മരടിലെ ഫ്ലാറ്റ് പൊളിക്കല്‍: മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന്

Published : Sep 17, 2019, 07:01 AM IST
മരടിലെ ഫ്ലാറ്റ് പൊളിക്കല്‍: മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന്

Synopsis

സെപ്തംബര്‍ 20-നുള്ളിൽ തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ പൊളിച്ച് റിപ്പോർട്ട് നൽകാനാണ് സുപ്രീം കോടതിയുടെ അന്ത്യശാസനം. 

തിരുവനന്തപുരം: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നതിലെ അനിശ്ചിതത്വം നീക്കാൻ മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷിയോഗം ഇന്ന് വൈകീട്ട് ചേരും. ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന്റെ പ്രായോഗിക പ്രശ്നങ്ങൾ കേന്ദ്ര സർക്കാർ പിന്തുണയോടെ അറ്റോർണി ജനറലിനെ കൊണ്ട് സുപ്രീംകോടതിയെ അറിയിക്കാനാണ് സംസ്ഥാന സർക്കാറിന്റെ ശ്രമം. വിധി നടപ്പാക്കാൻ ഇതുവരെ സ്വീകരിച്ച നടപടികളും ഫ്ലാറ്റുടമകളുടെ എതിർപ്പും സത്യവാങ്മൂലമായി 20ന് കോടതിയിൽ നൽകും. 

സെപ്തംബര്‍ 20-നുള്ളിൽ തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ പൊളിച്ച് റിപ്പോർട്ട് നൽകാനാണ് സുപ്രീം കോടതിയുടെ അന്ത്യശാസനം. ഒഴിപ്പിക്കാൻ നഗരസഭ നൽകിയ സമയപരിധി തീർന്നിട്ടും ഒരു താമസക്കാർ പൊലും മാറിയിട്ടില്ല. പ്രശ്നം എങ്ങിനെ തീർക്കുമെന്ന അനിശ്ചിതത്വത്തിനിടെയാണ് സർവ്വകക്ഷിയോഗം ചേരുന്നത്.

ഫ്ളാറ്റ് ഉടമകളുടെ കോടതി കേട്ടിട്ടില്ല, ഇത്രയും വലിയ കെട്ടിട്ടങ്ങള്‍ പൊളിക്കുമ്പോള്‍ ഉണ്ടാവുന്ന പാരിസ്ഥിതിക പ്രശ്നം, ചുരുങ്ങിയ സമയത്തിനുള്ളിൽ വിധി നടപ്പാക്കുന്നതിലെ പ്രയാസം എന്നീ കാര്യങ്ങള്‍ കോടതിയെ അറിയിക്കാനാണ് ഇപ്പോഴത്തെ ശ്രമം. വിഷയത്തില്‍ കേന്ദ്ര പരിസ്ഥിതിമന്ത്രാലയവുമായി സംസ്ഥാന സർക്കാർ ആലോചനകൾ തുടങ്ങിയിട്ടുണ്ട്. 

ഇത്രയും വലിയ കെട്ടിട്ടങ്ങള്‍ മുന്നൊരുക്കങ്ങളില്ലാതെ പൊളിച്ചാൽ ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നം കേന്ദ്ര സർക്കാറിൻറെ പിന്തുണയോടെ അറ്റോർണി ജനറൽ വഴി കോടതിയെ അറിയിക്കാനാണ് ശ്രമം. ഇന്ന് ദില്ലിക്ക് തിരിക്കുന്ന ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും കേന്ദ്രസർക്കാർ വൃത്തങ്ങളുമായി സ്ഥിതിഗതികളെ കുറിച്ച് ചർച്ച നടത്തും. പ്രശ്നത്തിൽ ഇടപെടുമെന്ന് ഗവർണ്ണർ നേരത്തെ വ്യക്തമാക്കിയിരുന്നു. 

ഇനിയൊരു റിവ്യു ഹർജിയുടെ സാധ്യതകളെ കുറിച്ച് വ്യത്യസ്തമായ നിയമോപദേശങ്ങളാണ് സംസ്ഥാനത്തിന് കിട്ടിയത്. വിധി നടപ്പാക്കാൻ ഇതുവരെ സ്വീകരിച്ച നടപടികളും താമസക്കാരുടെ എതിർപ്പുമെല്ലാം ചൂണ്ടിക്കാട്ടിയുള്ള സത്യവാങ്മൂലം തയ്യാറാക്കി 20ന് നൽകും. പലതരം നീക്കങ്ങൾ നടക്കുമ്പോഴും ഈ കേസിൽ സുപ്രീം കോടതി ഇതുവരെ സ്വീകരിച്ച കർശന നിലപാടിൽ സംസ്ഥാന സർക്കാറിന് ആശങ്കയുണ്ട്. 

വിധി നടപ്പാക്കുന്നതിൽ യുഡിഎഫിലും എൽഡിഎഫിലും ഭിന്ന നിലപാടുണ്ട്. സിപിഎം താമസക്കാർക്കൊപ്പം നിലയുറപ്പിക്കുമ്പോള്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാണ് സിപിഐയുടെ അഭിപ്രായം. കോൺഗ്രസും ഫ്ളാറ്റിലെ താമസക്കാർക്ക് പിന്തുണ പ്രഖ്യാപിക്കുമ്പോൾ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് കേരള എംപിമാർ അയച്ച കത്തിൽ ഒപ്പിടാതെ ടിഎൻ പ്രതാപനും എൻകെ പ്രേമചന്ദ്രനും വേറിട്ട നിലപാട് പ്രഖ്യാപിക്കുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആ മലയാളികളെ നിയന്ത്രിച്ചിരുന്നത് ചൈനീസ്, കംബോഡിയൻ സംഘങ്ങൾ; ദില്ലിയിലെ സൈബർ തട്ടിപ്പുകേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം