സ്ഫോടകവസ്തു കടിച്ച് ആന ചരിഞ്ഞ സംഭവം; വിശദ അന്വേഷണത്തിന് ടീമിനെ അയച്ചെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Jun 3, 2020, 6:58 PM IST
Highlights

വിശദമായ അന്വേഷണത്തിനായി കോഴിക്കോട് നിന്നുള്ള വൈല്‍ഡ് ലൈഫ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ സംഭവസ്ഥലത്തേക്ക് അയച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷനില്‍ സ്ഫോടകവസ്തു കടിച്ച് ആന ചരിഞ്ഞ സംഭവത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിശദമായ അന്വേഷണത്തിനായി കോഴിക്കോട് നിന്നുള്ള വൈല്‍ഡ് ലൈഫ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ സംഭവസ്ഥലത്തേക്ക് അയച്ചു.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം അറിയിച്ചു. മെയ് 27നാണ് സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ചതിനെ തുടര്‍ന്ന് വെള്ളിയാര്‍ പുഴയില്‍ വച്ച് ഗര്‍ഭിണിയായ ആന ചരിഞ്ഞത്. സ്‌ഫോടനത്തില്‍ നാക്കും വായും തകര്‍ന്ന കാട്ടാന ഏറെ ദിവസം പട്ടിണി കിടന്ന് അലഞ്ഞാണ് ചരിഞ്ഞത്.

വനാതിര്‍ത്തിയില്‍ ആരോ കാട്ടുപന്നിക്ക് കെണിയായി വെച്ച സ്‌ഫോടകവസ്തു നിറച്ച പൈനാപ്പിള്‍ ആന ഭക്ഷിക്കുകയായിരുന്നുവെന്ന് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. വനംവകുപ്പ് ജീവനക്കാരനായ മോഹന്‍ കൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്. രക്ഷിക്കാന്‍ രണ്ട് കുങ്കിയാനകളെ എത്തിച്ച് പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് 15 വയസ്സോളം പ്രായമുള്ള ആന ഗര്‍ഭിണിയാണെന്ന് മനസ്സിലായത്. ആനയുടെ പരിക്ക് ആരുടെയും മനസ്സലിയിക്കുന്നതായിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ഡോ. ഡേവിഡ് എബ്രഹാം പറഞ്ഞു.

click me!