ഇടുക്കി: പീരുമേട് സബ്‍ ജയിലിൽ റിമാൻഡിലായിരുന്ന പ്രതിയുടെ മരണത്തോടെ മൂന്ന് കോടി രൂപയുടെ വായ്പ തട്ടിപ്പ് കേസിലെ അന്വേഷണം വഴിമുട്ടി. സ്വാശ്രയ സഹകരണ സംഘങ്ങൾക്ക് വായ്പ നൽകാമെന്ന വ്യാജേന പണം തട്ടിച്ച കേസിലെ ഒന്നാം പ്രതിയാണ് മരിച്ച രാജ്‍കുമാർ. തട്ടിപ്പ് സംഘത്തിലെ വമ്പൻമാരിലേക്ക് അന്വേഷണം നീങ്ങാതിരിക്കാനാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ മർദ്ദിച്ച് കൊന്നതെന്നും ആരോപണമുണ്ട്.

ഇടുക്കി നെടുങ്കണ്ടത്ത് ഹരിത ഫൈനാൻസിയേഴ്സ് എന്ന പേരിലുള്ള സ്ഥാപനം നടത്തിയിരുന്നയാളാണ് മരിച്ച രാജ്കുമാർ. കഴിഞ്ഞ ജനുവരിയിൽ പ്രവർത്തനം തുടങ്ങിയ സ്ഥാപനം കുറഞ്ഞ പലിശയ്ക്ക് വൻതുക വായ്പ നൽകുമെന്ന വാഗ്ദാനത്തിലാണ് കോടികൾ പിരിച്ചത്. രജിസ്ട്രേഷൻ ഫീസായി 1000 മുതൽ 5000 രൂപ വരെ ഓരോരുത്തരിൽ നിന്നും വാങ്ങിയിരുന്നു. 

1000 രൂപ അടയ്ക്കുന്നവര്‍ക്ക് ഒരു ലക്ഷവും 10,000 രൂപ നൽകുന്നവർക്ക് 10 ലക്ഷം രൂപയും വായ്പ നല്‍കുമെന്നായിരുന്നു വാഗ്ദാനം. ആറ് മാസം പിന്നിട്ടിട്ടും ഒരു രൂപ പോലും ആർക്കും വായ്പ നൽകിയില്ല. രാജ്കുമാറിന് പുറമേ നാട്ടുകാരായ സ്ത്രീകളായിരുന്നു സ്ഥാപനത്തിലെ ജീവനക്കാർ. എന്നാൽ ഇത്രയും ആസൂത്രിതമായ തട്ടിപ്പിന് പിന്നിൽ വമ്പൻമാർ ഉൾപ്പെട്ടിട്ടുണ്ടാകുമെന്നാണ് ആരോപണം.

വായ്പ തട്ടിപ്പിലൂടെ 1.97 കോടി രൂപ സമാഹരിച്ചെന്ന് രാജ്കുമാർ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായാണ് സൂചന. എന്നാൽ പണത്തിന്‍റെ ഉറവിടം പ്രതി വെളിപ്പെടുത്തിയില്ലെന്നാണ് പൊലീസ് പറയുന്നത്. തെളിവെടുപ്പിനിടെ 3,97,000 രൂപയും 227 ചെക്ക് ലീഫുകളും 207 മുദ്രപത്രങ്ങളും മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്. ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ ലഭിച്ചിട്ടും ശാസ്ത്രീയ അന്വേഷണത്തിന് മുതിരാതെ കസ്റ്റഡി മർദ്ദനത്തിലൂടെ പ്രതിയെ കൊലപ്പെടുത്തിയത് തട്ടിപ്പ് സംഘത്തിലെ വമ്പൻമാരെ രക്ഷിക്കാനാണെന്നും ആരോപണമുണ്ട്.