
കൊച്ചി: ഉഭയകക്ഷിബന്ധം വഷളാകുന്നതിനിടെ സിപിഐ മന്ത്രിമാർ വിളിച്ച യോഗം അഞ്ചുമിനിറ്റുകൊണ്ട് അവസാനിപ്പിച്ച് മുഖ്യമന്ത്രി ഇറങ്ങിപ്പോയി. നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് എറണാകുളത്ത് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് വിളിച്ച യോഗമാണ് മില്ലുടമകൾ ഇല്ലെന്ന പേരിൽ മുഖ്യമന്ത്രി നിമിഷ നേരം കൊണ്ട് പിരിച്ചുവിട്ടത്. നാളത്തെ മന്ത്രിസഭാ യോഗം ബഹിഷ്കരിക്കുമെന്ന് സിപിഐ നിലപാട് വ്യക്തമാക്കിയിരിക്കെ നാളെ തിരുവനന്തപുരത്ത് യോഗം ചേരാമെന്നാണ് മുഖ്യമന്ത്രി സിപിഐ മന്ത്രിമാരെ അറിയിച്ചത്. പി എം ശ്രീയുടെ പേരിലുള്ള സിപിഎം-സിപിഐ തർക്കം ഭരണത്തെ ബാധിക്കില്ലെന്ന് ഇരുകൂട്ടരും ആവർത്തിക്കുന്നതിനിടെയാണ് നെല്ലുസംഭരണവുമായി ബന്ധപ്പെട്ട യോഗം പാതിവഴിയിൽ അവസാനിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി ഇറങ്ങിപ്പോയത്. സിപിഐയുടെ കൈവശമുളള ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പാമായിരുന്നു എറണാകുളം ഗസ്റ്റ് ഹൗസിൽ യോഗം വിളിച്ചത്. സിപിഐ മന്ത്രിമാരായ ജി ആർ അനിൽ, കൃഷിമന്ത്രി പി പ്രസാദ് എന്നിവർക്കുപുറമേ ധനമന്ത്രി കെ ബാലഗോപാലും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയും ഉന്നത ഐ എ എസ് ഉദ്യോഗസ്ഥരും യോഗത്തിന് എത്തിയിരുന്നു.
രാവിലെ ഒമ്പതിന് ഗസ്റ്റ് ഹൗസ് ഹാളിൽ മുഖ്യമന്ത്രി എത്തിയപ്പോൾത്തന്നെ കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് വ്യക്തമായിരുന്നു. യോഗം തുടങ്ങിയ ഉടൻ മില്ലുടമകൾ എവിടെയെന്ന് മുഖ്യമന്ത്രി ചോദിച്ചു. അവരെ വിളിച്ചില്ലെന്നും ഉദ്യോഗസ്ഥതല യോഗമാണ് ഇന്നത്തേതെന്നും ഭക്ഷ്യമന്ത്രി മറുപടി നൽകി. ഇതുകേട്ട് ക്ഷുഭിതനായ മുഖ്യമന്ത്രി മില്ലുടമകൾ ഇല്ലാതെ എന്തിനാണീ ചർച്ചയെന്ന് ചോദിച്ചു. യോഗത്തിന്‍റെ അജണ്ട മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നെന്ന് സിപിഐ മന്ത്രിമാർ മറുപടി നൽകിയെങ്കിലും മുഖ്യമന്ത്രി ചെവിക്കൊണ്ടില്ല. പാലക്കാട് അടക്കം കൊയ്തെടുത്ത നെല്ല് വഴിയിൽ കിടിക്കുകയാണെന്ന് പറഞ്ഞ് കൃഷി മന്ത്രി ഇടപെടാൻ നോക്കിയെങ്കിലും രംഗം ശാന്തമായില്ല. ഒടുവിൽ അഞ്ചു മിനിറ്റുകൊണ്ട് യോഗം അവസാനിപ്പിച്ച് മുഖ്യമന്ത്രി മടങ്ങി. മില്ലുടമകളെക്കൂടി ഉൾപ്പെടുത്തി നാളെ വൈകിട്ട് നാലിന് തിരുവനന്തപുരത്ത് കാണാമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി ഇറങ്ങിപ്പോയത്.
അതേസമയം, യോഗത്തിൽ നിന്ന് മുഖ്യമന്ത്രി പോയതുമായി ബന്ധപ്പെട്ട് ചോദ്യത്തിൽ തര്‍ക്കമുണ്ടെങ്കിൽ തങ്ങള്‍ യോഗത്തിന് എത്തുമായിരുന്നില്ലലോ എന്ന മറുപടിയാണ് നൽകിയത്. നാളത്തെ മന്ത്രിസഭാ യോഗം ബഹിഷ്കരിക്കുമെന്ന് സിപിഐ പ്രഖ്യാപിച്ചിരുന്നു. ഈ മന്ത്രിസഭായോഗത്തിന് ശേഷമാണ് നാളെ വൈകുന്നേരം സിപിഐ മന്ത്രിമാർ വിളിച്ച മില്ലുടമകളുടെ യോഗം എന്ന പ്രത്യേകതകൂടിയുണ്ട്. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിന്‍റെ പേരിൽ ഇടഞ്ഞുനിൽക്കുന്ന സിപിഐ മെരുങ്ങാത്തത്തിലുളള ഇഷ്ടക്കേടാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചതെന്നാണ് സൂചന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam