നിർഭയ ഹോമുകളിലെ പോക്സോ അതിജീവിതമാർ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജിനൊപ്പം എത്തിയ കുട്ടികൾ, തങ്ങളുടെ 'ഉയരെ' ബ്രാൻഡിന് കീഴിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. 

തിരുവന്തപുരം: മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് നിര്‍ഭയ ഹോമുകളില്‍ കഴിയുന്ന പോക്സോ അതിജീവിതമാർ. ആരോഗ്യ മന്ത്രി വീണാ ജോർജിനൊപ്പമാണ് അതിജീവിതമാർ പിണറായി വിജയനെ കാണാനെത്തിയത്. പെൺകുട്ടികൾക്ക് ജീവിക്കാന്‍ പ്രതീക്ഷയും കരുത്തും ആത്മവിശ്വാസവും നല്‍കുന്നതിനാണ് നാല് വര്‍ഷം മുന്‍പ് തൊഴില്‍ നൈപുണ്യ പരിശീലനം ആരംഭിച്ചത്. രണ്ടു വര്‍ഷം മുന്‍പ് അവര്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്തു. ‘ഉയരെ’ എന്നാണ് പേര്. സാരികള്‍, ബെഡ് ഷീറ്റുകള്‍, കൂക്കീസ്, കേക്കുകള്‍ തുടങ്ങി അനേകം ഉത്പന്നങ്ങളാണ് ഇവര്‍ വിപണയിലെത്തിക്കുന്നതെന്നും ആരോഗ്യ മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രിക്ക് അവര്‍ നിര്‍മ്മിച്ച ഉത്പന്നങ്ങള്‍ അടങ്ങിയ ഒരു ഗിഫ്റ്റ് ഹാമ്പര്‍ കൈമാറിയെന്നും വീണാ ജോർജ്.

Add Asianetnews as a Preferred SourcegooglePreferred

ആരോഗ്യ മന്ത്രി വീണാ ജോ‍ർ‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

'ബഹു. മുഖ്യമന്ത്രി വാത്സല്യത്തോടെ അവരുടെ ശിരസ്സില്‍ തൊട്ടു. ആ നിമിഷങ്ങളില്‍ അവരുടെ കണ്ണുകള്‍ സജലങ്ങളാകുന്നത് കണ്ടു. ‘അവര്‍’ പോക്സോ അതിജീവിതരായ പെണ്‍കുട്ടികളാണ്. നിര്‍ഭയ ഹോമുകളില്‍ സര്‍ക്കാരിന്റെ സംരക്ഷണയില്‍ ഉള്ളവര്‍. അവര്‍ക്ക് ജീവിക്കാന്‍ പ്രതീക്ഷയും കരുത്തും ആത്മവിശ്വാസവും നല്‍കുന്നതിനാണ് നാല് വര്‍ഷം മുന്‍പ് തൊഴില്‍ നൈപുണ്യ പരിശീലനം ആരംഭിച്ചത്. വനിതാ-ശിശു വികസന വകുപ്പിന്റെ സ്റ്റേറ്റ് നിര്‍ഭയ സെല്ലിന് കീഴിലുള്ള തേജോമയ ഹോം, മോഡല്‍ ഹോം എന്നിവിടങ്ങളിലെ കുട്ടികള്‍ക്കാണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കാന്‍ ആരംഭിച്ചത്. രണ്ടു വര്‍ഷം മുന്‍പ് അവര്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്തു. ‘ഉയരെ’ എന്നാണ് പേര്. സാരികള്‍, ബെഡ് ഷീറ്റുകള്‍, കൂക്കീസ്, കേക്കുകള്‍ തുടങ്ങി അനേകം ഉത്പന്നങ്ങളാണ് ഇവര്‍ വിപണയിലെത്തിക്കുന്നത്.

‘ഉയരെ’യുടെ വിജയത്തിലുള്ള സന്തോഷസൂചകമായിട്ടാണ് കുട്ടികള്‍ ഇന്ന് ബഹു. മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്. അവര്‍ നിര്‍മ്മിച്ച ഉത്പന്നങ്ങള്‍ അടങ്ങിയ ഒരു ഗിഫ്റ്റ് ഹാമ്പര്‍ ബഹു. മുഖ്യമന്ത്രിയ്ക്ക് കൈമാറുകയും ചെയ്തു. വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടര്‍ ശ്രീമതി. ഹരിതാ.വി.കുമാര്‍, നിര്‍ഭയ കോ-ഓര്‍ഡിനേറ്റര്‍ ശ്രീമതി. ശ്രീലാ മേനോന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.'- വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ്