേണൻസിന് അവാർഡുകൾ കിട്ടുന്നു. അതിന് രാഷ്ട്രീയനേതൃത്വത്തിന് മാത്രമല്ല പങ്ക്. ഈ നിർവഹണം നടത്തുന്ന ഉദ്യോഗസ്ഥർക്കും വിപുലമായ പങ്കുണ്ട്. ആ ഉദ്യോഗസ്ഥർക്ക് മേലെ രാജ്യത്തെ എല്ലാ ഏജൻസികളും വട്ടമിട്ട് പറക്കുക. എന്നിട്ട് ആ ഉദ്യോഗസ്ഥരെ തുടർപ്രവർത്തനങ്ങളിൽ നിസ്സംഗരാക്കുന്ന രീതിയിൽ ഇടപെടുക. അതിന്‍റെ ഉദ്ദേശമെന്ത്? അത് നമ്മൾ കാണണം. 

ലൈഫ് പോലുള്ള പദ്ധതികളിൽ നാട്ടിൽ ഗുണം കിട്ടുന്നത് പാവപ്പെട്ടവർക്കാണ്. ഇപ്പോഴും അതിന്‍റെ പ്രവർത്തനം തുടരുന്നു. എന്തിനാണ് അതിന്‍റെ മെക്കിട്ട് കയറുന്നത്? അതിന്‍റെ ചുമതലക്കാരനെ തുടർച്ചയായി വിളിപ്പിച്ചുകൊണ്ടിരിക്കുന്നതെന്തിനാണ്? എന്തിനാണ് ചോദ്യം ചെയ്യുന്നത്? അതിന് പിന്നാലെ, കെ ഫോണിനെക്കുറിച്ച് അറിയണം. കെ ഫോൺ യാഥാർത്ഥ്യമാകാൻ നാട്ടിലെ യുവാക്കൾ കാത്തിരിക്കുകയാണ്. കേരളത്തിലാകെ ഇന്‍റർനെറ്റ് ലഭ്യമാക്കുന്ന പദ്ധതിയിൽ എന്താണ് ഏജൻസികൾക്കുള്ള സംശയം? ഈ പറയുന്ന കിഫ്ബിയുടെ പണമാണതിന് ഉപയോഗിക്കുന്നത്. രാജ്യത്തെ നവരത്ന കമ്പനികളിലൊന്നായ BHEL ആണത് നടപ്പാക്കുന്നത്. കിഫ്ബി നിർവഹണ ഏജൻസികളെക്കുറിച്ചല്ല, കെ ഫോൺ എന്നതിനോടാണ് വിയോജിപ്പ്. 

ആ താത്പര്യവും കൊണ്ട് ഇങ്ങോട്ട് വരണ്ട. അത് മനസ്സിലാക്കിക്കൊള്ളണം. ഇത്തരം പദ്ധതികൾ നടപ്പാക്കി ലാഭം കൊയ്യാൻ നിരവധി സ്വകാര്യ കുത്തകകളുണ്ട്. അവരുടെ വക്കാലത്തും കൊണ്ട് നടക്കുകയാണ് അന്വേഷണ ഏജൻസികൾ. അവരെ സഹായിക്കാനാണ് ഈ അന്വേഷണം. അതിന് അതേ നാണയത്തിൽ പറയുന്നു അത് മനസ്സിൽ വച്ചാൽ മതി. ഒരു കുത്തകയുടെയും വക്കാലത്ത് എടുത്ത് ഇങ്ങോട്ട് വരണ്ട'', രൂക്ഷമായ ഭാഷയിൽ മുഖ്യമന്ത്രി ആഞ്ഞടിക്കുന്നു. 

''എന്താണ് നിങ്ങളുടെ ഒക്കെ ഉദ്ദേശം? എന്താണെങ്കിലും ഏതാനും വികല മനസ്സുകളുടെ ഉദ്ദേശം ഇവിടെ നടപ്പില്ല. 2016-ൽ ഈ നാട് എങ്ങനെയായിരുന്നു എന്നതിൽ നിന്ന് പിറകോട്ട് പിറകോട്ട് പിറകോട്ട് പോകാനല്ല. മുന്നോട്ട് മുന്നോട്ട് മുന്നോട്ട് പോകാനാണ് സർക്കാരിന്‍റെ ഉദ്ദേശം. നാടിനെ നശിപ്പിക്കുന്ന വികല മനസ്സുകളുടെ കൂടെയല്ല അന്വേഷണ ഏജൻസികൾ നിൽക്കേണ്ടത്'', എന്ന് മുഖ്യമന്ത്രി. 

കിഫ്ബിക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയതിനെതിരെ രൂക്ഷമായ പരിഹാസമാണ് മുഖ്യമന്ത്രി ഉന്നയിക്കുന്നത്. ''ഒരു സംഘപരിവാർ സംഘടനാനേതാവ് ഹൈക്കോടതിയിൽ ഹർജി നൽകുന്നു. ഇതിൽ വക്കാലത്തുമായി ഒരു കെപിസിസി പ്രതിനിധി വാദിക്കാൻ ചെല്ലുന്നു. നല്ല ഐക്യം'', എന്ന് മുഖ്യമന്ത്രി. 

''പ്രതിപക്ഷനേതാവും ഇതിനൊപ്പമുണ്ടല്ലോ. കിഫ്ബി നിരവധി വികസനപദ്ധതികൾ ഇവിടെ നടപ്പാക്കുന്നുണ്ട്. എന്‍റെ നാട്ടിൽ ഇതൊന്നും വേണ്ട ഇവരാരെങ്കിലും പറയുമോ? നാട് നന്നാകുന്നതിൽ വെപ്രാളം കാണിക്കുന്നവരാണ് ഇവരൊക്കെ. വികസനപ്രവർത്തനം എൽഡിഎഫ് സർക്കാരിന്‍റെ കാലത്താണല്ലോ നടക്കുന്നത് എന്ന വെപ്രാളമാണ് ചിലർക്ക് എല്ലാ സർക്കാരുകളുടെയും ലക്ഷ്യം നാടിന്‍റെ വികസനമല്ലേ? അത് തടയാൻ നാടിന്‍റെ വികസനം തടയാമോ? വിമർശിക്കാം, അതിൽ ഞങ്ങൾക്ക് അങ്കലാപ്പില്ല. പക്ഷേ സർക്കാരിന്‍റെ നേട്ടമായിപ്പോകുമോ എന്ന് പേടിച്ച്, ഇതിനെ എതിർക്കുന്നത് ശരിയാകില്ലല്ലോ?'', എന്ന് മുഖ്യമന്ത്രി. 

''ഇവർ കേവല വികസനവിരുദ്ധർ മാത്രമല്ല. വികസനത്തിന് വേണ്ടിയാണ് ഈ പദ്ധതികൾ നടപ്പാക്കുന്നത്. ഇതിൽ നിന്ന് പിൻമാറാൻ ഉദ്ദേശവുമില്ല'', എന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പതാക കൈമാറ്റം പാണക്കാട് നിന്ന് നടത്തിയില്ല, സമസ്ത ശതാബ്‌ദി സന്ദേശ യാത്ര തുടങ്ങും മുന്നേ കല്ലുകടി
ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു