'സംസ്ഥാനങ്ങൾക്കുള്ള ജിഎസ്‌ടി നഷ്ടപരിഹാരം അഞ്ചുവർഷംകൂടി തുടരണം'; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Published : Jul 07, 2022, 06:36 PM IST
'സംസ്ഥാനങ്ങൾക്കുള്ള ജിഎസ്‌ടി നഷ്ടപരിഹാരം അഞ്ചുവർഷംകൂടി തുടരണം'; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Synopsis

വിഷയത്തിൽ പ്രധാനമന്ത്രിയുടെ അനുഭാവപൂർവമായ ഇടപെടൽ ഉണ്ടാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

തിരുവനന്തപുരം: സംസ്ഥാനങ്ങൾക്കുള്ള ജിഎസ്‌ടി നഷ്ടപരിഹാരം അടുത്ത അഞ്ചുവർഷത്തേക്കുകൂടി തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തെഴുതി. സംസ്‌ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം തുടരണമെന്നാണ് ജൂൺ അവസാനവാരം നടന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ കേരളവും മറ്റ് സംസ്ഥാനങ്ങളും കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. സംസ്‌ഥാനങ്ങളുടെ ഈ ആവശ്യം തികച്ചും ന്യായമാണ്. ഈ വിഷയത്തിൽ പ്രധാനമന്ത്രിയുടെ അനുഭാവപൂർവമായ ഇടപെടൽ ഉണ്ടാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

2017 ജൂലൈ ഒന്നിന് ജിഎസ്ടി നടപ്പിലായപ്പോൾ മുതൽ സംസ്ഥാനങ്ങൾക്ക്‌ നേരിട്ട വരുമാന നഷ്ടം പരിഹരിക്കാനാണ്‌ കേന്ദ്രം അഞ്ചുവർഷ കാലയളവിലേക്ക് ജിഎസ്ടി നഷ്ടപരിഹാര തുക ഏർപ്പെടുത്തിയത്. ഈ ജിഎസ്ടി നഷ്ടപരിഹാര കാലയളവ് ജൂൺ മാസത്തോടെ അവസാനിച്ചിരിക്കുകയാണ്. സംസ്‌ഥാനങ്ങളുടെ സാമ്പത്തിക സ്‌ഥിതിയെ കാര്യമായി ബാധിക്കുന്ന ഒരു വിഷയമാണിത്. 2017 ൽ ജിഎസ്ടി നടപ്പിലാക്കിയപ്പോൾ അഞ്ചുവർഷത്തിനകം രാജ്യത്തെ നികുതി വ്യവസ്ഥയും നടപടികളും സ്‌ഥായിയാവുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടതെങ്കിലും അതുണ്ടായില്ലെന്ന് മുഖ്യമന്ത്രി കത്തിൽ കൂട്ടിച്ചേർത്തു.

ജിഎസ്‌ടി നിരക്ക് സംസ്ഥാനങ്ങളും കേന്ദ്രവും 60:40 എന്ന അനുപാതത്തിൽ പങ്കിടണമെന്നാണ്‌ വിദഗ്‌ധസമിതി ശുപാർശയെങ്കിലും നിലവിൽ തുല്യമായാണ് ജിഎസ്ടി വരുമാനം വീതിക്കപ്പെടുന്നത്. ജിഎസ്ടിക്ക് ശേഷം സംസ്‌ഥാനങ്ങളുടെ അടിസ്‌ഥാന വാറ്റ് നികുതി നിരക്ക് 14.5 ശതമാനത്തിൽ നിന്ന് 9 ശതമാനമായി കുറഞ്ഞു. സംസ്‌ഥാനങ്ങളനുഭവിക്കുന്ന ഈ നികുതിനഷ്ടങ്ങൾക്ക് പരിഹാരമായാണ് ജിഎസ്ടി നഷ്ടപരിഹാരം വിഭാവനം ചെയ്യപ്പെട്ടതെന്നും മുഖ്യമന്ത്രി കത്തിൽ സൂചിപ്പിച്ചു. കൊവിഡ് മഹാമാരി കാരണം സംസ്‌ഥാനങ്ങളുടെ സമ്പദ് വ്യവസ്ഥയിൽ കാര്യമായ ഇടിവുസംഭവിച്ചിട്ടുണ്ട്. മഹാമാരിക്ക് മുൻപുള്ള രണ്ടു വർഷവും കേരളം പ്രകൃതി ദുരന്തങ്ങളെ അഭിമുഖീകരിച്ചിരുന്നു.
ഈ അവസ്ഥയിലും കടമെടുപ്പുപരിധിയിൽ കേന്ദ്രം നിയന്ത്രണങ്ങൾ കൊണ്ടുവരികയാണ്. 

പൊതു വിപണിയിൽ നിന്നും വായ്പയെടുക്കുന്നതിലെ ചരട് വ്യവസ്ഥകൾ കാരണം കേരളം പോലുള്ള സംസ്‌ഥാനങ്ങൾ പ്രതിസന്ധി നേരിടുകയാണ്. കേരളത്തിന്‌ കേന്ദ്രത്തിൽനിന്ന്‌ ലഭിക്കേണ്ട നികുതിവരുമാനം കുറഞ്ഞു വരികയാണ്. കേരളത്തിനുള്ള റവന്യു കമ്മി ഗ്രാന്റും 2024-25 നകം അവസാനിക്കാൻ പോവുകയുമാണ്. ഈ സാഹചര്യത്തിൽ ജിഎസ്ടി നഷ്ടപരിഹാരം അവസാനിപ്പിക്കുന്നത് സംസ്‌ഥാനങ്ങളുടെ ധനസ്‌ഥിതിയെ ദോഷകരമായി ബാധിക്കുമെന്നും അതിനാൽ സംസ്ഥാനങ്ങൾക്ക്‌ ജിഎസ്‌ടി നഷ്ടപരിഹാരം നൽകുന്നത്‌ അഞ്ചുവർഷംകൂടി തുടരണമെന്നും കത്തിലൂടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എംഎ ബേബിയുടെ ചില ശീലങ്ങൾ മാതൃകാപരമെന്ന് ചെറിയാൻ ഫിലിപ്പ്
മോദിയുടെ തിരുവനന്തപുരം സന്ദർശനം; സിൽവർ ലൈന് ബദലായ അതിവേഗ റെയിൽ നാളെ പ്രഖ്യാപിച്ചേക്കും