വയനാട് ദുരന്തം കേരളം ഇന്നേവരെ കണ്ടതിൽ വെച്ച് അതീവ ദാരുണം, രക്ഷാപ്രവര്‍ത്തനം തുടരുന്നു: മുഖ്യമന്ത്രി

Published : Jul 30, 2024, 05:20 PM ISTUpdated : Jul 30, 2024, 05:28 PM IST
വയനാട് ദുരന്തം കേരളം ഇന്നേവരെ കണ്ടതിൽ വെച്ച് അതീവ ദാരുണം, രക്ഷാപ്രവര്‍ത്തനം തുടരുന്നു: മുഖ്യമന്ത്രി

Synopsis

പരമാവധി ജീവൻ രക്ഷിക്കാനും പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും ശ്രമിക്കും. ജില്ലയിൽ 45 ക്യാമ്പുകളിലായി 3096 പേരെ പാര്‍പ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: നാട് ഇത് വരെ കണ്ടതിൽ വച്ച് അതീവ ദാരുണമായ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉറങ്ങാൻ കിടന്നവരാണ് ദുരന്തത്തിൽ അകപ്പെട്ടത്. ജീവൻ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, അമിത് ഷാ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ബംഗാൾ ഗവര്‍ണര്‍ സിവി ആനന്ദബോസ് എന്നിവര്‍ വിളിച്ച് സഹായം വാഗ്ദാനം ചെയ്തു.

കേരളത്തിലെ പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ ഉപനേതാവും മുൻ പ്രതിപക്ഷ നേതാവും ഒരുമിച്ച് നീങ്ങാനുള്ള തീരുമാനം അറിയിച്ചു. അഞ്ച് മന്ത്രിമാര്‍ വയനാട്ടിൽ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നു. സൈന്യത്തിൻ്റെ സഹായമടക്കം സാധ്യമായ എല്ലാം ഒരുക്കി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സേനാവിഭാഗങ്ങൾ സഹായിക്കുന്നുണ്ട്. പരമാവധി ജീവൻ രക്ഷിക്കാനും പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും ശ്രമിക്കും. ജില്ലയിൽ 45 ക്യാമ്പുകളിലായി 3096 പേരെ പാര്‍പ്പിച്ചിട്ടുണ്ട്.

ദുരന്തത്തിൽ നിരവധി പേര്‍ ഒഴുകിപ്പോയി. പോത്തുകല്ലിൽ ചാലിയാറിൽ നിന്ന് 16 മൃതദേഹങ്ങൾ കണ്ടെത്തി. ഇവിടെ നിന്ന് ശരീരഭാഗങ്ങളും കണ്ടെത്തി. 34 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 18 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. സൈന്യം മുണ്ടക്കൈ മാര്‍ക്കറ്റിലെത്തി. പരിക്കേറ്റവരെ ഇവിടെ നിന്ന് രക്ഷപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

വയനാട്ടിലേത് ഹൃദയഭേദകമായ ദുരന്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയുടെ 60 അംഗ ടീം വയനാട്ടിൽ എത്തി. ഹെലികോപ്റ്റർ വഴിയുള്ള രക്ഷ ദൗത്യത്തിനു വീണ്ടും ശ്രമിക്കും. പോസ്റ്റ്‌മോര്‍ട്ടം നടപടികൾ വേഗത്തിലാക്കും. കോഴിക്കോട് നിന്ന് ഫൊറൻസിക് സംഘത്തെ കൂടി നിയോഗിച്ചിട്ടുണ്ടെന്നും 20000 ലിറ്റർ വെള്ളവുമായി ജല വിഭവ വകുപ്പ് വാഹനം ദുരന്തമുഖത്തേക്ക് പുറപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരന്ത ബാധിത പ്രദേശമായി പ്രഖ്യാപിച്ച സ്ഥലത്തല്ല ഉരുൾ പൊട്ടൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉരുൾപൊട്ടലിൻ്റെ പ്രഭവകേന്ദ്രം മനുഷ്യവാസമുള്ള ഇടമല്ല. എല്ലാവരും ദുരന്ത സാധ്യത മുന്നറിയിപ്പ് പാലിക്കണം. മാധ്യമ ഇടപെടലുകളെ പ്രത്യേകം എടുത്ത് പറഞ്ഞ് മുഖ്യമന്ത്രി പ്രശംസിച്ചു. അനാവശ്യമായി വയനാട് സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളാ ബാങ്ക് 50 ലക്ഷം സഹായം വാഗ്ദാനം ചെയ്തു. തമിഴ്നാട് മുഖ്യമന്ത്രി അഞ്ച് കോടി രൂപയും സിയാൽ 2 കോടി രൂപയും വാഗ്ദാനം ചെയ്തുവെന്നും എല്ലാവരും സംഭാവന നൽകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

ഏഷ്യാനെറ്റ് ന്യൂസ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നഗരസഭ അധ്യക്ഷ സ്ഥാനം പങ്കിടണമെന്ന് കോണ്‍ഗ്രസ്, പറ്റില്ലെന്ന് ലീഗ്; ഈരാറ്റുപേട്ടയിൽ കോണ്‍ഗ്രസ് കടുത്ത നിലപാടിൽ
കാർ-ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം; ശബരിമല തീർത്ഥാടകർക്ക് പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു