വൈദ്യുതി മേഖലയില്‍ ആദ്യദിനം ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ ഉണ്ടാക്കിയ മാറ്റം വിവരിച്ച് മുഖ്യമന്ത്രി

By Web TeamFirst Published Sep 26, 2019, 8:49 PM IST
Highlights
  • ശരാശരി രണ്ട് കെ വി വോള്‍ട്ടേജ് വര്‍ധനവ് സാധ്യമായി
  • പ്രസരണ നഷ്ടത്തിലും ഗണ്യമായ കുറവാണ് സാധ്യമാകുന്നത്

കൊച്ചി: ചാര്‍ജ്ജ് ചെയ്ത ആദ്യ ദിനം തന്നെ കേരളത്തിന്റെ വൈദ്യുതി മേഖലയില്‍ ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ ഉണ്ടാക്കിയ മാറ്റത്തെക്കുറിച്ച് വിവരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 500 മെഗാവാട്ടെങ്കിലും ശേഷിയുള്ള ഒരു പുതിയ വൈദ്യുതി നിലയം സ്ഥാപിച്ചതിനു തുല്യമായ അവസ്ഥയാണ് സംസ്ഥാനത്ത് സംജാതമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വിവരിച്ചു.

മുഖ്യമന്ത്രിയുടെ കുറിപ്പ്

ചാര്‍ജ്ജ് ചെയ്ത ആദ്യ ദിനം തന്നെ കേരളത്തിന്റെ വൈദ്യുതി മേഖലയില്‍ ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ ഉണ്ടാക്കിയ മാറ്റം വലുതാണ്. 500 മെഗാവാട്ടെങ്കിലും ശേഷിയുള്ള ഒരു പുതിയ വൈദ്യുതി നിലയം സ്ഥാപിച്ചതിനു തുല്യമായ അവസ്ഥയാണ് സംസ്ഥാനത്ത് സംജാതമായിരിക്കുന്നത്. ഈ ലൈനിലൂടെ വൈദ്യുതി എത്തി തുടങ്ങിയപ്പോള്‍ പാലക്കാട്, കൊച്ചി, കോട്ടയം തുടങ്ങിയ മേഖലകളില്‍ ഉള്‍പ്പെടെ ശരാശരി രണ്ട് കെ വി വോള്‍ട്ടേജ് വര്‍ധനവ് കഴിഞ്ഞ ദിവസം സാധ്യമായി. പരമാവധി ശേഷിയില്‍ വൈദ്യുതി എത്തിച്ചിരുന്ന ഉദുമല്‍പെട്ട്-പാലക്കാട്, മൈസൂര്‍-അരീക്കോട് എന്നീ അന്തര്‍സംസ്ഥാന ലൈനുകളില്‍ ആനുപാതികമായി കുറവ് വരുത്താനും കഴിഞ്ഞു.

ഉദുമല്‍പെട്ട്-പാലക്കാട് ലൈന്‍ തകരാറിലായാല്‍ കേരളം മുഴുവന്‍ ഇരുട്ടിലാകുമെന്ന ഭയാനകമായ അവസ്ഥയില്‍ നിന്നും ശാശ്വതമായ മോചനം ഇപ്പോള്‍ സാധ്യമായിട്ടുമുണ്ട്. മാത്രമല്ല, വേനല്‍ വരള്‍ച്ചയില്‍ വൈദ്യുതി ക്ഷാമം അനുഭവപ്പെടുമ്പോള്‍ പുറമെ നിന്നും വൈദ്യുതി വാങ്ങിച്ചാലും വൈദ്യുതി എത്തിക്കാന്‍ കഴിയാതിരുന്ന അവസ്ഥയും മാറി. ഈ ലൈന്‍ നിലവില്‍ വന്നതോടെ പ്രസരണ നഷ്ടത്തിലും ഗണ്യമായ കുറവാണ് സാധ്യമാകുന്നത്.

 

click me!