
പാലക്കാട്: വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ട റാം നാരായൺ ബകേലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതികൾക്കതിരെ കർശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ അറിയിച്ചു. പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിൻ്റെ അന്വേഷണം പുരോഗമിക്കുന്നുണ്ട്. കേസിൻ്റെ വിശദംശങ്ങൾ പരിശോധിച്ച് ആവശ്യമായ നിയമ നടപടികൾ കൈക്കൊള്ളാൻ നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ പരിശോധിച്ച് ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കും. കേരളം പോലുള്ള പരിഷ്കൃത സമൂഹത്തിൻ്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികൾ ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ക്രൂരമായ മർദ്ദനം: കൊല്ലണമെന്ന ബോധപൂർവമായ ഉദ്ദേശ്യത്തോടെയാണ് പ്രതികൾ രാം നാരായണനെ മർദ്ദിച്ചത്. മണിക്കൂറുകളോളം നീണ്ട ക്രൂരമായ പീഡനമാണ് നടന്നതെന്ന് പോലീസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഗുരുതര പരിക്കുകൾ: തല മുതൽ കാൽ വരെ 40-ലധികം മുറിവുകൾ ശരീരത്തിലുണ്ട്. കനത്ത വടികൊണ്ട് അടിച്ചു പുറംഭാഗം തകർക്കുകയും, മുഖത്തും മുതുകിലും ക്രൂരമായി ചവിട്ടുകയും ചെയ്തു. തലയിലുണ്ടായ രക്തസ്രാവമാണ് മരണകാരണം.
പ്രതികളുടെ പശ്ചാത്തലം: അറസ്റ്റിലായ അഞ്ച് പ്രതികളും നിരവധി കേസുകളിൽ ഉൾപ്പെട്ട കൊടും ക്രിമിനലുകളാണ്.
ഒന്നാം പ്രതി: പ്രധാന പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി 15-ലധികം കേസുകൾ നിലവിലുണ്ട്. മർദ്ദനം തടയാൻ വന്നവരെപ്പോലും ഭീഷണിപ്പെടുത്തിയാണ് ഇവർ അക്രമം തുടർന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam