സിസ്റ്റർ ലിനി വിടവാങ്ങിയിട്ട് രണ്ടാണ്ട്; കൊവിഡ് പോരാട്ടത്തിന് കരുത്തെന്ന് മുഖ്യമന്ത്രി

By Web TeamFirst Published May 21, 2020, 10:18 AM IST
Highlights

നൊമ്പരത്തോടെയും എന്നാല്‍ അതിലേറെ സ്നേഹത്തോടെയും മലയാളികള്‍ ഓര്‍ക്കുന്ന പേരാണ് സിസ്റ്റര്‍ ലിനിയുടേത്. നിപ എന്ന മഹാവിപത്ത് കേരളജനതയെ ഞെട്ടിച്ചപ്പോള്‍ മരണം പോലും വകവെയ്ക്കാതെ സിസ്റ്റര്‍ ലിനി ചെയ്ത സേവനങ്ങള്‍ മറക്കാന്‍ ആര്‍ക്കുമാവില്ല

തിരുവനന്തപുരം: കൊവിഡ‍് 19ന് മുമ്പ് കേരളത്തിന് വെല്ലുവിളിയായെത്തിയ നിപ എന്ന മഹാമാരിക്കെതിരെ പോരാടി മരിച്ച സിസ്റ്റര്‍ ലിനി വിടവാങ്ങിയിട്ട് രണ്ട് വര്‍ഷം. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ലിനിക്ക് നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് വൈറസ് ബാധയേറ്റത്. അർപണ ബോധത്തോടെ രോഗബാധിതരെ ശുശ്രൂഷിച്ച ലിനി ആരോഗ്യ പ്രവർത്തകർക്കാകെ മാതൃകയായി മാറി. നൊമ്പരത്തോടെയും എന്നാല്‍ അതിലേറെ സ്നേഹത്തോടെയും മലയാളികള്‍ ഓര്‍ക്കുന്ന പേരാണ് സിസ്റ്റര്‍ ലിനിയുടേത്.

നിപ എന്ന മഹാവിപത്ത് കേരളജനതയെ ഞെട്ടിച്ചപ്പോള്‍ മരണം പോലും വകവെയ്ക്കാതെ സിസ്റ്റര്‍ ലിനി ചെയ്ത സേവനങ്ങള്‍ മറക്കാന്‍ ആര്‍ക്കുമാവില്ല. ഒടുവില്‍ മരണത്തിന് കീഴടങ്ങുന്നതിന് മുമ്പ് ലിനി കുറിച്ചിട്ട വരികള്‍ ഏറെ ഹൃദയവേദനയോടെയാണ് മലയാളികള്‍ വായിച്ചത്.

മരിക്കുന്നതിന് തൊട്ടുമുമ്പ് താന്‍ ജീവനെപ്പോലെ സ്‌നേഹിക്കുന്ന ഭര്‍ത്താവ് സജീഷിനേയും കുഞ്ഞുമക്കളേയും ഒരുനോക്ക് കാണാന്‍ പോലുമാകാത്ത അവസ്ഥയിലും ധൈര്യം കൈവിടാതെ, കുഞ്ഞുമക്കളെ നന്നായി നോക്കണമെന്നും ഇനി തമ്മില്‍ കാണാന്‍ കഴിയില്ലെന്നും സൂചിപ്പിച്ചുകൊണ്ട് ലിനി എഴുതിയ വാചകങ്ങള്‍ ഓരോ മലയാളിയുടേയും മനസില്‍ നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മകളായി നില്‍ക്കുകയാണ്.

ലിനിയെ ഓർക്കാതെ ഈ കാലം എങ്ങനെ കടന്നു പോകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. കൊവിഡ് 19 എന്ന മഹാമാരിയെ ലോകം നേരിട്ടുകൊണ്ടിരിക്കുന്ന വേളയിലാണ് ലിനിയുടെ ഓർമ്മദിനം കടന്നുപോവുന്നത്. ലിനിയെ പോലുള്ള ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകരാണ് ഈ പോരാട്ടത്തിൽ കേരളത്തിന്‍റെ കരുത്ത്. രോഗികളെ ശുശ്രൂഷിക്കാനും രോഗം പടരാതിരിക്കാനും കാട്ടുന്ന ജാഗ്രത നമ്മുടെ നാടിനെ സുരക്ഷിതമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

ലോകത്തിന്‍റെ മുക്കിലും മൂലയിലും മലയാളികളായ ആരോഗ്യ പ്രവർത്തകർ കൊവിഡിനെതിരായ പോരാട്ടത്തിൽ എല്ലാം മറന്ന് മുന്നിലുണ്ട്. രോഗബാധിതരെ ശുശ്രൂഷിക്കുന്നതിനിടയിൽ വൈറസ് ബാധ ഏറ്റ ആരോഗ്യ പ്രവർത്തകർ രോഗമുക്തിക്കു ശേഷം അതേ ജോലിയിലേക്ക് തന്നെയെന്ന് പ്രഖ്യാപിക്കുന്നത് നമുക്കാകെ ധൈര്യം നൽകുന്നു. ലിനിയുടെ ജീവിതസന്ദേശം പ്രസക്തമാകുന്നത് ഇവിടെയാണ്. കൊവിഡിനെതിരായ പോരാട്ടത്തിൽ ലിനിയുടെ ഓർമ്മകൾ നമുക്ക് കരുത്തേകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

click me!