'അസംബന്ധം വിളിച്ച് പറയരുത്'; സ്വപ്നയെ ഐടി വകുപ്പിൽ നിയമിച്ചത് തന്‍റെ അറിവോടെയല്ലെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Jul 6, 2020, 7:25 PM IST
Highlights

ഏതെങ്കിലുമൊരു കാര്യമുണ്ടായാൽ അതിൽ മുഖ്യമന്ത്രിയുടെ ഓഫീസിനേയും മുഖ്യമന്ത്രിയേയും കുടുക്കാൻ വല്ല വഴിയുമുണ്ടോ എന്ന് ആലോചിച്ചാണ് ചിലരിവിടെ നടക്കുന്നത്.  അതിൻ്റെ ഭാ​ഗമായാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ ആരോപണം വന്നത്. 

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷ് ഐടി വകുപ്പിൽ ജോലിക്ക് കേറിയത് എങ്ങനെയെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി. ഐടി വകുപ്പിൽ സ്വപ്നയെ നിയമിച്ചത് തൻ്റെ അറിവോടെയല്ല ഇക്കാര്യത്തിൽ എന്താണ് ഉണ്ടായത് എന്ന കാര്യത്തിൽ വ്യക്തത വരുത്തുന്നതാണെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. 

കുറ്റവാളികൾക്ക് ഒളിക്കാനുള്ള ലാവണമല്ല മുഖ്യമന്ത്രിയുടെ ഓഫീസെന്ന് കഴിഞ്ഞ നാല് വർഷത്തെ പ്രവർത്തനം കൊണ്ടു വ്യക്തമായതാണ്. അതു കേരളത്തിലെ ജനങ്ങൾക്കും അറിയാമെന്നും ഇത്തരം ആരോപണങ്ങളിലൂടെ ആ പ്രതിച്ഛായ തകർക്കാൻ ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രൻ ശ്രമിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ... 

നമ്മുടെ തിരുവനന്തപുരം വിമാനത്താവളത്തിൽ ഏറ്റവും വലിയ സ്വർണക്കടത്താണ് ഇപ്പോൾ പിടികൂടിയത് എന്ന് നമ്മുക്കെല്ലാം അറിയാം. 
ഇതിനായി നേതൃത്വം വഹിച്ച എല്ലാ ഉദ്യോ​ഗസ്ഥരേയും അഭിനന്ദിക്കുന്നു. ഈ കുറ്റകൃത്യത്തിന് പിന്നിലുള്ള പ്രധാന ആസൂത്രകരെ കുറിച്ച് അന്വേഷണസംഘത്തിന് കൃത്യമായ വിവരം ലഭിച്ചു എന്നാണ് പുറത്തുവരുന്ന സൂചന. പ്രതികളെയെല്ലാം പിടികൂടാനും അവരെയെല്ലാം നിയമത്തിന് മുന്നിലെത്തിക്കാനും അന്വേഷണ സംഘത്തിനാവും എന്നു തന്നെയാണ് വിശ്വസിക്കുന്നത്. 

ഏതെങ്കിലുമൊരു കാര്യമുണ്ടായാൽ അതിൽ മുഖ്യമന്ത്രിയുടെ ഓഫീസിനേയും മുഖ്യമന്ത്രിയേയും കുടുക്കാൻ വല്ല വഴിയുമുണ്ടോ എന്ന് ആലോചിച്ചാണ് ചിലരിവിടെ നടക്കുന്നത്.  അതിൻ്റെ ഭാ​ഗമായാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ ആരോപണം വന്നത്. അദ്ദേഹം മനസിലാക്കേണ്ടത് ഈ കേസ് ഫലപ്രദമായി അന്വേഷിക്കുന്നത് കസ്റ്റംസാണ്. അവരത് കൃത്യമായി അന്വേഷിക്കും എന്നാണ് ഞാനും കരുതുന്നത്. ഇവിടെ അതുമായി ബന്ധപ്പെട്ട് ആരെങ്കിലും രക്ഷപ്പെടുന്ന നില സ്വാഭാവികമായി ഉണ്ടാവില്ലെന്നാണ് കരുതന്നത്. 

അത്തരം ആളുകളെ നിയമത്തിൻ്റെ മുന്നിലെത്തിക്കുക എന്നതാണ് പ്രധാനം. ഇത്തരം തെറ്റുകൾ ചെയ്യുന്നവർക്ക് മറ്റു ചില ആരോപണങ്ങൾ ഉന്നയിച്ച് പരിരക്ഷ നൽകാൻ ബിജെപി സംസ്ഥാന അധ്യക്ഷനെ പോലുള്ളവർ ശ്രമിക്കരുത്. അക്കാര്യത്തിൽ സംസ്ഥാന സർക്കാരിൽ നിന്നും എന്തെങ്കിലും സഹായം വേണമെങ്കിൽ അതെല്ലാം സംസ്ഥാനം ചെയ്തു നൽകും. ഈ കേസിൽ ഇടപെടാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും കോൾ പോയെന്നാണ് അടുത്ത ആരോപണം. 

അതാണ് ഞാൻ പറഞ്ഞത് എന്തു അസംബന്ധം വിളിച്ചു പറയാനും കരുത്തുള്ള നാക്കുണ്ടെന്ന് കരുതി എന്തും പറയരുത്. അതു പൊതുസമൂഹത്തിന് ചേർന്നത്തല്ല. ഈ സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസ് എന്താണെന്ന് ഇവിടുത്തെ ജനങ്ങൾക്ക് ധാരണയുണ്ട്. തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കുന്ന ലാവണമല്ല മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന് കഴിഞ്ഞ നാല് വർഷം കൊണ്ട് വ്യക്തമായതാണ്. അതിനെ നശിപ്പിക്കാൻ സുരേന്ദ്രൻ നാവ് കൊണ്ട് ശ്രമിക്കേണ്ടതില്ല. 

click me!