
ഈ ജൂണിൽ ഞങ്ങൾ പരിചയപ്പെട്ടിട്ട് 51 വർഷമാകുന്നു. മോഡൽ സ്കൂളിൽ അഞ്ചാം ക്ലാസിൽ ഒരുമിച്ചു പഠിച്ചവരാണ് ഞങ്ങൾ. നിക്കറിട്ടു ക്ലാസിൽ വന്ന മോഹൻലാലിനേയും പാൻ്റിട്ട് കോളേജിൽ പോയ മോഹൻലാലിനേയും ഞാൻ കണ്ടിട്ടുണ്ട്. അതു കഴിഞ്ഞു പുതുമുഖനടനായ മോഹൻലാലിനേയും പിന്നീട് താരമായ മോഹൻലാലിനേയും സൂപ്പർതാരമായ മോഹൻലാലിനേയും അടുത്തു നിന്നു കാണാൻ എനിക്കായി. മോഹൻലാലിൻ്റെ മുഖത്ത് ആദ്യമായി ക്ലാപ്പ് വയ്ക്കുന്നത് ഞാനാണ്. സുഹൃത്ത് എന്നതിനപ്പുറം സഹോദരതുല്യമായ ബന്ധമാണ് ഞങ്ങൾക്കിടയിൽ.
ഈ കൊവിഡ് സമയത്തും മിക്കവാറും ദിവസങ്ങളിൽ ഞങ്ങൾ ഫോണിലൂടെ സംസാരിച്ചിരുന്നു. എല്ലാരും കഷ്ടപ്പാടിലാണെന്ന വേദന പലപ്പോഴും ലാൽ പങ്കുവച്ചു. ഒരുപാട് ആളുകളെ ഈ ദിവസങ്ങളിൽ മോഹൻലാൽ വിളിച്ചിരുന്നു. 96 വയസുള്ള മുതിർന്ന നടൻ ജികെ പിള്ളയേയും പൂജപ്പുര രവിയേട്ടനേയുമെല്ലാം ലാൽ വിളിച്ചു വിശേഷം അന്വേഷിച്ചു. അവർക്കെല്ലാം ഇതൊരു വലിയ സന്തോഷമായിരുന്നു. പ്രിയദർശൻ, അശോക്, മണിയൻപിള്ള രാജു, എംജി ശ്രീകുമാർ കിരീടം ഉണ്ണി ഞങ്ങളുടെ തിരുവനന്തപുരം ഗ്യാങ്ങിലുള്ളവരെല്ലാം ഇപ്പോഴും ഒരുമിച്ചുണ്ട്.
മോഹൻലാലിനെപോലെയുള്ളവരിൽ പുതുതലമുറ താരങ്ങൾ ഒരു പാടുകാര്യങ്ങൾ പഠിക്കേണ്ടതുണ്ട്. മോഹൻലാലിന് ശേഷം പല തലമുറ അഭിനേതാക്കൾ സിനിമയിൽ എത്തി. എല്ലാ കാര്യത്തിലും കാണിക്കുന്ന കൃതതയും അച്ചടക്കവുമാണ് മോഹൻലാലിൻ്റെ സവിശേഷത. രാവിലെ ഏഴ് മണിക്ക് ഷൂട്ടിംഗ് പറഞ്ഞാൽ കൃത്യസമയത്ത് ലാൽ സെറ്റിലുണ്ടാവും. ഇപ്പോഴത്തെ പല താരങ്ങളും 11 മണിക്കാവും സെറ്റിലെത്തുക.
അമ്മയും പ്രൊഡ്യൂസേഴ്സ് കൗൺസിലും തമ്മിൽ പ്രശ്നമുണ്ടായാലും അതിനെ നയിക്കുന്ന ഞാനും ലാലും തമ്മിൽ ഒരിക്കലും പ്രശ്നമുണ്ടായിട്ടില്ല. ഒരു സ്റ്റേജ് ഷോയിലേക്കോ മറ്റെതെങ്കിലും പരിപാടിക്കോ പോകുകയാണെങ്കിൽ അതിൽ ലാൽ കാണിക്കുന്ന ആത്മാർത്ഥത എടുത്തു പറയേണ്ട കാര്യമാണ്. ഒരു ഫൈറ്റ് സീനോ മറ്റോ വന്നാൽ അതു മികച്ച രീതിയിൽ എടുക്കാൻ ലാൽ കാണിക്കുന്ന സമർപ്പണം കണ്ടു പഠിക്കേണ്ടതാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam