നെടുങ്കണ്ടം കസ്റ്റഡി മരണം; പ്രത്യേകസംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Jun 26, 2019, 10:49 AM IST
Highlights

കസ്റ്റഡിമരണം വര്‍ധിക്കുന്നത് സംബന്ധിച്ച അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. 
 

തിരുവനന്തപുരം: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതി മരിച്ച സംഭവം പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  നിയമസഭയില്‍ പറഞ്ഞു. പൊലീസ് സംവിധാനം ആകെ കുത്തഴിഞ്ഞു കിടക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കസ്റ്റഡിമരണം വര്‍ധിക്കുന്നത് സംബന്ധിച്ച അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. 

കസ്റ്റഡി മരണങ്ങള്‍ വര്‍ധിക്കുന്നത് മൂലം സമൂഹത്തിലുണ്ടാകുന്ന ആശങ്കയും ഗുരുതര സാഹചര്യവും ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പി.ടി.തോമസ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വായ്പാ തട്ടിപ്പ് കേസില്‍ പിടികൂടിയ രാജ്‍കുമാറിനെ
നെടുങ്കണ്ടം  പൊലീസ് ക്രൂരമായി മർദിച്ചെന്ന് പി.ടി.തോമസ് ആരോപിച്ചു. അറസ്റ്റ് ചെയ്ത ശേഷം 105  മണിക്കൂറോളം പ്രതിയെ പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ന് അടിയന്തരാവസ്ഥയുടെ ഓര്‍മ്മ ദിവസമാണെന്നും അതേ ദിവസം തന്നെ കസ്റ്റഡി മരണത്തെക്കുറിച്ച് താന്‍ മറുപടി പറയേണ്ടി വരുന്നത് വിധിവൈപരീത്യം ആണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഒരു കസ്റ്റഡി മരണത്തെയും സര്‍ക്കാര്‍ ന്യായീകരിക്കില്ല. മരണത്തിന് ഉത്തരവാദി ആരായാലും കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിവുള്ള ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി മറ്റുള്ളവരെക്കൊണ്ട് കേസുകള്‍ അന്വേഷിപ്പിക്കുന്നതാണ് പൊലീസിലെ അരക്ഷിതാവസ്ഥയ്ക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. നല്ല ഉദ്യോഗസ്ഥരെ മൂലയ്ക്ക് ഇരുത്തിയിരിക്കുകയാണ്. മോശം ട്രാക്ക് റെക്കോഡ് ഉള്ളവരാണ്  സേനയില്‍ നിര്‍ണായക സ്ഥാനങ്ങളിലുള്ളത്. കസ്റ്റഡി മരണങ്ങൾ ആവർത്തിച്ചിട്ടും ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാത്തതാണ് പ്രശ്നം.വരാപ്പുഴ കസ്റ്റഡി മരണത്തിലെ പ്രതികൾക്ക് സര്‍ക്കാര്‍ ഗുഡ് സർവിസ് എൻട്രി നല്‍കിയെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.
 

Read Also: പീരുമേട്ടിലെ റിമാൻഡ് പ്രതിയുടെ മരണം; മൂന്ന് കോടിയുടെ വായ്പ തട്ടിപ്പ് കേസിലെ അന്വേഷണം വഴിമുട്ടി

click me!